'ആരെങ്കിലും ഫോണ്‍ ഓണ്‍ ചെയ്യൂ, ഇരുട്ടത്ത് ഇങ്ങനെ ഇരിക്കണ്ടല്ലോ?' ഞെട്ടിപ്പിച്ച് പൃഥ്വിരാജ്; വീഡിയോ

9 എങ്ങനെയായിരിക്കുമെന്നതിന്റെ സൂചന തരികയാണ് പേടിപ്പിക്കുന്ന ഒരു വീഡിയോയിലൂടെ പൃഥ്വിരാജ്
'ആരെങ്കിലും ഫോണ്‍ ഓണ്‍ ചെയ്യൂ, ഇരുട്ടത്ത് ഇങ്ങനെ ഇരിക്കണ്ടല്ലോ?' ഞെട്ടിപ്പിച്ച് പൃഥ്വിരാജ്; വീഡിയോ

പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ പുറത്തിറങ്ങുന്ന നയന്‍ ഇന്ന് തീയെറ്ററില്‍ എത്തുകയാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രത്തില്‍ ഒരു അച്ഛന്റേയും മകന്റേയും ഒന്‍പത് ദിവസത്തെ ജീവിതമാണ് പറയുന്നത്. അതിനപ്പുറം ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ചിത്രം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചന തരികയാണ് പേടിപ്പിക്കുന്ന ഒരു വീഡിയോയിലൂടെ പൃഥ്വിരാജ്. 

വൈദ്യുതിയും, ഫോണും വാഹനങ്ങളുമെല്ലാം പ്രവര്‍ത്തന രഹിതമാകുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഓര്‍ക്കാനാവുമോ? എല്ലാം നിശ്ചലമായാല്‍ എന്തായിരിക്കും അവസ്ഥ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് വ്യത്യസ്തമായ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. എന്തായാലും ആരാധകരെ ഞെട്ടിച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ഫിയര്‍ വീഡിയോ എന്ന അടിക്കുറിപ്പില്‍ രണ്ട് ഭാഗങ്ങളായിട്ടാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ എടുക്കാനായി ക്രിസ്തുമസ് ട്രീയ്ക്ക് അരികില്‍ ഇരിക്കുന്ന പൃഥ്വിരാജിനെയാണ് കാണുന്നത്. ഷോട്ട് റെഡിയായി താരം പറഞ്ഞു തുടങ്ങുമ്പോള്‍ പുറകിലെ ലൈറ്റ് അണയാന്‍ തുടങ്ങും. പിന്നീട് വീഡിയോ ഓഫാകും. 

പ്രശ്‌നങ്ങള്‍ പരിഹരിച്ച് രണ്ടാമത്തെ വീഡിയോ എടുക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും വൈദ്യുതി നിശ്ചലമാകും. ആരെങ്കിലും ഫോണിലെ ലൈറ്റ് ഓണ്‍ ചെയ്യാന്‍ താരം ആവശ്യപ്പെടുമ്പോള്‍ ഫോണ്‍ ഓണാവുന്നില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. അവസാനം ഡ്രൈവറോട് വണ്ടി എടുക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതും അനങ്ങുന്നില്ല എന്ന മറുപടിയാണ് ലഭിക്കുന്ന്. ഈ സാഹചര്യത്തെ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം. എന്തായാലും പൃഥ്വിയുടെ പ്രമോഷന്‍ തന്ത്രം ഏറ്റു. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ് ഫിയര്‍ വീഡിയോകള്‍. ഇതുവരെ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷ ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷ ഉയര്‍ന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിരാജിന്റെ പ്രമോഷന്‍ തന്ത്രങ്ങളെ പുകഴ്ത്തുന്നവരും നിരവധിയാണ്. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രം സംവിധാനം ചെയ്യുന്നത് കമലിന്റെ മകന്‍ ജെനുസ് മൊഹമ്മദ് ആണ്. പൃഥ്വിക്കൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, ടോണി ലൂക്ക് ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com