ഗ്രീന്‍ബുക്ക് മികച്ച ചിത്രം ; റമി മലേക് നടന്‍, ഒലീവിയ നടി, ബൊഹീമിയന്‍ റാപ്‌സഡിക്ക് നാല് പുരസ്‌കാരം

മികച്ച ഡോക്യൂമെന്ററി (ഷോര്‍ട്ട്)- പിരീഡ്, എന്‍ഡ് ഓഫ് സെന്റന്‍സ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയതാണ് ഈ ഡോക്യുമെന്ററി
ഗ്രീന്‍ബുക്ക് മികച്ച ചിത്രം ; റമി മലേക് നടന്‍, ഒലീവിയ നടി, ബൊഹീമിയന്‍ റാപ്‌സഡിക്ക് നാല് പുരസ്‌കാരം


ലോസ് ഏഞ്ചല്‍സ് : 2019 ലെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ ചിത്രം ഗ്രീന്‍ ബുക്ക് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. പീറ്റര്‍ ഫറേലിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് മെഹര്‍ഷെലെ അലി മികച്ച സഹനടനുള്ള പുരസ്‌കാരവും നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും ഗ്രീന്‍ബുക്ക് സ്വന്തമാക്കി. റമി മലേകാണ് മികച്ച നടന്‍. ബൊഹീമിയന്‍ റാപ്‌സഡി എന്ന ചിത്രത്തിലെ അഭിനയമാണ് മലേകിന് പുരസ്‌കാരം നേടിക്കൊടുത്തത്. മികച്ച നടി ഒലിവിയ കോള്‍മാന്‍. ചിത്രം ഫേവറിറ്റ്. 

മികച്ച സംവിധായകനുള്ള പുരസ്‌കാരം അല്‍ഫോണ്‍സോ ക്വാറോണ്‍ സ്വന്തമാക്കി. ചിത്രം റോമ. മികച്ച ക്യാമറാമാനുള്ള പുരസ്‌കാരവും ക്വാറോണ്‍ നേടിയിരുന്നു. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും ക്വാറോണ്‍ അണിയിച്ചൊരുക്കിയ റോമ കരസ്ഥമാക്കി. ബ്രിട്ടീഷ് ചിത്രം ബോഹീമിയന്‍ റാപ്‌സഡിയും റോമയും ബ്ലാക്ക് പാന്തറുമാണ് ഓസ്‌കര്‍ നേട്ടത്തില്‍ തിളങ്ങിയത്. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ബോഹീമിയന്‍ റാപ്‌സഡി നാലു പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍, റോമയും ബ്ലാക്ക് പാന്തറും മൂന്ന് അവാര്‍ഡുകള്‍ വീതം നേടി. 

മികച്ച നടന്‍, മികച്ച ശബ്ദലേഖനം, ശബ്ദമിശ്രണം, ചിത്രസംയോജനം എന്നീ പുരസ്‌കാരങ്ങള്‍ എന്നിവ റോപ്‌സഡി നേടിയപ്പോള്‍, മികച്ച വിദേശഭാഷ ചിത്രം, ക്യാമറ, മികച്ച സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങളാണ് മെക്‌സിക്കന്‍ ചിത്രം റോമ കരസ്ഥമാക്കിയത്. മികച്ച സംഗീതം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ പുരസ്‌കാരങ്ങളാണ് ബ്ലാക്ക് പാന്തര്‍ നേടിയത്. 

മികച്ച ഡോക്യൂമെന്ററി (ഷോര്‍ട്ട്)- പിരീഡ്, എന്‍ഡ് ഓഫ് സെന്റന്‍സ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയതാണ് ഈ ഡോക്യുമെന്ററി. ഇറാനിയന്‍ ചലച്ചിത്രകാരിയായ റെയ്കയാണ് ഡോക്യുമെന്ററിയുടെ സംവിധായിക.  നിര്‍ധനരായ സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ എത്തിക്കുന്ന ഉത്തര്‍പ്രദേശിലെ വനിതാ കൂട്ടായ്മയെ കുറിച്ചാണ് ഈ ഡോക്യുമെന്ററി സംസാരിക്കുന്നത്. ആര്‍ത്തവത്തെക്കുറിച്ചുള്ള ബോധവത്ക്കരണം കൂടിയാണ് ചിത്രം. മികച്ച അനിമേഷന്‍ ചിത്രം (ഫീച്ചര്‍ വിഭാഗം) - സ്‌പൈഡര്‍മാന്‍ ഇന്‍ ടു ദ സ്‌പെഡര്‍ വേഴ്‌സ്. മികച്ച അനിമേഷന്‍ ചിത്രം ബാവോ. ( ഷോര്‍ട്ട് വിഭാഗം). 

മികച്ച സഹനടിക്കുള്ള പുരസ്കാരം റജീന കിം​ഗ് നേടി. ചിത്രം ഈഫ് ബീൽ സ്ട്രീറ്റ് കുഡ് ടോക്ക്. മികച്ച സഹനടൻ മഹെർഷല അലി. ചിത്രം ​ഗ്രീൻബുക്ക്. മികച്ച ഡോക്യുമെന്ററി(ഫീച്ചർ) ഫ്രീ സോളോ ( അമേരിക്ക). മികച്ച ചമയം, കേശാലങ്കാരം എന്നി വിഭാ​ഗങ്ങളിലെ പുരസ്കാരം വൈസ് എന്ന ചിത്രം നേടി. ​ഗ്രെ​ഗ് ക്യാനം, കേ്റ്റ് ബിസ്കോ, പെട്രീഷ്യ ഡിഹാനെ എന്നിവർക്കാണ് പുരസ്കാരം. 

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം റൂത്ത് കാർട്ടർ നേടി. ചിത്രം ബ്ലാക്ക് പാന്തർ.  മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഹനാ ബീച്ച്ലർ ചിത്രം ബ്ലാക്ക് പാന്തർ. മികച്ച ക്യാമറാമാൻ അൽഫോൺസോ ക്വാറോൺ. ചിത്രം റോമ. മികച്ച വിദേശഭാഷാ ചിത്രം റോമ. നെറ്റ് ഫ്ലിക്സ് ചിത്രമാണ് റോമ. ഇത് ആദ്യമായാണ് നെറ്റ് ഫ്ലിക്സ് ചിത്രം ഓസ്കർ പുരസ്കാരത്തിന് ഇടംപിടിക്കുന്നത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മെക്സിക്കൻ ചിത്രമാണ് റോമ. മികച്ച ക്യാമറാമാനുള്ള പുരസ്കാരം നേടിയ അൽഫോൺസോ ക്വാറോണാണ് ചിത്രത്തിന്റെ സംവിധായകൻ.  

മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം ബോഹീമിയന്‍ റാപ്‌സഡി സ്വന്തമാക്കി. ജോണ്‍വാര്‍ഹസ്റ്റ്, നിന ഹാര്‍സ്‌റ്റോണ്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരവും ബൊഹീമിയന്‍ റാപ്‌സഡി സ്വന്തമാക്കി. പോള്‍ മാസ്സെയ്, ടിം കവാജിന്‍, ജോണ്‍ കസാലി എന്നിവര്‍ക്കാണ് ശബ്ദമിശ്രണത്തിന് പുരസ്‌കാരം ലഭിച്ചത്. മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്‌കാരവും ബൊഹീമിയന്‍ റാപ്‌സഡി നേടി. ജോണ്‍ ഓട്ട്മാനാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

മികച്ച വിഷ്വല്‍ എഫക്ട്‌സ് ഫസ്റ്റ്മാന്‍ എന്ന ചിത്രം കരസ്ഥമാക്കി. പോള്‍ ലാംബെര്‍ട്ട്, ഇയാന്‍ ഹണ്ടര്‍, ട്രിസ്റ്റന്‍ മൈല്‍സ്, ജെ ഡി ഷ്വാം എന്നിവരാണ് പുരസ്‌കാരം നേടിയത്. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ സ്‌കിന്‍ എന്ന ചിത്രം അവാര്‍ഡ് നേടി. ഗയ് നട്ടീവ്, ജെയ്മി റേ ന്യൂമാന്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 

മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം)- ഗ്രീന്‍ബുക്ക്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ നിക്ക് വെല്ലെലോംഗ, ബ്രയാന്‍ക്യൂറി, പീറ്റര്‍ ഫറെലി എന്നിവര്‍ക്കാണ് പുരസ്‌കാരം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡ് - ബ്ലാക്ക് ലാന്‍സ്മാന്‍ എന്ന ചിത്രത്തിന്. ചാര്‍ളി വാച്ചെല്‍, ഡേവിഡ് റാബിനോവിറ്റ്‌സ്, കെവിന്‍ വില്‍മോട്ട്, സ്‌പൈക് ലീ എന്നിവര്‍ക്കാണ് പുരസ്‌കാരം. 

മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം (ഒറിജിനല്‍) ബ്ലാക്ക് പാന്തര്‍ നേടി. സംഗീതമൊരുക്കിയ ലുഡ് വിഗ് ഗോരാന്‍സണാണ് അവാര്‍ഡ് സ്വന്തമാക്കിയത്. മികച്ച ഗാനം (ഒറിജിനല്‍) -ഷാലോ  ( എ സ്റ്റാര്‍ ഈസ് ബോണ്‍). രചനയ്ക്കും സംഗീതത്തിനും ലേഡി ഗാഗ, മാര്‍ക് റോണ്‍സണ്‍, ആന്റണി റോസോമാന്‍ഡോ, ആന്‍ഡ്രൂ വാറ്റ് എന്നിവര്‍ക്കാണ് അവാര്‍ഡ്. 

ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് 91-ാം ഓസ്കാർ പുരസ്കാര പ്രഖ്യാപനം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അവസാന തീയതി. ഇത്തവണ 7902 പേരാണ് നിര്‍ണ്ണായകമായ വോട്ട് ചെയ്തത്. അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ് ഓസ്‌കര്‍ അവാര്‍ഡ്. അവതാരകനില്ലാതെയാണ് ഇത്തവണത്തെ ഓസ്കര്‍ പ്രഖ്യാപനം.1989 ന് ശേഷം ഇത് ആദ്യമായിട്ടാണ് അവതാരകനില്ലാതെ ഓസ്കര്‍ പ്രഖ്യാപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com