'റിയാലിറ്റി ഷോകളുടെ ഏഴയലത്ത് ഞാന്‍ പോകില്ല'; ഇളയരാജയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്ന് യേശുദാസ്

'ഒരു ഗാനം എന്ന് പറയുന്നത് ഒരു കൂട്ടം ആളുകളുടെ പ്രയത്‌നത്തിലൂടെ ഉണ്ടാകുന്നതാണ്. പിന്നെ എങ്ങനെയാണ് ഒരാള്‍ക്ക് മാത്രം റോയല്‍ട്ടി കൊടുക്കുക?'
'റിയാലിറ്റി ഷോകളുടെ ഏഴയലത്ത് ഞാന്‍ പോകില്ല'; ഇളയരാജയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്ന് യേശുദാസ്

റിയാലിറ്റി ഷോകള്‍ തനിക്ക് പറ്റിയവ അല്ലെന്ന് ഗാനഗന്ധര്‍വന്‍ യേശുദാസ്. അത്തരം പരിപാടികളുടെ ഏഴയലത്ത് താന്‍ പോകാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍. 

'അത് എനിക്ക് പറ്റിയ പരിപാടി അല്ല. ഞാന്‍ വളരെ വേഗതകുറഞ്ഞ ആളാണ്. പരിപൂര്‍ണമായ ശ്രദ്ധയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്നത്തെ മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും വളരെ പെട്ടെന്ന് പൂര്‍ണത കിട്ടണമെന്ന ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ അത്തരം പരിപാടികളുടെ അടുത്തുപോലും ഞാന്‍ പോകാറില്ല' അദ്ദേഹം പറഞ്ഞു. 

സംഗീത സംവിധായതന്‍ ഇളയരാജയുടെ റോയല്‍റ്റി വിഷയത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. ഒരു ഗാനം എന്ന് പറയുന്നത് ഒരു കൂട്ടം ആളുകളുടെ പ്രയത്‌നത്തിലൂടെ ഉണ്ടാകുന്നതാണ്. പിന്നെ എങ്ങനെയാണ് ഒരാള്‍ക്ക് മാത്രം റോയല്‍ട്ടി കൊടുക്കുക എന്നാണ് യേശുദാസിന്റെ ചോദ്യം. 

'വിദേശങ്ങളില്‍ ഒരു ഗാനം എഴുതുന്നതും സംഗീതം നല്‍കുന്നതും ആലപിക്കുന്നതുമെല്ലാം ഒരു വ്യക്തി തന്നെയായിരിക്കും. എന്നാല്‍ നമ്മുടെ കാര്യം ഇങ്ങനെയല്ല. സംഗീത സംവിധായകനെ കൂടാതെ എഴുത്തുകാരും ഗായകരും വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും, ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുമെല്ലാം ഉണ്ട്. ഇതൊരു കൂട്ടായ പ്രവര്‍ത്തനമാണ്. എല്ലാവര്‍ക്കും അവരവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പ്രതിഫലവും കിട്ടും. പിന്നെ എങ്ങനെയാണ് ഗാനം ഒരാളുടെ മാത്രമാകുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുന്നതിന് ഗായകര്‍ അധിക തുക നല്‍കണം എന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരു ഗാനം പ്രശസ്തമാക്കുന്നതില്‍ ഗായകനുള്ള പങ്ക് ആര്‍ക്കും തള്ളിക്കളയാന്‍ ആവില്ല. ഗായകര്‍ വെറും ജോലിക്കാരാണെന്ന് കരുതുന്നുണ്ടെങ്കില്‍ സംഗീത സംവിധായകര്‍ സ്വന്തമായി പാട്ടുപാടി, പ്രശസ്തമാക്കട്ടെ.' യേശുദാസ് പറഞ്ഞു. 

എന്നാല്‍ താന്‍ അവതരിപ്പിക്കുന്ന പരിപാടികളില്‍ രാജയുടെ ഗാനങ്ങള്‍ ആലപിക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. പരിപാടിയുടെ സംഘാടകര്‍ രാജ സാറിന്റെ അനുവാദം വാങ്ങിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ പാട്ട് പാടാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഇളയരാജയുടെ ഒരു പാട്ട് പോലും പാടാതെ താന്‍ പരിപാടി നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്. പ്രക്ഷകരെ പിടിച്ചിരുത്താന്‍ പറ്റുന്ന തരത്തിലുള്ള നിരവധി സംവിധായകര്‍ ഉണ്ടെന്നും അതുകൊണ്ട് പേടിക്കേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇളയരാജയുമായി താനും മികച്ച ബന്ധമാണുള്ളതെന്നും എന്നാല്‍ എസ്പി ബാലസുബ്രഹ്മണ്യവുമായുള്ള പ്രശ്‌നം തന്നെ വളരെ അധികം വിഷമിപ്പിച്ചെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം എന്നെ അണ്ണ എന്നാണ് വിളിക്കുന്നത്. തന്റെ സംവിധാനത്തിലുള്ള ഗാനം ആലപിക്കണമെങ്കില്‍ പണം നല്‍കണെന്ന് പറഞ്ഞ് ബാലുവിന്റെ പരിപാടി നിര്‍ത്തിച്ചത് തന്നെ വളരെ വിഷമിപ്പിച്ചു. എനിക്ക് അവരുടെ ബന്ധം അറിയാം. ബാലുവും രാജ സാറും തമ്മില്‍ വളരെ അടുപ്പമാണ്. അതിനാല്‍ തന്റെ മനസില്‍ അത് വല്ലാതെ മുറിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com