ഇത് താന്‍ ഡാ ദളപതി ഫാന്‍സ്!; അധ്യാപകരുടെ സമരം കാരണം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കായി സ്വന്തം നിലയ്ക്ക് അധ്യാപകരെ നിയമിച്ച് വിജയ് ആരാധകര്‍

കട്ടൗട്ട് സംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ് തമിഴ്‌നാട്ടിലെ താരാരാധന കൂട്ടത്തിന്റേതായി പുറത്തുവരുന്നത്
ഇത് താന്‍ ഡാ ദളപതി ഫാന്‍സ്!; അധ്യാപകരുടെ സമരം കാരണം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കായി സ്വന്തം നിലയ്ക്ക് അധ്യാപകരെ നിയമിച്ച് വിജയ് ആരാധകര്‍

മിഴ്‌നാട്ടിലെ പല തരത്തിലുള്ള താരാരാധന പ്രസിദ്ധമാണ്. പടുകൂറ്റന്‍ കട്ടൗട്ടുകളും പാലഭിഷേകവും താരങ്ങള്‍ക്കായുള്ള ക്ഷേത്രവും ചിത്രങ്ങള്‍ പരാജയപ്പെടുമ്പോഴുണ്ടാകുന്ന ആത്മഹത്യകളും എല്ലാം തമിഴ്‌നാട്ടിലെ അതിരു കടക്കുന്ന താരാരാധന വാര്‍ത്തകളായി പുറംലോകത്ത് എത്താറുണ്ട്. ഇപ്പോള്‍ കട്ടൗട്ട് സംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ് തമിഴ്‌നാട്ടിലെ താരാരാധന കൂട്ടത്തിന്റേതായി പുറത്തുവരുന്നത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍മാരില്‍ മുന്‍പന്തിയിലുള്ള വിജയുടെ ആരാധകരാണ് പുതിയ പ്രവൃത്തി കൊണ്ട് കയ്യടി നേടുന്നത്. പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ് വിജയ് ഫാന്‍സ്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്ക് പ്രതികൂലമായി ബാധിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് കൈത്താങ്ങാവാനാണ് വിജയ് ഫാന്‍സിന്റെ ശ്രമം. അധ്യാപകരുടെ പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികളെയാണ്. 

മറ്റു സ്‌കൂളുകളെ പോലെ, തൊണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തിരുപ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലും സമരം കാരണം ക്ലാസുകള്‍ മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ട് അധ്യാപകരെ നിയമച്ചിരിക്കുകയാണ് വിജയ് ആരാധകര്‍. പിരിവെടുത്ത് ഇവര്‍ക്ക് ശമ്പളം നല്‍കാനും ഫാന്‍സ് അയോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിജയ് ഫാന്‍സിന്റെ ഈ നീക്കത്തിന് രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 

വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നതിലും ആഗ്രങ്ങള്‍ സഫലമാകാതെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്നതിനും എതിരെ വിജയ് തന്നെ നേരിട്ട് പ്രതികരണവുമായി പലപ്പോഴായ് രംഗത്തെത്തിയിരുന്നു. പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും നീറ്റ് പരീക്ഷയിലൂടെ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അനിതയുടെ വീട്ടില്‍ വിജയ് എത്തിയതും സംഭവത്തിന് എതിരെ പ്രതിഷേധിച്ചതും വലിയ വാര്‍ത്തയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com