'എനിക്ക് ബ്രെയിന്‍ ട്യൂമറാണ്, ജീവിച്ചിരിക്കുമ്പോള്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു'; വെളിപ്പെടുത്തലുമായി അനന്തകുമാര്‍

2014 ല്‍ വലതു ചെവിടുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയത്
'എനിക്ക് ബ്രെയിന്‍ ട്യൂമറാണ്, ജീവിച്ചിരിക്കുമ്പോള്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു'; വെളിപ്പെടുത്തലുമായി അനന്തകുമാര്‍

ഹൃത്വിക് റോഷന്‍ പ്രധാന കഥാപാത്രമായി എത്തിയ സൂപ്പര്‍ 30 റിലീസിന് ഒരുങ്ങുകയാണ്. നീണ്ട് കാത്തിരിപ്പിനൊടുവിലാണ് ചിത്രം എത്തുന്നത്. ബിഹാറിലെ ഗണിതശാസ്ത്രജ്ഞനായ അനന്തകുമാറിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. പാവപ്പെട്ട കുട്ടികള്‍ക്ക് കോച്ചിങ് ക്ലാസുകള്‍ നല്‍കി അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിനായി. ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അനന്തകുമാര്‍. 

തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചിത്രം റിലീസ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 'സിനിമ വളരെപ്പെട്ടന്ന് തന്നെ പൂര്‍ത്തിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മരണം എന്നുവരുമെന്ന് നമുക്ക് പ്രവചിക്കാനാകില്ല. ഞാന്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ എന്റെ ബയോപിക് എടുക്കണമെന്ന് ആത്മാര്‍ഥമായി ഞാന്‍ ആഗ്രഹിച്ചിരുന്നു.' അദ്ദേഹം വ്യക്തമാക്കി. 

2014 ല്‍ വലതു ചെവിടുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയത്. ആദ്യം ഒരുപാട് മരുന്നുകള്‍ കഴിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. പാട്‌നയില്‍ നടത്തിയ പരിശോധനയില്‍ ചെവിയുടെ 80-90 ശതമാനം കേള്‍വി ശക്തിയും നഷ്ടമായതായി കണ്ടെത്തി. തുടര്‍ന്നാണ് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിയത്. അവിടെ നടത്തിയ വിവിധ പരിശോധനയില്‍ നിന്ന് ചെവിയ്ക്ക് പ്രശ്‌നമില്ലെന്നും ട്യൂമര്‍ കണ്ടെത്തിയതായവും പറഞ്ഞു. ചെവിക്കും തലച്ചോറിനും ഇടയിലുള്ള നാഡിയിലാണ് ട്യൂമര്‍. താന്‍ ഇപ്പോഴും ചികിത്സയിലാണെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഹൃത്വിക്കിന് അല്ലാതെ മറ്റാര്‍ക്കും മനോഹരമായി തന്റെ ജീവിതം അഭിനയിക്കാനാവില്ലെന്നാണ് അനന്തകുമാര്‍ പറയുന്നത്. സിനിമയ്ക്കായി ഹൃത്വിക് റോഷനെടുത്ത കഷ്ടപ്പാടിനെയും സമര്‍പ്പണത്തേയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. തന്റെ ജീവിതം യഥാര്‍ത്ഥ രീതിയില്‍ തന്നെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും വ്യക്തമാക്കി. താന്‍ തിരക്കഥ 13 തവണ വായിച്ചെന്നും അദ്ദേഹം പറഞ്ഞു. അനന്തകുമാറിന്റെ 150 മണിക്കൂറിന്റെ വീഡിയോ എടുത്തുകൊണ്ടുപോയി അതിന് അനുസരിച്ചാണ് ഹൃത്വിക് അഭിനയിച്ചത്. ജൂലൈ 12 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com