അന്ന് നൂറ് രൂപ പോലും തികച്ചെടുക്കാനില്ല, 'നയാ പൈസയില്ല കയ്യില്‍ നയാ പൈസയില്ല', ഇതായിരുന്നു റിങ്‌ടോണ്‍; ടൊവിനോ

തന്റെ ജീവിതത്തിലും കയ്യില്‍ പണമില്ലാതിരുന്ന കാലമുണ്ടായിരുന്നെന്ന് താരം ഓര്‍മ്മിക്കുന്നു
അന്ന് നൂറ് രൂപ പോലും തികച്ചെടുക്കാനില്ല, 'നയാ പൈസയില്ല കയ്യില്‍ നയാ പൈസയില്ല', ഇതായിരുന്നു റിങ്‌ടോണ്‍; ടൊവിനോ

ന്ന് മലയാള സിനിമയില്‍ യുവതാരങ്ങളില്‍ മുന്‍നിരയില്‍ തന്നെ വരും ടൊവിനോ തോമസിന്റെ പേര്. ചെയ്യുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടി മുന്നിട്ടുനില്‍ക്കുന്നു എന്നതാണ് ടൊവിനോയെ വ്യത്യസ്തനാക്കുന്നത്. സിനിമയിലെന്ന പോലെ പൊതുപ്രശ്‌നങ്ങളിലും തന്റെ അഭിപ്രായം തുറന്നുപറയാന്‍ ടൊവിനോ മടി കാണിക്കാറില്ല. പ്രളയക്കാലത്ത് ഒരു കലാകാരന്‍ മനുഷ്യസ്‌നേഹി കൂടിയായിരിക്കണമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കടന്നുവന്ന ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ തുറന്നുപറയുകയാണ് താരം.

തന്റെ ജീവിതത്തിലും കയ്യില്‍ പണമില്ലാതിരുന്ന കാലമുണ്ടായിരുന്നെന്ന് താരം ഓര്‍മ്മിക്കുന്നു.കുടുംബവും  സൗഹൃദങ്ങളുമാണ് അക്കാലത്ത് കൂടെയുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇഷ്ടമില്ലാത്ത ജോലി എത്രയും വേഗം ഉപേക്ഷിക്കണമെന്നും പാഷനെ പിന്തുടരണമെന്നും ഉപദേശിച്ച ചേച്ചിയും ജോലിയില്ലാതിരുന്ന കാലത്ത് കൂടെ നിന്ന് സഹായിച്ച ചേട്ടനുമൊക്കെയാണ് ഇന്ന് നാം കാണുന്ന ടൊവിനോയുടെ വിജയങ്ങളുടെ പിന്നില്‍. ചേട്ടന്റെ വിവാഹസമയത്ത് പണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുകയും അപ്രതീക്ഷിതമായി ഒരു സിനിമ ലഭിക്കുകയും ചെയ്ത സംഭവവും ടൊവിനോ ഓര്‍ത്തെടുക്കുന്നു.  എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ അഡ്വാന്‍സ് ആണ് അന്ന് തന്നെ രക്ഷിച്ചതെന്ന് ടൊവിനോ തുറന്നുപറയുന്നു.

'എന്റെ കല്യാണത്തിന് രണ്ടു മാസം മുന്‍പായിരുന്നു ചേട്ടന്റെ കല്യാണം. എന്റെ കയ്യില്‍ പത്ത് പൈസയില്ല. എന്നിരുന്നാലും ഒരുപാട് സിനിമകള്‍ വരുമെന്ന പ്രതീക്ഷയില്‍ ചേട്ടന് ഞാന്‍ ഒരു വാക്ക് കൊടുത്തു. കല്യാണത്തിനും മനസമ്മതത്തിനുമുള്ള സ്യൂട്ട് ഞാന്‍ വാങ്ങിനല്‍കും. അതായിരുന്നു എന്റെ വാദ്ഗാനം. അങ്ങനെ കല്യാണ തിയ്യതി അടുത്തു വന്നു. എന്റെ അക്കൗണ്ടിലാണെങ്കില്‍ നൂറ് രൂപ പോലും തികച്ചെടുക്കാനില്ലായിരുന്നു. ചേട്ടനോട് പോലും ഞാന്‍ അത് പറഞ്ഞില്ല. 10,000 രൂപയെങ്കിലും സ്യൂട്ടിന് ചെലവാകുമെന്ന് എനിക്കറിയാം. കാശില്ലാത്തത് കൊണ്ട് 'നയാപൈസയില്ല കയ്യില്‍ നയാ പൈസയില്ല' അതായിരുന്നു എന്റെ റിങ് ടോണ്‍. ദാരിദ്ര്യം സ്വയം അംഗീകരിച്ച് പൊരുത്തപ്പെട്ട് ജീവിക്കുകയാണ്. ആ സമയത്ത് കൃത്യമായി എന്ന് നിന്റെ മൊയ്തീന്റെ അഡ്വാന്‍സ് ലഭിക്കുകയും റിങ് ടോണ്‍ ഹാപ്പി ടോണാക്കുകയും ചെയ്തു. അങ്ങനെ വാക്കു പാലിക്കാന്‍ പറ്റി'- ടൊവിനോ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com