വിജയ് സേതുപതിയെ ക്രിക്കറ്റ് പഠിപ്പിക്കാന്‍ മുത്തയ്യ മുരളിധരന്‍, ഇത് ഭാഗ്യമെന്ന് മക്കള്‍ സെല്‍വന്‍; പൊടിപൊടിക്കും '800'

ശീപതി രംഗസ്വാമി തമിഴില്‍ ഒരുക്കുന്ന ചിത്രം വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തും
വിജയ് സേതുപതിയെ ക്രിക്കറ്റ് പഠിപ്പിക്കാന്‍ മുത്തയ്യ മുരളിധരന്‍, ഇത് ഭാഗ്യമെന്ന് മക്കള്‍ സെല്‍വന്‍; പൊടിപൊടിക്കും '800'

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ശീപതി രംഗസ്വാമി തമിഴില്‍ ഒരുക്കുന്ന ചിത്രം വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തും. 

ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം വജയ് സേതുപതിയും മറച്ചുവച്ചില്ല. ലോകശ്രദ്ധയാകര്‍ഷിച്ച ഒരു ഇതിഹാസതാരത്തെ 
അവതരിപ്പിക്കാന്‍ ലഭിച്ച അവസരത്തെ ഭാഗ്യമായാണ് കരുതുന്നതെന്നാണ് വിജയ് പറഞ്ഞത്. "മുരളിയായി അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. മുരളി സിനിമയുമായി അടുത്ത് പ്രവര്‍ത്തിക്കും എന്നറിഞ്ഞതിലും എനിക്ക് ക്രിക്കറ്റ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹമുണ്ടാകും എന്നതിലും ഒരുപാട് സന്തോഷം", താരം പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് മുരളിയോടും നിര്‍മ്മാകതാക്കളോടും നന്ദിപറഞ്ഞായിരുന്നു വജയ് യുടെ വാക്കുകള്‍. 

വിജയ് സേതുപതി തന്നെ അവതരിപ്പിക്കുന്നു എന്നത് അഭിമാനം പകരുന്നതാണെന്നാണ് മുത്തയ്യ മുരളീധരന്റെ പ്രതികരണം. കഴിഞ്ഞ കുറച്ച് മാസങ്ങളുമായി താന്‍ ചിത്രത്തോട് സഹകരിക്കുകയാണെന്നും അത് ഇനിയും തുടരുമെന്നും മുരളി പറഞ്ഞു. 

'800' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ ഷൂട്ടിങ് ആരംഭിക്കും. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിലായിട്ടാകും സിനിമ ചിത്രീകരിക്കുക. 

ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. സിനിമയുടെ ടൈറ്റിലും 800 എന്നായത് അതിനാലാണ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റുകളോടെ ടെസ്റ്റിലേയും, 534 വിക്കറ്റുകളോടെ ഏകദിനത്തിലേയും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 1972 ല്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ ജനിച്ച മുരളി 133 ടെസ്റ്റ് മത്സരങ്ങളിലും, 350 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com