സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു (ചിത്രങ്ങൾ) 

ജെ സി ഡാനിയല്‍ പുരസ്‌കാരം നടി ഷീല മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി
ചിത്രങ്ങള്‍: വിന്‍സെന്റ് പുളിക്കല്‍
ചിത്രങ്ങള്‍: വിന്‍സെന്റ് പുളിക്കല്‍

തിരുവനന്തപുരം: നാല്‍പ്പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളും കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്കാരവും വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. 

ജെ സി ഡാനിയല്‍ പുരസ്‌കാരം നടി ഷീല മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ചലച്ചിത്രമേഖലയിലെ പന്ത്രണ്ട് മുതിര്‍ന്ന കലാകാരന്‍മാരെ വേദിയില്‍ പ്രത്യേകം ആദരിച്ചു. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹരായ ജയസൂര്യ, സൗബിൻ സാഹിർ(മികച്ച നടൻ), നിമിഷ സജയൻ (മികച്ച നടി), ജോജു ജോര്‍ജ്ജ്(മികച്ച സ്വഭാവ നടന്‍), സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി(മികച്ച സ്വഭാവനടി), ശ്യാമ പ്രസാദ്(മികച്ച സംവിധായകൻ), അബനി ആദി (മികച്ച ബാലതാരം) എന്നിവര്‍ അവാർഡുകൾ ഏറ്റുവാങ്ങി. 

ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സൗബിന് അവാർഡ് നേടിക്കൊടുത്തത്. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് നിമിഷയെ പുരസ്‌കാരം തേടിയെത്തിയത്. 

ചടങ്ങില്‍ ജലവിഭവവകുപ്പ് മന്ത്രി കെ കെ ശിവന്‍കുട്ടി, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, കൃഷിമന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍, സഹകരണ ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഒ രാജഗോപാല്‍ എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ്, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാര്‍ എന്നിവരും സംബന്ധിച്ചു. 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയവര്‍

മികച്ച നടന്‍:  ജയസൂര്യയും (ക്യാപ്റ്റന്‍ ഞാന്‍ മേരിക്കുട്ടി) സൗബിന്‍ ഷാഹിറും (സുഡാനി ഫ്രം നൈജീരിയ)
മികച്ച നടി: നിമിഷ സജയന്‍ (ചോല, ഒരു കുപ്രസിദ്ധ പയ്യന്‍)
മികച്ച സ്വഭാവ നടന്‍: ജോജു ജോര്‍ജ് (ജോസഫ്, ചോല)
മികച്ച സംവിധായകന്‍ :ശ്യാമപ്രസാദ് (ഒരു ഞായറാഴ്ച)
മികച്ച നവാഗത സംവിധായകന്‍: സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച തിരക്കഥാകൃത്തുക്കള്‍: മുഹ്‌സിന്‍ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച സ്വഭാവനടിമാര്‍: സാവിത്രി ശ്രീധരന്‍, സരസ്സ ബാലുശ്ശേരി
മികച്ച ചലച്ചിത്ര ഗ്രന്ഥം: എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച സിനിമ: കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍, സംവിധായകന്‍ -ഷെരീഫ്.സി
മികച്ച രണ്ടാമത്തെ ചിത്രം: ഒരു ഞായറാഴ്ച, സംവിധായകന്‍- ശ്യാമപ്രസാദ്
ജനപ്രീതിയും കലാമേന്‍മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം: സുഡാനി ഫ്രം നൈജീരിയ, സംവിധായകന്‍-സക്കറിയ, നിര്‍മാതാക്കള്‍- ഷൈജു ഖാലിദ്, സമീര്‍ താഹിര്‍
മികച്ച കഥാകൃത്ത്: ജോയ് മാത്യു (അങ്കിള്‍)
മികച്ച ഛായാഗ്രാഹകന്‍: കെ യു മോഹനന്‍ (കാര്‍ബണ്‍)
മികച്ച തിരക്കഥാകൃത്ത്: മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലനടന്‍: മാസ്റ്റര്‍ റിഥുന്‍(അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച ബാലനടി: അബനി  ആദി (പന്ത്)
മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ്, പൂമുത്തോളെ (ജോസഫ്)
മികച്ച ഗായിക: ശ്രേയാ ഘോഷാല്‍, നീര്‍മാതളപ്പൂവിനുള്ളില്‍ (ആമി)
മികച്ച സിങ്ക് കൌണ്ട്: അനില്‍ രാധാകൃഷ്ണന്‍
ഛായാഗ്രാഹണം (ജൂറി പരാമര്‍ശം) : മധു അമ്പാട്ട് (പനി, ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു)
മികച്ച കുട്ടികളുടെ ചിത്രം: അങ്ങനെ അകലെ ദൂരെ

മികച്ച സംഗീത സംവിധായകന്‍: വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍)
മികച്ച ഗാനരചയിതാവ്: ബി.കെ ഹരിനാരായണന്‍ (തീവണ്ടി)
മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍ (ആമി)
മികച്ച കലാസംവിധായകന്‍: വിനേഷ് ബംഗ്ലാല്‍ (കമ്മാരസംഭവം)
മികച്ച ശബ്ദമിശ്രണം: സിനോയ് ജോസഫ് (കാര്‍ബണ്‍)
മികച്ച ശബ്ദ ഡിസൈന്‍: ജയദേവന്‍.സി (കാര്‍ബണ്‍)
മികച്ച ചിത്രസംയോജകന്‍: അരവിന്ദ് മന്‍മദന്‍ (ഒരു ഞായറാഴ്ച)
മികച്ച മേക്ക്അപ്പ്മാന്‍: റോണക് സേവ്യര്‍ (ഞാന്‍ മേരിക്കുട്ടി)
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (കമ്മാരസംഭവം)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: ഷമ്മി തിലകന്‍ (ഒടിയന്‍-പ്രകാശ് രാജ്)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍): സ്നേഹ .എം (ലില്ലി)
മികച്ച നൃത്തസംവിധായകന്‍: സി. പ്രസന്ന സുജിത്ത് (അരവിന്ദന്റെ അതിഥികള്‍)
മികച്ച ലബോറട്ടറി/ കളറിസ്റ്റ്: പ്രൈം ഫോക്കസ്, മുംബൈ (കാര്‍ബണ്‍)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

സംവിധാനം: സന്തോഷ് മണ്ടൂര്‍, ചിത്രം- പനി
സംവിധാനം: സനല്‍കുമാര്‍ ശശിധരന്‍, ചിത്രം- ചോല
സൗണ്ട് ഡിസൈന്‍: സനല്‍കുമാര്‍ ശശിധരന്, ചിത്രം-ചോല
അഭിനയം: കെ.പി.എ.സി ലീല, ചിത്രം- രൗദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com