'നിരൂപകര്‍ നല്ലതു പറയുമ്പോള്‍ പേടി, ബോക്‌സ് ഓഫിസില്‍ എന്തു കിട്ടി എന്നതിലാണ് കാര്യം': സല്‍മാന്‍ ഖാന്‍

ബോക്‌സ് ഓഫീസ് കളക്ഷനില്‍ നിന്നാണ് പ്രേക്ഷകര്‍ക്ക് തന്റെ ചിത്രം ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് താന്‍ വിലയിരുത്തുന്നത് എന്നാണ് സല്‍മാന്‍ പറയുന്നത്
'നിരൂപകര്‍ നല്ലതു പറയുമ്പോള്‍ പേടി, ബോക്‌സ് ഓഫിസില്‍ എന്തു കിട്ടി എന്നതിലാണ് കാര്യം': സല്‍മാന്‍ ഖാന്‍

മുംബൈ; സല്‍മാന്‍ ഖാന്‍ നായകനായ ഭാരത് ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 200 കോടി ക്ലബ്ബിലേക്കുള്ള കുതിപ്പിലാണ് ചിത്രം. ബോക്‌സ് ഓഫീസ് കളക്ഷനില്‍ നിന്നാണ് പ്രേക്ഷകര്‍ക്ക് തന്റെ ചിത്രം ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് താന്‍ വിലയിരുത്തുന്നത് എന്നാണ് സല്‍മാന്‍ പറയുന്നത്. നിരൂപകര്‍ തന്റെ ചിത്രങ്ങള്‍ പ്രകീര്‍ത്തിക്കുന്നത് കേള്‍ക്കുമ്പോള്‍ പേടി തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിരൂപകര്‍ പറയുന്നത് താന്‍ കാര്യമാക്കാറില്ലെന്നും പ്രേക്ഷക പ്രതികരണമാണ് ശ്രദ്ധിക്കുന്നതെന്നും സല്‍മാന്‍ വ്യക്തമാക്കി. എന്റെ സിനിമകള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് ഞാന്‍ വിലയിരുത്തുന്നത് ബോക്‌സ് ഓഫീസ് കളക്ഷന്‍ നോക്കിയാണ്. നിരൂപകര്‍ ഒരുപാട് സ്റ്റാറുകള്‍ എന്റെ ചിത്രത്തിന് നല്‍കിയതുകൊണ്ടോ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതുകൊണ്ടോ ഇത് മാറില്ല. അത് അവരുടെ അന്നമാണ്. ദൈവം അവരെ അനുഗ്രഹിക്കും. രണ്ട് ബ്രഡ് അധികം അവര്‍ക്ക് ലഭിക്കും.' സല്‍മാന്‍ പറഞ്ഞു. 

നിരൂപക പ്രശംസ ലഭിക്കുന്നത് തന്നെ ഭയപ്പെടുത്താറുണ്ടെന്നാണ് സല്‍മാന്‍ പറയുന്നത്. 'അവര്‍ എന്തിനാണ് ആ സ്റ്റാറുകള്‍ തന്നതെന്ന് ഞാന്‍ ആലോചിക്കും. കാരണം നിരൂപകരുടെ ചിന്ത ഒരിക്കലും പ്രേക്ഷകരുടെ ചിന്തയുമായി യോജിക്കാറില്ല.'അതിനാല്‍ ചിത്രം തീയെറ്ററില്‍ തകര്‍ന്നടിയുമോ എന്ന് താന്‍ ഭയക്കാറുണ്ടെന്നാണ് താരം പറയുന്നത്. തിരക്കഥ നോക്കിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും സല്‍മാന്‍ പറഞ്ഞു. 
തീയെറ്ററില്‍ എത്തുന്ന പ്രേക്ഷകര്‍ സ്വന്തം ജീവിതം മറന്ന് സിനിമ ആസ്വദിക്കണമെന്നാണ് താരം ആഗ്രഹിക്കുന്നത്. ഹീറോയിസം കൊണ്ടോ നല്ലൊരു മനുഷ്യനായിട്ടോ വേണം അവര്‍ തീയെറ്റര്‍ വിടാന്‍. ഒരു സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്നത് ഇതൊക്കെയാണ്. സല്‍മാന്‍ വ്യക്തമാക്കി. 

ചിത്രം വിജയിപ്പിച്ച പ്രേക്ഷകര്‍ തന്റെ ഈദ് മികച്ചതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്രിപ്റ്റിലെ ചില സീനുകള്‍ തനിക്ക് ഫീല്‍ ചെയ്തില്ലെന്നും അതിനാല്‍ സംവിധായകനും തിരക്കഥാകൃത്തിനുമൊപ്പം കുറേനേരം ഇരിക്കേണ്ടതായി വന്നെന്നുമാണ് താരം പറയുന്നത്. ഇത് മോശം നടന്റെ ഗുണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതാഭ് ബച്ചനോ ദിലീപ് കുമാറിനോ എന്ത് മോശം സീന്‍ കൊടുത്താലും അത് വരുടേതായ രീതിയില്‍ മെച്ചപ്പെടുത്തി അവതരിപ്പിക്കും. എന്നാല്‍ തനിക്ക് അതിനായി കഷ്ടപ്പെടേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലി അബ്ബാസ് സഫറാണ് ഭരത് സംവിധാനം ചെയ്തത്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com