അടൂര്‍ നിലവാരം താഴ്ത്തിയോ, അതോ നിങ്ങള്‍ ആ സ്റ്റാന്‍ഡാര്‍ഡിലേക്ക് എത്തിയോ? അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ സംവിധായകന്‍ പരിഹസിച്ചു; തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്

ഓ, നിങ്ങള്‍ അടൂരിന്റെ പടത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ
അടൂര്‍ നിലവാരം താഴ്ത്തിയോ, അതോ നിങ്ങള്‍ ആ സ്റ്റാന്‍ഡാര്‍ഡിലേക്ക് എത്തിയോ? അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ സംവിധായകന്‍ പരിഹസിച്ചു; തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്

ലച്ചിത്ര ലോകത്ത് നിന്നും ക്രൂരമായ പരിഹാസമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് കുടുംബസമേതം പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നും ടൈംസ് ഒഫ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

'സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് കുടുംബ സമേതം അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഒരു പ്രമുഖ സംവിധായകനും എത്തിയിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനായി അടുത്ത് ചെന്നപ്പോള്‍ തിരിഞ്ഞ് നിന്ന് ഓ, നിങ്ങള്‍ അടൂരിന്റെ പടത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ. അടൂര്‍ നിലവാരം താഴ്ത്തിയോ, അതോ നിങ്ങള്‍ ആ നിലവാരത്തിലേക്ക് എത്തിയോ എന്ന് പറഞ്ഞ് പരിഹാസച്ചുവയോടെ ചിരിച്ചു. കുടുംബാംഗങ്ങള്‍ ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നു'.ജീവിതത്തില്‍ ഏറ്റവും വിഷമമുണ്ടാക്കിയ സംഭവങ്ങളില്‍ ഒന്നാണ് അതെന്നും അദ്ദേഹം പറഞ്ഞു. 

അവഹേളനങ്ങളെയും മുറിവേല്‍ക്കുന്നതിനെയും പ്രതിരോധിക്കാന്‍ നന്നായി ശീലിച്ചു. അത്തരം അനുഭവങ്ങള്‍ വേദനിപ്പിച്ചുകൊണ്ടേയിരിക്കാന്‍ ഒരിക്കലും അനുവദിക്കാറില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. തയ്യല്‍ക്കാരനായിരുന്ന സമയത്ത് കടയുടെ അടുത്തുള്ള പച്ചക്കറിക്കടയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്നതിന് വരുമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന് ഒരു വേഷം സിനിമയില്‍ തരുമോ എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം ഒരിക്കലും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് നിഴല്‍ക്കൂത്തിലേക്ക് അദ്ദേഹം വിളിക്കുന്നതെന്നും അത് നല്‍കിയ ആത്മവിശ്വാസവും സന്തോഷവും വലിയതായിരുന്നുവെന്നും താരം വ്യക്തമാക്കി. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡോക്ടര്‍ ബിജുവിന്റെ വെയില്‍മരങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍  പ്രദര്‍ശിപ്പിക്കപ്പെടുന്ന 14 സിനിമകളില്‍ ഒന്നായി ചിത്രം മാറിയതില്‍ ഇന്ദ്രന്‍സിന് സന്തോഷമുണ്ടെങ്കിലും ഒരു ചെറിയ ടെന്‍ഷനുണ്ട്. ചടങ്ങിലേക്ക് എത്തുമ്പോള്‍ സ്യൂട്ട് ധരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചതാണ് കാരണം. സംസാരിക്കേണ്ടി വരുമെന്ന് അറിയാമെങ്കിലും അങ്ങനെ ഒരു കാര്യം താന്‍ പ്രതീക്ഷിച്ചില്ലെന്നും  താരം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com