'ട്രോളുകള്‍ എന്നെ മാനസികമായി ബാധിച്ചു, തെറ്റായ തീരുമാനങ്ങളെടുക്കാന്‍ കാരണമായി'; തുറന്നു പറഞ്ഞ് സാമന്ത

ട്രോളുകള്‍ ഒരുകാലത്ത് തന്നെ മാനസികമായി ബാധിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്
'ട്രോളുകള്‍ എന്നെ മാനസികമായി ബാധിച്ചു, തെറ്റായ തീരുമാനങ്ങളെടുക്കാന്‍ കാരണമായി'; തുറന്നു പറഞ്ഞ് സാമന്ത

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ആക്റ്റീവായ നടിമാരില്‍ ഒരാളാണ് സാമന്ത. തന്റെ സ്വകാര്യ ജീവിതവും സിനിമയും രാഷ്ട്രീയവുമെല്ലാം സാമന്ത സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുമായി പങ്കുവെക്കുന്നത്. എന്നാല്‍ ഒരു കാലത്ത് കടുത്ത സൈബര്‍ ആക്രമണത്തിനാണ് താരം ഇരയായിട്ടുള്ളത്. ധരിക്കുന്ന വസ്ത്രവും സിനിമയുമെല്ലാം രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ഇപ്പോള്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന വ്യക്തമായ കാഴ്ചപ്പാട് സാമന്തയ്ക്ക് ഉണ്ട്. എന്നാല്‍ ട്രോളുകള്‍ ഒരുകാലത്ത് തന്നെ മാനസികമായി ബാധിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ട്വിറ്ററിലൂടെയുള്ള ഒരു ലൈവ് ഇന്റര്‍വ്യൂയിലായിരുന്നു താരത്തിന്റെ പ്രതികരണം. 

ട്രോളുകള്‍ പതിയെ തന്നെ ബാധിക്കാന്‍ തുടങ്ങിയെന്നും അവസാനം അത് തന്റെ വിവേകപൂര്‍വം ചിന്തിക്കാനുള്ള കഴിവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി എന്നുമാണ് സാമന്ത പറയുന്നത്. രാവിലെ ഉറക്കം ഉണര്‍ന്നാല്‍ ആദ്യം താന്‍ ട്രോളുകള്‍ പരിശോധിക്കുമായിരുന്നു എന്നുമാണ് താരത്തിന്റെ വാക്കുകള്‍. ഇത് എന്റെ മാനസികാവസ്ഥയെ മോശമായി ബാധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ധൃതിപിടിച്ച് തെറ്റായ തീരുമാനങ്ങളെടുത്തു. അത്തരം സാഹചര്യങ്ങളെ എങ്ങനെ മറികടക്കണമെന്നുള്ള ഉപദേശങ്ങളൊന്നും കിട്ടിയിട്ടില്ല. ഓരോ സമയത്ത് നമ്മളില്‍ സംഭവിക്കുകയാണ്. ഇതിനെ എല്ലാം തമാശയായി മാത്രം കാണുന്ന പോയിന്റിലാണ് ഞാന്‍ ഇപ്പോള്‍. എല്ലാം കേട്ടിരിക്കുകയാണ്' സാമന്ത വ്യക്തമാക്കി. 

വിവാഹശേഷം സ്റ്റൈലിഷായി വേഷം ധരിച്ചതിന്റെ പേരില്‍ സാമന്തയ്ക്ക് നേരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നിരുന്നത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്ന ക്ലാസുപോലും പലരും എടുത്തു. എന്നാല്‍ ഇതിനെല്ലാം തക്ക മറുപടിയാണ് സാമന്ത നല്‍കിയിരുന്നത്. അടുത്തിടെ സാമന്ത ഗര്‍ഭിണിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെയും പരിഹസിച്ച് താരം രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com