മാമാങ്കത്തിലെ റോള്‍ ശരിക്കും അതിശയിപ്പിച്ചു; മമ്മൂട്ടി പറയുന്നു

ചരിത്രം കഥ പറയുന്ന പത്മകുമാര്‍ ചിത്രമായ മാമാങ്കത്തിന്റെ ആവേശത്തിലാണ് നടന്‍ മമ്മൂട്ടി
മാമാങ്കത്തിലെ റോള്‍ ശരിക്കും അതിശയിപ്പിച്ചു; മമ്മൂട്ടി പറയുന്നു

കൊച്ചി: ചരിത്രം കഥ പറയുന്ന പത്മകുമാര്‍ ചിത്രമായ മാമാങ്കത്തിന്റെ ആവേശത്തിലാണ് നടന്‍ മമ്മൂട്ടി. കേരള ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ് തിരശ്ശീലയില്‍ വിടരുന്നത്. ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിവിധ ഭാവങ്ങളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. ഒരേ സമയം വ്യത്യസ്ത ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിനായി കോടികള്‍ ചെലവഴിച്ചുളള സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ചും മൂന്നു പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തെ കുറിച്ചും ഐഎഎന്‍എസുമായുളള അഭിമുഖത്തില്‍ സംസാരിക്കുകയാണ് മമ്മൂട്ടി.

ചിത്രത്തിലെ റോളാണ് തന്നെ ആവേശം കൊളളിക്കുന്നതെന്ന് മമ്മൂട്ടി പറയുന്നു. അതിന്റെ ചരിത്രപ്രാധാന്യവും തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ധീരരരായ ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. ഇവരുടെ ജീവത്യാഗത്തിന്റെ കഥ പുതിയ തലമുറ അറിയേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും മമ്മൂട്ടി പറഞ്ഞു.

ഇതിനിടെ ഒരു നടനില്‍ താരപരിവേഷം ചാര്‍ത്തി കൊടുക്കുന്ന രീതിയെ വിമര്‍ശിക്കാനും മമ്മൂട്ടി മറന്നില്ല. താരപരിവേഷം ഒരു നടന് നിര്‍ബന്ധിച്ച് ചാര്‍ത്തി നല്‍കുന്നതാണെന്ന് മമ്മൂട്ടി പറഞ്ഞു. താരപരിവേഷം ഒരു പദവിയല്ല. അത് ആര്‍ജിച്ചെടുക്കുന്നതുമല്ല.അത് ഒരാളിന്മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്ന് മമ്മൂട്ടി പറഞ്ഞു. 

'താരപരിവേഷം ഒരു പദവിയല്ല. നിങ്ങള്‍ ആര്‍ജിച്ചെടുക്കുന്നതുമല്ല. അത് നിങ്ങളില്‍ നിര്‍ബന്ധിച്ച് ചാര്‍ത്തി നല്‍കുന്നതാണ്. നിങ്ങള്‍ ഒരു താരമാണ് എന്ന് പറഞ്ഞാണ് താരപരിവേഷം നിങ്ങളിന്മേല്‍ ചാര്‍ത്തി നല്‍കുന്നത്. ഇത് മനസ്സില്‍ വയ്ക്കരുത്.'- മൂന്നുപതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തെ കുറിച്ച് മനസുതുറന്ന് മമ്മൂട്ടി പറഞ്ഞു.

ഒരു നടനാകണമെന്ന ആഗ്രഹമായിരുന്നു ചെറുപ്പത്തില്‍. യാദൃച്ഛികമായാണ് ചുരുങ്ങിയകാലത്ത് വക്കീല്‍ പണിക്ക് പോയത്.എന്നാല്‍ സിനിമയില്‍ കയറാന്‍ പരിശ്രമം തുടരുകയായിരുന്നു. നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് ലഭിച്ചു. പിന്നീട് എല്ലാം തന്റെ വഴിക്ക് വന്നതായും മമ്മൂട്ടി പറഞ്ഞു. 

'ഒരു നടന്‍ എപ്പോഴും അവനെ തന്നെ വീണ്ടും അടിമുടി പരിഷ്‌കരിക്കാന്‍ ശ്രമിക്കണം. തെറ്റുകള്‍ കണ്ടെത്തിയാല്‍ മാത്രമേ തിരുത്താന്‍ അവന് തന്നെ സാധിക്കുകയുളളൂ.പരാജയങ്ങളെ കുറിച്ച് ഓര്‍ത്ത് ഞാന്‍ വിഷമിക്കാറില്ല. അങ്ങനെ ചെയ്താല്‍ അത് എന്നെ ബാധിക്കുമെന്ന്് എനിക്കറിയാം. പരാജയപ്പെട്ടാല്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുളളു.'

നിങ്ങള്‍ എന്ന വ്യക്തിയും നിങ്ങളിലുളള നടനും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങളുടെ രൂപവും ചിത്രത്തിലെ വേഷവും തമ്മിലുളള പോരാട്ടമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. നിങ്ങളുടെ രൂപത്തെ മറികടക്കാന്‍ ഒരു സിനിമയിലെ വേഷത്തിന് സാധിച്ചാല്‍ ,അവന്‍ നടന്‍ എന്ന നിലയില്‍ വിജയിച്ചു എന്ന് പറയാം.

'ഞാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നടനാണ്. എന്റെ വ്യക്തി ജീവിതം പൂര്‍ണമായും വ്യത്യസ്തമാണ്. ഞാന്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നു. എന്നാല്‍ എന്റെ വ്യക്തിത്വം ഒന്നുതന്നെയാണ്. ഞാന്‍ മാറുന്നില്ല. കീര്‍ത്തിയുടെ ഭാഗമായി വരുന്ന ഒന്നും ബാധിക്കാതിരിക്കാന്‍ എപ്പോഴും  ശ്രമിക്കാറുണ്ട്.'- മമ്മൂട്ടി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com