'അയാള്‍ക്ക് ചവനപ്രാശത്തിന്റെ കുറവുണ്ട്'; കരണ്‍ ജോഹറിനെ അധിക്ഷേപിച്ച് കങ്കണ

മൂന്ന് തവണ ദേശിയ പുരസ്‌കാരം നേടിയ തന്നെ ഒഴിവാക്കി മറ്റുള്ള നടിമാരെ ഉള്‍പ്പെടുത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്‌
'അയാള്‍ക്ക് ചവനപ്രാശത്തിന്റെ കുറവുണ്ട്'; കരണ്‍ ജോഹറിനെ അധിക്ഷേപിച്ച് കങ്കണ

ബോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹറും ബോളിവുഡ് നടി കങ്കണ റണൗത്തും തമ്മിലുള്ള തര്‍ക്കം പ്രശസ്തമാണ്. പറ്റുന്ന അവസരങ്ങളില്‍ എല്ലാം പരസ്പരം ചെളിവാരിയെറിയാന്‍ രണ്ടു പേരും ശ്രമിക്കാറുണ്ട്. കങ്കണ ഈ കാര്യത്തില്‍ ഒരു പടി മുകളിലാണ്. കരണിനെ വിമര്‍ശിക്കാതെ താരം തന്റെ ഒരു അഭിമുഖവും അവസാനിപ്പിക്കാറില്ല. ഇപ്പോള്‍ ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവില്‍ വെച്ച് കരണിനെ രൂക്ഷമായി അധിക്ഷേപിച്ചിരിക്കുകയാണ് താരം. കരണ്‍ ചവനപ്രാശം കഴിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നാണ് താരം പറയുന്നത്.

ഐഐഎഫ്എ സ്റ്റേജില്‍ വെച്ച് കരണ്‍ എന്നെ കളിയാക്കി. എനിക്ക് പണി ഇല്ലെന്നും ജോലിക്ക് വേണ്ടി കരണിന്റെ അടുത്ത് ചെന്നതായും പറഞ്ഞു. എന്റെ കഴിവ് നോക്കൂ. കൂടാതെ അയാളുടെ സിനിമകളും നോക്കൂ. എന്നെ തൊഴിലില്ലാത്തവള്‍ എന്നാണ് അയാള്‍ വിളിച്ചത്. ചില ആളുകള്‍ക്ക് ചവനപ്രാശം കൊടുക്കണം എന്നാണ് എനിക്ക് തോന്നുന്നത്' കങ്കണ പറഞ്ഞു. 

ബോളിവുഡിലെ നിരവധി താരങ്ങളുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തന്നെ ഒറ്റപ്പെടുത്തുന്നു എന്ന ചിന്തയൊന്നും കങ്കണയ്ക്കില്ല. താന്‍ വ്യത്യസ്തയാണെന്നാണ് തോന്നുന്നതെന്ന് താരം വ്യക്തമാക്കി. മികച്ച നടിമാരെ ഉള്‍പ്പെടുത്തി കരണ്‍ തയാറാക്കിയ ലിസ്റ്റിനേയും താരം ചോദ്യം ചെയ്തു. മൂന്ന് തവണ ദേശിയ പുരസ്‌കാരം നേടിയ തന്നെ ഒഴിവാക്കി മറ്റുള്ള നടിമാരെ ഉള്‍പ്പെടുത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്‌. കരണ്‍ ജോഹറിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട നടിമാരുടെ അഭിനയിക്കാനുള്ള കഴിവ് ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നാണ് കങ്കണ പറയുന്നത്. 

70 കളിലെ ആളുകള്‍ ധരിച്ചിരുന്ന ബെല്‍ ബോട്ടവും നിയോണ്‍ ഷേയ്ഡും ഇഷ്ടപ്പെട്ടിരുന്ന സമയമുണ്ട്. പക്ഷേ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തമാശയായാണ് തോന്നുന്നത്. ഇതു തന്നെയാണ് അവര്‍ക്കും സംഭവിക്കാന്‍ പോകുന്നത്. മണ്ടന്‍മാരെപ്പോലെയായിരിക്കും അവര്‍. കങ്കണ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com