''അച്ഛനെ ഇങ്ങനെ കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു; ഗോകുല്‍ എന്നോട് പറഞ്ഞു''

താന്‍ അഭിനയിക്കുന്നതാണ് മകന്‍ ഗോകുലിന് ഇഷ്ടമെന്നും ഈ വേഷത്തില്‍ അച്ഛനെ കാണുമ്പോള്‍ മകന് ഏറെ സന്തോഷം തോന്നുന്നു എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
''അച്ഛനെ ഇങ്ങനെ കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു; ഗോകുല്‍ എന്നോട് പറഞ്ഞു''

രാഷ്ട്രീയപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാല് വര്‍ഷത്തോളമായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു നടന്‍ സുരേഷ് ഗോപി. ഇപ്പോള്‍ ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന തമിഴരശന്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം ചലച്ചിത്രലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. 

ചിത്രീകരണത്തിനിടെ സുരേഷ് ഗോപിയെക്കാണാന്‍ മകനും നടനുമായ ഗോകുലും മകള്‍ ഭവാനിയും ഷൂട്ടിങ് സെറ്റിലെത്തിയിരുന്നു. ഏറെക്കാലത്തിന് ശേഷം അച്ഛന്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ നേരിട്ട് കാണാനും അഭിനന്ദിക്കാനുമായിരുന്നു താരത്തിന്റെ മക്കള്‍ വന്നത്. മകനും മകളും ലൊക്കേഷനില്‍ എത്തിയ വിവരം സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

താന്‍ അഭിനയിക്കുന്നതാണ് മകന്‍ ഗോകുലിന് ഇഷ്ടമെന്നും ഈ വേഷത്തില്‍ അച്ഛനെ കാണുമ്പോള്‍ മകന് ഏറെ സന്തോഷം തോന്നുന്നു എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. അതേസമയം സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് താന്‍ ബോധവാനാണ്. എന്ത് വിലകൊടുത്തും മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും സുരേഷ് ഗോപി കുറിച്ചു.

2015 ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. അതേ വര്‍ഷം പുറത്തിറങ്ങിയ ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന തമിഴ്ചിത്രത്തിലും സുരേഷ് ഗോപി വേഷമിട്ടിരുന്നു. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2 വാണ് സുരേഷ് ഗോപി നായകനാകുന്ന മറ്റൊരു പുതിയ ചിത്രം. ജോഷി ഒരുക്കിയ ലേലത്തിന്റെ രണ്ടാം ഭാഗമാണിത്. ചിത്രത്തില്‍ ഗോകുലും വേഷമിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരേഷ് ഗോപിയുടെ വാക്കുകള്‍

മകന്‍ ഗോകുലും ഇളയമകള്‍ ഭവാനിയും തമിഴരശന്റെ ലൊക്കേഷനില്‍ വന്നിരുന്നു. എന്നില്‍ നിന്നും അല്‍പ്പം അകന്നു നിന്ന് കൈകെട്ടി നിന്നു കൊണ്ട് ഗോകുല്‍ ഇങ്ങനെ പറഞ്ഞു. ഈ ലൈറ്റുകള്‍ക്കും കലാകാരന്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇടയില്‍ നില്‍ക്കുന്ന അച്ഛനെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ആ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. എന്നിരുന്നാലും ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. എന്ത് വിലകൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും.രാഷ്ട്രീയത്തില്‍ സജീവമായ സുരേഷ് ഗോപി സിനിമയില്‍ നിന്ന് ഒരിടവേളയെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com