'ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തും, അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും'; എട്ട് വര്‍ഷം മുന്‍പ് ടൊവിനോ പറഞ്ഞത്; വൈറല്‍

സിനിമയിലേക്ക് എത്താന്‍ ടൊവിനോ എത്ര കഷ്ടപ്പാട് അനുഭവിച്ചു എന്നറിയാന്‍ എട്ട് വര്‍ഷം മുന്‍പത്തെ താരത്തിന്റെ ഈ പോസ്റ്റ് വായിച്ചാല്‍ മതിയാകും
'ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തും, അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും'; എട്ട് വര്‍ഷം മുന്‍പ് ടൊവിനോ പറഞ്ഞത്; വൈറല്‍


ഗോഡ്ഫാദര്‍മാരില്ലാതെ എത്തി മലയാള സിനിമ ലോകത്തെ യുവത്വത്തിന്റെ മുഖമായി മാറിയ താരമാണ് ടൊവിനോ തോമസ്. ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് ടൊവിനോ എത്തുന്നത്. വിജയിക്കുമോ എന്ന ഉറപ്പില്ലാതെ സിനിമയോടുള്ള ഭ്രാന്തമായ സ്‌നേഹത്തിന്റെ പുറത്ത് എത്തിയ താരത്തിന്‍ ആദ്യകാലത്ത് കുറേ അലയേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് അതിനെയെല്ലാം മറികടന്ന് തന്റെ കഠിനപ്രയത്‌നത്തിലൂടെ മലയാളത്തിന്റെ മുന്‍തിര യുവതാരമായി മാറാന്‍ ടൊവിനോയ്ക്കായി. ഇന്ന് വിജയനായകനാണ് താരം. ടൊവിനോയുടെ സിനിമകളെല്ലാം മികച്ച വിജയമാണ് നേടുന്നത്. സിനിമയിലേക്ക് എത്താന്‍ ടൊവിനോ എത്ര കഷ്ടപ്പാട് അനുഭവിച്ചു എന്നറിയാന്‍ എട്ട് വര്‍ഷം മുന്‍പത്തെ താരത്തിന്റെ ഈ പോസ്റ്റ് വായിച്ചാല്‍ മതിയാകും. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ടൊവിനോയുടെ പോസ്റ്റ്. 

'ഇന്നു നിങ്ങള്‍ എന്നെ വിഡ്ഡിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.' 2011 ജൂണ്‍ 28ന് ടൊവീനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണിത്.

ടൊവിനോയുടെ ആരാധകരില്‍ ഒരാളാണ് പഴയ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്ത് വൈറലാക്കിയത്. അന്നത്തെ താരത്തിന്റെ പോസ്റ്റിന് താഴെ പരിഹാസിച്ചുകൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. നീ വിഷമിക്കേണ്ട, സത്യമായിട്ടും സിനിമയില്‍ ലൈറ്റ് ബോയ് ആകുമെടാ' എന്നായിരുന്നു ഒരാള്‍ കുറിച്ചത്. ഇതിനെയെല്ലാം സധൈര്യം നേരിടുകയാണ് ടൊവിനോ. തന്നെ കളിയാക്കി കഴിഞ്ഞവര്‍ ഒരുതവണ കൂടി ഈ കുറിപ്പ് വായിക്കണമെന്നുമായിരുന്നു താരം മറുപടി നല്‍കിയത്. പോസ്റ്റ് വൈറലായതോടെ കളിയാക്കിയവരെ ചീത്തവിളിച്ചുകൊണ്ട് ആരാധകര്‍ അങ്കം കീഴടക്കുകയാണ്. സംഭവം വാര്‍ത്തയായതോടെ താരം പഴയ പോസ്റ്റ് പിന്‍വലിച്ചു. 

പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ 2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. സഹനടനായും വില്ലനായും അഭിനയിച്ച് കയ്യടി നേടിയാണ് നായകനാകുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് ടൊവിനോയുടെ പുതിയചിത്രം. മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലാണ് താരം എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com