'സാരിയും വിഗ്ഗും അണിഞ്ഞിട്ടും എനിക്ക് ശില്‍പയാകാന്‍ കഴിഞ്ഞില്ല, ചിത്രത്തില്‍ നിന്ന് മാറ്റുമോ എന്ന് ഭയപ്പെട്ടു' വിജയ് സേതുപതി

സാരിയും വിഗും എല്ലാം വെച്ചിട്ടും താന്‍ താനായി തന്നെയാണ് ഇരുന്നത്. തുടക്കത്തില്‍ വളരെ ഭയമായിരുന്നു
'സാരിയും വിഗ്ഗും അണിഞ്ഞിട്ടും എനിക്ക് ശില്‍പയാകാന്‍ കഴിഞ്ഞില്ല, ചിത്രത്തില്‍ നിന്ന് മാറ്റുമോ എന്ന് ഭയപ്പെട്ടു' വിജയ് സേതുപതി

തെന്നിന്ത്യന്‍ സിനിമ ലോകം വളരം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. വിജയ് സേതുപതി ട്രാന്‍സ്‌ഡെന്‍ഡറായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. കൂടാതെ ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിജയ് സേതുപതിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ ലുക്ക് ഇതിനോടകം വലിയ ശ്രദ്ധനേടിക്കഴിഞ്ഞു. ശില്‍പ്പ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ശില്‍പ്പയുടെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ വളരെ അധികം ബുദ്ധിമുട്ടിയെന്നാണ് താരം പറയുന്നത്. ഒരു വേള ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കുമോ എന്ന് പോലും സംവിധായകനോട് ചോദിച്ചു എന്നുമാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്. 

സാധാരണ കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളാന്‍ രണ്ടോ മൂന്നോ ദിവസം മാത്രം എടുക്കുമ്പോള്‍ ശില്‍പ്പയെ തനിക്ക് അറിയാന്‍ പോലും കഴിഞ്ഞില്ലെന്നാണ് വിജയ്.സാരിയും വിഗും എല്ലാം വെച്ചിട്ടും താന്‍ താനായി തന്നെയാണ് ഇരുന്നത്. തുടക്കത്തില്‍ വളരെ ഭയമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. 'എനിക്കും ശില്‍പയ്ക്കുമിടയില്‍ വലിയൊരു മതില്‍ ഉള്ളതു പോലെ. അതൊന്നു തകര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ സന്തോഷമായേനെ എന്നു ചിന്തിച്ച് ചിന്തിച്ച് ആകെ വിഷമമായി. വിഷാദമായി മാറി. വീണ്ടും വീണ്ടും ചിത്രീകരിക്കുമ്പോഴും എന്തോ മിസ് ആകുന്നുവെന്ന് എല്ലാവര്‍ക്കും മനസിലാകുന്നുണ്ട്. എന്നാല്‍ അത് എന്തെന്ന് എനിക്ക് പറഞ്ഞു തരാന്‍ ആര്‍ക്കും കഴിയുന്നുമില്ല. എന്നോട് ഷെഡ്യൂള്‍ പാക്ക് അപ്പ് ചെയ്യാണെന്നൊക്കെ പറഞ്ഞു. ഞാനാകെ ഭയപ്പെട്ടു. ഞാന്‍ അഭിനയിച്ചത് മോശമായോയെന്നും എന്നെ മാറ്റുകയാണോയെന്നും സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജന്‍ സാറിനോട് ചോദിച്ചു.' വിജയ് സേതുപതി പറഞ്ഞു. 

രണ്ടാം ഷെഡ്യൂളില്‍ നടത്തത്തില്‍ മാറ്റം വരുത്തിയപ്പോഴാണ് തനിക്ക് കഥാപാത്രമായി മാറാന്‍ കഴിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ കോസ്റ്റിയൂം ഡിസൈനര്‍ മദി എന്നോട് കാലുകള്‍ അടുപ്പിച്ചു വച്ച് നടക്കാന്‍ ആവശ്യപ്പെട്ടു. സാരി ചുറ്റി, വിഗ് വച്ച് കൈനഖങ്ങളില്‍ നെയില്‍പോളിഷുമിട്ട് റെഡിയായിരിക്കുകയായിരുന്നു ഞാന്‍. ആ നടപ്പ് അതേ പടി പരീക്ഷിച്ചു നോക്കിയപ്പോള്‍ പതുക്കെ ഓക്കെയായിത്തുടങ്ങി. അങ്ങനെ ശില്‍പയുടെ മാനറിസങ്ങളിലേക്ക് പതുക്കെ മാറി.' സേതുപതി കൂട്ടിച്ചേര്‍ത്തു. 

ആരണ്യകാണ്ഡം എന്ന ചിത്രത്തിലൂടെ സുപരിചിതനായ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ് സേതുപതിയേയും ഫഹദ് ഫാസിലിനേയും കൂടാതെ സാമന്ത, രമ്യാകൃഷ്ണ, മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com