അടിവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞു; സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനെതിരെ കങ്കണ 

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിക്കെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് നടി കങ്കണ
അടിവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞു; സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനെതിരെ കങ്കണ 

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിക്കെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. സിനിമയില്‍ തുടക്കകാലത്ത് താന്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ വിവരിക്കുന്നതിനിടെയാണ് കങ്കണ പഹലജ് നിഹലാനിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. 

നിഹലാനിയുടെ ചിത്രത്തില്‍ അടിവസ്ത്രം ധരിക്കാതെ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് കങ്കണ ആരോപിച്ചു. ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തനിക്ക് ഉണ്ടായ ദുരനുഭവം നടി പങ്കുവെച്ചത്. തുടക്കകാലത്ത് സിനിമയില്‍ സഹായം വാഗ്ദാനം ചെയ്തവരും വഴികാട്ടികളായവരും യഥേഷ്ടം ഉണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത് താന്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞപോലെയായിരുന്നു.  അന്ന് ഐ ലവ് യു ബോസ് എന്ന ചിത്രത്തില്‍ നിഹലാനി ഒരു വേഷം ഓഫര്‍ ചെയ്തു. അതിന് മുന്നോടിയായി ഒരു ഫോട്ടോഷൂട്ടും ഉണ്ടായിരുന്നു. 

'അതിനുവേണ്ടി അണിയറപ്രവര്‍ത്തകര്‍ എനിക്കൊരു സാറ്റിന്റെ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ആ സാറ്റിന്‍ വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടത്. എനിക്കൊരു ടേപ്പ് എങ്കിലും നല്‍കേണ്ടിയിരുന്നു, അതവര്‍ ചെയ്തില്ല' കങ്കണ ആരോപിച്ചു.

''മധ്യവയസ്‌കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമായിരുന്നു അത്. ഒരുതരം സോഫ്റ്റ് പോണ്‍ കഥാപാത്രം. ആ വേഷം ചെയ്യാനാകില്ല എന്നൊരു വെളിപാട് എനിക്കുണ്ടായിരുന്നു. ഷൂട്ടിന്റെ മധ്യത്തില്‍ ചിത്രം വേണ്ടെന്ന് വച്ച് താന്‍ പോയതായും ഫോണ്‍ നമ്പര്‍ മാറ്റിയതായും കങ്കണ ഓര്‍മ്മിച്ചു.

നേരത്തെ, ബോളിവുഡിലെ പുത്തന്‍ പ്രണയജോഡികളായ ആലിയ ഭട്ടിനേയും രണ്‍ബീര്‍ കപൂറിനേയും രൂക്ഷമായി വിമര്‍ശിച്ചും കങ്കണ രംഗത്തുവന്നിരുന്നു. സ്റ്റാര്‍ കിഡ്‌സ് സെക്‌സ് ലൈഫിനെ കുറിച്ച് സംസാരിക്കാന്‍ തയാറാവുമെന്നും എന്നാല്‍ സ്വന്തം രാജ്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്നുമാണ് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇരുവരേയും യുവതാരങ്ങള്‍ എന്നുവിളിക്കുന്നതിനേയും കങ്കണ ചോദ്യം ചെയ്തു. 

അവരെ എന്തിനാണ് യുവാക്കള്‍ എന്നു വിളിക്കുന്നത്. തലമുറയിലെ യങ് കിഡായ രണ്‍ബീര്‍ കപൂറിന് 36 ആണ് പ്രായം. ആലിയയ്ക്ക് 27 വയസ് കഴിഞ്ഞു. 27ാം വയസില്‍ എന്റെ അമ്മയ്ക്ക് മൂന്ന് മക്കളുണ്ട്. ഇത് നീതീകരിക്കാനാവുന്നതല്ല.' കങ്കണ പറഞ്ഞു. ഈ മാസമാണ് ആലിയയ്ക്ക് 26 വയസ് തികയുന്നത്. രണ്‍ബീറിന് 36 ആണ് പ്രായം. 

ഇതുംകൊണ്ട് അവസാനിപ്പിച്ചില്ല. ഇവരോട് സെക്‌സ് ലൈഫിനെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ അത് ചര്‍ച്ച ചെയ്യാന്‍ തയാറാവും. ഇന്‍സ്റ്റഗ്രാമില്‍ അതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. എന്നാല്‍ രാജ്യത്തെക്കുറിച്ച് ചോദിച്ചാല്‍ തന്റെ വ്യക്തി താല്‍പ്പര്യമാണെന്ന് പറയുമെന്നാണ് കങ്കണ തുറന്നടിച്ചത്. സംവിധായകന്‍ കരണ്‍ ജോഹറിനേയും താരം രൂക്ഷമായി വിമര്‍ശിച്ചു. 

രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തയാറല്ലെന്ന് ഒരു ഇന്റര്‍വ്യൂവില്‍ രണ്‍ബീര്‍ പറഞ്ഞിരുന്നു. അതിനെതിരേയാണ് താരത്തിന്റെ രോക്ഷ പ്രകടനം. രാജ്യത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്ന മനോഭാവമാണ് കരണ്‍ ജോഹറും സംഘവും വളര്‍ത്തുന്നത് എന്നാണ് കങ്കണ പറയുന്നത്. എന്നാല്‍ തന്നെ തകര്‍ക്കാന്‍ ഇവര്‍ശ്രമിക്കുകയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കങ്കണയുടെ ബോളിവുഡ് അരങ്ങേറ്റം. ക്വീനിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേഷം ചെയ്യാനുള്ള ഒരുക്കത്തിലാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com