'ഇത് രഘുവല്ല,അദ്രുമാൻ തന്നെ'; വീണ്ടും ഞെട്ടിക്കുന്നു, സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്  

രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി താൻ ഇപ്പോഴും കാത്തിരിക്കുകയാണെന്നും സത്യൻ അന്തിക്കാട്  
'ഇത് രഘുവല്ല,അദ്രുമാൻ തന്നെ'; വീണ്ടും ഞെട്ടിക്കുന്നു, സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്  

വിനായകൻ പ്രധാന വേഷത്തിലെത്തുന്ന 'തൊട്ടപ്പൻ' എന്ന ചിത്രം ഇതിനോടകം തന്നെ ശ്ര‌ദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററുകളും ​ഗാനവുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. 'കിസ്മത്ത്' എന്ന സിനിമയ്ക്ക് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തോട്ടപ്പൻ.  

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരിയും തോട്ടപ്പനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'അദ്രുമാൻ' എന്ന കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. അദ്രുമാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം പുറത്തുവിട്ടു. സംവിധായകൻ സത്യൻ അന്തിക്കാടാണ് പോസ്റ്റർ പങ്കുവച്ചത്. ഇതോടൊപ്പം അദ്ദേഹം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

"പലപ്പോഴും പലതരത്തിൽ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു..."തൊട്ടപ്പൻ" എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്", അദ്ദേഹം കുറിച്ചു.

രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി താൻ ഇപ്പോഴും കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റർ കണ്ടപ്പോൾ അതിശയവും സന്തോഷവും തോന്നിയെന്നും  തൊട്ടപ്പൻ കാണാൻ കാത്തിരിക്കുകയാണെന്നുമാണ് സത്യൻ അന്തിക്കാടിന്റെ വാക്കുകൾ. 

പോസ്റ്റർ പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ

ഒരു 'നാടോടിക്കാറ്റ്' പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ല. പലപ്പോഴും പലതരത്തിൽ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരുപാടുകാലം മനസ്സിലിട്ട് ഉരുക്കിയിട്ടാണെങ്കിലും വെറും രണ്ടാഴ്ചകൊണ്ടാണ് 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പൊന്നുപോലൊരു തിരക്കഥയെഴുതി എന്നെ ഏൽപിച്ചത്! ഒരു പണത്തൂക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ഞാനത് സിനിമയാക്കി. മഴവിൽക്കാവടിയും പിൻഗാമിയുമൊക്കെ രഘു എനിക്കു തന്ന സമ്മാനങ്ങളാണ്. ഇപ്പോഴും രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ. പക്ഷെ പിടിതരുന്നില്ല. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു...
"തൊട്ടപ്പൻ" എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്.

പോസ്റ്റർ കണ്ടപ്പോൾ അതിശയവും സന്തോഷവും തോന്നി. ഇത് രഘുവല്ല,അദ്രുമാൻ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാററുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്ന്. കൂടെയുള്ളത് സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാരാണല്ലോ. തൊട്ടപ്പൻ കാണാൻ കാത്തിരിക്കുന്നു. രഘുവിന്റെ ചിത്രമുള്ള പോസ്റ്റർ ഇതോടൊപ്പം, കൂടെ എന്റെ മനസ്സുനിറഞ്ഞ ആശംസകളും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com