'മുസ്ലീങ്ങള്‍ മാത്രം സഹായിച്ചത് കൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത്?'

ശ്രീകുമാരന്‍ തമ്പിയുടേത് തെറ്റായ നിരീക്ഷണമാണെന്ന് കാണിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.  
'മുസ്ലീങ്ങള്‍ മാത്രം സഹായിച്ചത് കൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത്?'

പാലക്കാട് മെഡിക്കല്‍ കോളജിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും കോളജ് പ്രിന്‍സിപ്പലും അപമാനിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംഭവശേഷം ബിനീഷ് ബാസ്റ്റിന് പിന്തുണ നല്‍കി നിരവധി ചലച്ചിത്ര- സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. 

ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെന്നു പറഞ്ഞാല്‍ താന്‍ അതിനെ എതിര്‍ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീകുമാരന്‍ തമ്പി തന്റെ നിലപാട് വ്യക്തമാക്കിയത്. 

പേരിന്റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗീയവാദികള്‍ ആണെങ്കില്‍ സത്യന്‍, പ്രേംനസീര്‍, യേശുദാസ് മുതലായവര്‍ മലയാളസിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല, മുസ്ലീങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്, ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാനഗന്ധര്‍വനായാതും എന്നും ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നു. എന്നാല്‍ ശ്രീകുമാരന്‍ തമ്പിയുടേത് തെറ്റായ നിരീക്ഷണമാണെന്ന് കാണിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.  

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റി്‌ന്റെ പൂര്‍ണ്ണരൂപം ചുവടെ. 

മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും . പേരിന്റെ കൂടെ മേനോന്‍ , പിള്ള , നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗ്ഗീയ വാദികള്‍ ആണെങ്കില്‍ സത്യന്‍ , പ്രേംനസീര്‍ , യേശുദാസ് മുതലായവര്‍ മലയാളസിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല. .

മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാനഗന്ധര്‍വ്വനായത് ? ജാതിയും മതവുമല്ല , പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ല.

മനുഷ്യനെ അറിയുക ; മനുഷ്യത്വത്തില്‍ വിശ്വസിക്കുക. സ്വന്തം കഴിവില്‍ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം കിട്ടിയേക്കാം. ഉള്ളു പൊള്ളയാണെന്നറിയുമ്പോള്‍ ഇപ്പോള്‍ തലയിലേറ്റുന്നവര്‍ തന്നെ താഴെയിട്ടു ചവിട്ടും ....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com