ഇന്നുമുതല്‍ സിനിമാ ടിക്കറ്റ് കൂടിയ നിരക്കില്‍; സാധാരണ ടിക്കറ്റിന് മാത്രം 30 രൂപ ഉയരും

വിവിധ ക്ലാസുകളില്‍ ടിക്കറ്റ് നിരക്കില്‍ 10 രൂപ മുതല്‍ 30 രൂപ വരെ ഉയരും
ഇന്നുമുതല്‍ സിനിമാ ടിക്കറ്റ് കൂടിയ നിരക്കില്‍; സാധാരണ ടിക്കറ്റിന് മാത്രം 30 രൂപ ഉയരും

കൊച്ചി: സംസ്ഥാനത്തെ തിയറ്ററുകളില്‍  ഇന്നു മുതല്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. വിവിധ ക്ലാസുകളില്‍ ടിക്കറ്റ് നിരക്കില്‍ 10 രൂപ മുതല്‍ 30 രൂപ വരെ ഉയരും. ടിക്കറ്റുകളിന്മേല്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതി കൂടി ചുമത്തിയ സര്‍ക്കാര്‍ തീരുമാനത്തിനോട് യോജിക്കാനാണ് തിയേറ്റര്‍ സംഘടനകള്‍ തത്കാലം തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 130 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്.

സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ നീണ്ടു പോകുകയാണ്. കോടതിവിധി സര്‍ക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാല്‍ മുന്‍കാല പ്രാബല്യത്തോടെ തിയറ്ററുകള്‍ വിനോദ നികുതി അടയ്‌ക്കേണ്ടി വരും. ചില തിയറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി.


ജിഎസ്ടി നടപ്പായപ്പോള്‍, 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളില്‍ 28% എന്നു തീരുമാനിച്ചിരുന്നു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സമ്മര്‍ദത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ ഇളവു വരുത്തുകയും യഥാക്രമം 12%, 18% എന്നു പുനഃക്രമീകരിക്കുകയും ചെയ്തു.

സംസ്ഥാനത്തു സാധാരണ ടിക്കറ്റ് തുക 95 രൂപയാണ്. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപയാക്കി. ഇതിന്റെ കൂടെ 12 % ജിഎസ്ടിയും 1% പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി.

തദ്ദേശഭരണചട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അടിസ്ഥാനവിലയില്‍ 5% വിനോദ നികുതി ചുമത്തുകയും പിന്നീട് അതിന്റെ മേല്‍ 5% ജിഎസ്ടിയും ചേര്‍ത്ത് ഉത്തരവിറക്കുകയും ചെയ്തു. ഇതോടെ ടിക്കറ്റിന്റെ അടിസ്ഥാനവില 95ല്‍ നിന്നു 106 രൂപയായി ഉയര്‍ന്നു. ജിഎസ്ടി ഫലത്തില്‍ 18 % ആയി. ഇതോടെയാണ് സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി ഉയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com