ഷാരൂഖും ആമിറും കങ്കണയുമടക്കമുള്ള ബോളിവുഡ് താരങ്ങളുമായി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച; നന്ദി പറഞ്ഞ് താരങ്ങള്‍ (വീഡിയോ)

പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി
ഷാരൂഖും ആമിറും കങ്കണയുമടക്കമുള്ള ബോളിവുഡ് താരങ്ങളുമായി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച; നന്ദി പറഞ്ഞ് താരങ്ങള്‍ (വീഡിയോ)

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കങ്കണ റണാവത്ത്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഏക്താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍, ഇംതിയാസ് അലി തുടങ്ങിയ മുന്‍നിര നടന്മാരും നടിമാരുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. 

താരങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ പങ്കുവച്ചു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് പരിപാടികള്‍ സംഘടിപ്പിക്കാനും ഗാന്ധി ചിന്ത ജനകീയമാക്കുന്നതിനായി സിനിമകളും ടെലിവിഷന്‍ പരിപാടികള്‍ നിര്‍മിക്കുന്നതിനുമായാണ് പ്രധാനമന്ത്രി താരങ്ങളെ കണ്ടത്.

''മഹാത്മാ ഗാന്ധി ലാളിത്യത്തിന്റെ പര്യായമാണ്. അദ്ദേഹത്തിന്റെ ചിന്തകള്‍ ലോകം മുഴുവനുമായി വ്യാപിപ്പിക്കണം. അതിരുകള്‍ ഭേദിക്കുന്നതാണ് കലയുടെ ശക്തി. കലയുടെ ആത്മാവ് രാജ്യത്തിന് അത്യന്താപേക്ഷികമാണ്. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ജനകീയവത്കരിക്കാനും ലോകത്തെ വിവിധ കലാകാരന്മാര്‍ സംഭാവന നല്‍കിയിട്ടുണ്ട്''- പ്രധാനമന്ത്രി കുറിച്ചു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, കങ്കണ റണാവത്ത്, സോനം കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ ഗാന്ധി വചനങ്ങള്‍ പറയുന്നതിന്റെ ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പ്രധാനമന്ത്രി പങ്കിട്ടുണ്ട്. 

ഇത്തരമൊരു കാര്യത്തിനായി തങ്ങളെയെല്ലാവരെയും വിളിച്ചു ചേര്‍ത്തതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. ഗാന്ധിജിയെ ലോകത്തിന് മുന്നില്‍ പുനരവതരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. സിനിമ എന്നത് ബിസിനസ് മാത്രമല്ലെന്ന് സ്വയം ബോധ്യപ്പെടുത്താനും സാധിക്കുമെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. 

പ്രധാനമന്ത്രിയോടുള്ള കൂടിക്കാഴ്ച അതിശയകരമായിരുന്നെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ഇത്തരമൊരു കാര്യം ചിന്തിച്ചതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പ്രചോദനപരമായിരുന്നുവെന്നും ആമിര്‍ വ്യക്തമാക്കി.

ഈയൊരു കാര്യത്തിനായി സിനിമാ താരങ്ങളെ വിളിച്ചു ചേര്‍ത്ത ആദ്യത്തെ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോദിയെന്ന് കങ്കണ പറഞ്ഞു. കലയുടെ ശക്തി അറിഞ്ഞ മറ്റൊരു പ്രധാനമന്ത്രിയുണ്ടാവില്ല. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അദ്ദേഹത്തിന് നന്ദി പറയുന്നുവെന്നും കങ്കണ പറഞ്ഞു. മറ്റ് താരങ്ങളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പങ്കുവെച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com