'ദുഃഖമേ നിനക്കു പുലര്‍കാല വന്ദനം!'

'പടി ഇറങ്ങുന്നതിനു മുന്‍പ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല'
'ദുഃഖമേ നിനക്കു പുലര്‍കാല വന്ദനം!'

മലയാള സിനിമാ ഗാനാസ്വാദകര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട സംഗീത കൂട്ടുകെട്ടികളിലൊന്നാണ് എംകെ അര്‍ജുനനും ശ്രീകുമാരന്‍ തമ്പിയും. കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു. ഒരു മാസം മുന്‍പാണ് ശ്രീകുമാരന്‍ തമ്പി രോഗശയ്യയിലായ അര്‍ജുനന്‍ മാസ്റ്ററെ കാണാനായി പള്ളുരുത്തിയിലെ 'പാര്‍വതി മന്ദിര'ത്തില്‍ എത്തിയത്. 

അന്നത്തെ കൂടിക്കാഴ്ച അവസനത്തേത് ആയിരിക്കുമെന്ന് ഓര്‍ത്തില്ലെന്ന് ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ അനുസ്മരിച്ചു. സമൂഹമാധ്യമത്തില്‍ ശ്രീകുമാരന്‍ തമ്പി കുറിച്ച വാക്കുകള്‍ ഇങ്ങനെ...' അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാര്‍വതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുന്‍പ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല.' കൂടിക്കാഴ്ചയ്ക്കു ശേഷം അര്‍ജുനന്‍ മാഷിനൊപ്പം എടുത്ത ചിത്രവും ശ്രീകുമാരന്‍ തമ്പി പങ്കുവച്ചു. 

ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം എന്ന് കുറിച്ചുകൊണ്ട് അവസാനത്തെ കൂടിക്കാഴ്ച എന്ന തലക്കെട്ടോടെ മറ്റൊരു ചിത്രവും ശ്രീകുമാരന്‍ തമ്പി പങ്കുവെച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ഗാനങ്ങള്‍ ഒരുക്കിയിട്ടും അര്‍ജുനന്‍ മാഷിന് ലഭിക്കാതിരുന്ന സംസ്ഥാന പുരസ്‌കാരം രണ്ടു വര്‍ഷം മുന്‍പ് തേടിയെത്തിയത് 'ഭയാനകം' എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമരന്‍ തമ്പി എഴുതിയ ഗാനത്തിനായിരുന്നു. 'ഇത്രകാലം വൈകിയിട്ടും എന്റെ വരികളില്‍ പിറന്ന പാട്ടിലൂടെതന്നെ അദ്ദേഹം ആദരിക്കപ്പെട്ടതാണ് ആനന്ദം,' എന്നായിരുന്നു മാഷുടെ പുരസ്‌കാരലബ്ധിയെക്കുറിച്ച് ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. 

പുരസ്‌കാരങ്ങള്‍ക്കും അപ്പുറത്താണ് 'എം.കെ അര്‍ജുനന്‍ ശ്രീകുമാരന്‍ തമ്പി' കൂട്ടുകെട്ടെന്ന് ആരാധകര്‍ പറയുന്നു. 'മരണമെന്നത് അനിവാര്യതയാണ്. മാഷ് പോയാലും മാഷുടെ പാട്ടുകള്‍ കാലഭേദമെന്യെ മലയാളിയുടെ കൂടെയുണ്ടാകും', ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍ക്ക് മറുപടിയായി ആരാധകര്‍ കുറിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com