'പ്രസവത്തിന് സ്ത്രീകൾക്ക് പ്രത്യേക വാർഡില്ല, കുഞ്ഞുങ്ങൾ പിറന്നു വീഴുന്നത് വൃത്തിയില്ലാത്തിടത്ത്, ഇത് ജ്യോതികയുടെ മനസ്സിനെ ഉലച്ചു'

തഞ്ചാവൂരിലെ ആശുപത്രികളെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ വിവാ​ദങ്ങൾക്ക് വഴിവെച്ചിരുന്നു
'പ്രസവത്തിന് സ്ത്രീകൾക്ക് പ്രത്യേക വാർഡില്ല, കുഞ്ഞുങ്ങൾ പിറന്നു വീഴുന്നത് വൃത്തിയില്ലാത്തിടത്ത്, ഇത് ജ്യോതികയുടെ മനസ്സിനെ ഉലച്ചു'

ടി ജ്യോതിക പ്രധാന വേഷത്തിൽ എത്തിയ രാക്ഷസി മികച്ച അഭിപ്രായം നേടിയിരുന്നു. അതിന് പിന്നാലെ സിനിമ ചിത്രീകരിച്ച തഞ്ചാവൂരിലെ ആശുപത്രികളെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ വിവാ​ദങ്ങൾക്ക് വഴിവെച്ചിരുന്നു. കുട്ടികൾ പിറന്നുവീഴുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ക്ഷേത്രങ്ങൾക്ക് സംഭാവന ചെയ്യുന്നതിനൊപ്പം സ്കൂളുകൾ കെട്ടിപ്പടുക്കാനും ആശുപത്രികൾ നന്നാക്കാനും പങ്കുചേരണം എന്നായിരുന്നു താരം പ്രതികരിച്ചത്. 

അതിന് പിന്നാലെ ക്ഷേത്രങ്ങളെ പേരെടുത്ത് വിമർശിച്ചതിനെതിരെ ഒരു വിഭാ​ഗം രം​ഗത്തെത്തി. ഇപ്പോൾ ജ്യോതികയെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് രാക്ഷസിയുടെ സംവിധായകൻ ശരവണൻ. സിനിമ ചിത്രീകരണത്തിനായി തഞ്ചാവൂരിലെ ആശുപത്രിയിൽ എത്തിയപ്പോൾ കണ്ട കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ജ്യോതിക ഇത്തരത്തിൽ പ്രതികരിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ആശുപത്രിയിൽ പ്രസവത്തിനായി സ്ത്രീകൾക്ക് പ്രത്യേക വാർഡില്ലായിരുന്നെന്നുംകുഞ്ഞുങ്ങൾ പിറന്നു വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

''സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് തഞ്ചാവൂരിൽ എത്തിയത്. വേണമെങ്കിൽ ഞങ്ങൾക്ക് ചെന്നെെയിൽ സെറ്റിടാമായിരുന്നു. എന്നാൽ തഞ്ചാവൂരിലെ ജീവിതത്തിന്റെ നേർകാഴ്ച പ്രേക്ഷകരിൽ എത്തിക്കാനാണ് ഞങ്ങൾ അവിടം തന്നെ തിരഞ്ഞെടുത്തത്. അവിടെ ആശുപത്രിയിൽ പ്രസവത്തിനായി സ്ത്രീകൾക്ക് പ്രത്യേക വാർഡില്ലായിരുന്നു. മാത്രവുമല്ല, കുഞ്ഞുങ്ങൾ പിറന്നു വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലും. ആ കാഴ്ച ജ്യോതികയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ജ്യോതികയുടെ പ്രസംഗം ആരെയും വിമർശിക്കാനായിരുന്നില്ല, മറിച്ച് നമ്മുടെ നാട്ടിലെ ആശുപത്രിയും മറ്റു സാഹചര്യങ്ങളും കൂടുതൽ മെച്ചപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു'' ശരവണൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com