അച്ഛനെ അവസാനമായി ഒരു നോക്കുകാണാന്‍ താണ്ടുന്നത് 1400 കിലോമീറ്റര്‍; ഋഷി കപൂറിന്റെ മകള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് യാത്രാ അനുമതി 

അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യുന്നതിന് മകള്‍ റിദ്ദിമ കപൂര്‍ സാഹ്നിക്ക് അനുമതി
അച്ഛനെ അവസാനമായി ഒരു നോക്കുകാണാന്‍ താണ്ടുന്നത് 1400 കിലോമീറ്റര്‍; ഋഷി കപൂറിന്റെ മകള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് യാത്രാ അനുമതി 

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യുന്നതിന് മകള്‍ റിദ്ദിമ കപൂര്‍ സാഹ്നിക്ക് അനുമതി. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിലനില്‍ക്കവേ, അച്ഛന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാനാണ് മകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയത്.

ഇന്ന് രാവിലെയാണ് ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ വ്യോമമാര്‍ഗം എത്തുന്നതിന് അനുമതി തേടി ആഭ്യന്തര മന്ത്രാലയത്തെ റിദ്ദിമ കപൂര്‍ സാഹ്നി സമീപിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ റോഡ് മാര്‍ഗം മുംബൈയില്‍ എത്തുന്നതിനാണ് അനുമതി നല്‍കിയത്. വ്യവസായിയെ കല്യാണം കഴിച്ച റിദ്ദിമ കപൂര്‍ ഡല്‍ഹിയിലാണ് താമസിക്കുന്നത്. 1400 കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗം സഞ്ചരിച്ച് 39കാരി അച്ഛന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തും. ഏകദേശം യാത്രയ്ക്ക് 18 മണിക്കൂര്‍ എടുക്കും. 

മുംബൈയിലെ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് ഋഷി കപൂര്‍ അന്തരിച്ചത്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. അടുത്തിടെയാണ് ന്യൂയോര്‍ക്കില്‍ നിന്ന് ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. സിനിമയില്‍ വീണ്ടും സജീവമായി തുടങ്ങുന്നതിനിടെയാണ് അന്ത്യം.

കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. 

ഋഷി കപൂര്‍ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കര്‍ ആണ്. ഇതിന് ദേശീയ അവാര്‍ഡ് ലഭിച്ചു. ബാലതാരത്തിനുളള അവാര്‍ഡാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 1973 ല്‍ ഡിംപിള്‍ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളില്‍ ഋഷി കപൂര്‍ അഭിനയിച്ചു. 2004 നു ശേഷം  സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com