ഗുൻജൻ സക്സേനയെക്കുറിച്ചുള്ള സിനിമ വസ്തുതകൾ വളച്ചൊടിച്ചു, വ്യോമസേനയെയും ഉദ്യോ​ഗസ്ഥരെയും അപകീർത്തിപ്പെടുത്തി: മലയാളി പൈലറ്റ് ശ്രീവിദ്യ രാജൻ 

ഉധംപൂരിലെ വ്യോമസേനാ താവളത്തിൽ സക്സേനയ്ക്കൊപ്പം പൈലറ്റായി താനും ഉണ്ടായിരുന്നെന്ന് ശ്രീവിദ്യ രാജൻ പറയുന്നു
ഗുൻജൻ സക്സേനയെക്കുറിച്ചുള്ള സിനിമ വസ്തുതകൾ വളച്ചൊടിച്ചു, വ്യോമസേനയെയും ഉദ്യോ​ഗസ്ഥരെയും അപകീർത്തിപ്പെടുത്തി: മലയാളി പൈലറ്റ് ശ്രീവിദ്യ രാജൻ 

ജാൻവി കപൂർ നായികയായെത്തിയ ശ്രദ്ധേയ ചിത്രമായ ഗുൻജൻ സക്സേന ദി കാർഗിൽ ഗേളിൽ വസ്തുതകൾ വളച്ചൊടിച്ചതായി വ്യോമസേനയിലെ മലയാളി പൈലറ്റ് ശ്രീവിദ്യ രാജൻ. 1999 കാർഗിൽ യുദ്ധസമയത്ത് പരിക്കേറ്റ ഇന്ത്യൻ ഭടന്മാരെയും കൊണ്ട് അതിർത്തിയിൽ നിന്ന് ആശുപത്രികളിലേക്ക് ഹെലികോപ്റ്റർ പറത്തിയ ​വനിതാ പൈലറ്റ് എന്ന നിലയിലാണ് ഗുൻജൻ‍ സക്സേനയുടെ ജീവിതം പ്രമേയമാക്കി സിനിമ ഒരുക്കിയത്. വ്യോമതാവളത്തിലെ ഏക വനിതാ പൈലറ്റായിരുന്നു സക്സേനയെന്നാണ് സിനിമയിൽ പറയുന്നത്. എന്നാൽ ഉധംപൂരിലെ വ്യോമസേനാ താവളത്തിൽ സക്സേനയ്ക്കൊപ്പം പൈലറ്റായി താനും ഉണ്ടായിരുന്നെന്ന് ശ്രീവിദ്യ രാജൻ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ശ്രീവിദ്യ സിനിമയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയത്. 

1996ൽ ഉധംപൂരിലെ ഹെലികോപ്റ്റർ യൂണിറ്റിൽ തങ്ങൾ ഇരുവരും പോസ്റ്റ് ചെയ്യപ്പെട്ടെന്നും എന്നാൽ ചിത്രത്തിൽ ഗുൻജൻ ഉധംപൂർ വ്യോമസേനാ താവളത്തിലെ ഏക വനിതാ പൈലറ്റ് ആയാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും ശ്രീവിദ്യ ചൂണ്ടിക്കാട്ടുന്നു. മുൻവിധിയോടെയുള്ള പെരുമാറ്റങ്ങൾ ചില പുരുഷന്മാരായ സഹപ്രവർത്തകരിൽ നിന്ന് തങ്ങൾക്കുണ്ടായെങ്കിലും ചിത്രത്തിൽ കാണിക്കുന്നതു പോലെ അത്ര മോശമായിരുന്നില്ല കാര്യങ്ങളെന്ന് ശ്രീവിദ്യ കുറിച്ചു. തങ്ങൾക്ക് പിന്തുണ നൽകുന്ന നിരവധി ഓഫീസർമാരുണ്ടായിരുന്നെന്നാണ് ശ്രീവിദ്യ പറയുന്നത്. പുരുഷന്മാരായ സഹപ്രവർത്തകർക്കൊപ്പം ആണ് തങ്ങളെന്ന് തെളിയിക്കാൻ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ശ്രീവിദ്യയും സമ്മതിക്കുന്നു എന്നാൽ ഭൂരിഭാഗം പേരും തങ്ങളെ തുല്യരായിത്തന്നെയാണ് കണ്ടിരുന്നതെന്ന് അവർ പറഞ്ഞു. 

ചിത്രത്തിൽ കാണിച്ചതു പോലെ പുരുഷന്മാരോളം കായികബലമുണ്ടെന്ന് കാണിക്കേണ്ട സന്ദർഭങ്ങളൊന്നും ഉണ്ടായിട്ടില്ല. സഹ ഓഫീസർമാർ ഒരിക്കലും തങ്ങളെ അത്തരത്തിൽ മോശമായി പരിഗണിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ ശ്രീവിദ്യ പറയുന്നു. 

ചിത്രത്തിൽ കാണിച്ചതു പോലെത്തന്നെ സ്ത്രീകൾക്ക് പ്രത്യേകം ശുചിമുറിയൊന്നും ഉണ്ടായിരുന്നില്ല വ്യോമതാവളത്തിൽ. എന്നാൽ അത്തരം അസൗകര്യങ്ങളോട് വളരെവേഗം തങ്ങൾ പൊരുത്തപ്പെട്ടു.ഗുഞ്ജൻ നൽകിയ വിവരങ്ങൾ വെറും പബ്ലിസിറ്റിക്കു വേണ്ടി സിനിമാ നിർമാതാക്കൾ വളച്ചൊടിച്ചെന്നാണ് താൻ കരുതുന്നതെന്ന് ശ്രീവിദ്യ പറയുന്നു. വളരെ സമർത്ഥയായ ഓഫീസറാണ് ഗുഞ്ജൻ. വളരെ പ്രൊഫഷണലുമാണ്. അവരുടെ നേട്ടങ്ങൾ വരുംതലമുറകൾക്കു വേണ്ടി അവതരിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാൽ പലയിടത്തും അവരെ വളരെ ദുർബലയായി ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം ഐഎഎഫിലെ വനിതാ ഓഫീസർമാരെക്കുറിച്ച് തെറ്റായ സന്ദേശം നൽകുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ അഭിമാനമായ ഒരു സേനയെ തരംതാഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പ് സേനയെ അത് അപകീർത്തിപ്പെടുത്തുന്നില്ലെന്ന് ഗുഞ്ജൻ സക്സേന ഉറപ്പു വരുത്തേണ്ടിയിരുന്നെന്ന് താൻ ആഗ്രഹിച്ചു പോകുകയാണെന്നും ശ്രീവിദ്യ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com