അറം പറ്റിയ പാട്ട്

അദ്ദേഹം പ്രശസ്തിയിലേക്ക് എത്തിയതൊന്നും കാണാന്‍ അമ്മയ്‌ക്കോ സഹോദരനോ ഭാഗ്യമുണ്ടായില്
അറം പറ്റിയ പാട്ട്

കുറുങ്കുഴലിന്റെ ഈണത്തിനും മരങ്കൊട്ടിപാട്ടിന്റെ
താളപ്പെരുക്കത്തിനുമൊപ്പം ചങ്കുകീറി പാടിയ ഒരു മനുഷ്യായുസ്സ്. അതെ, ക്കിടിപ്പുറത്തിന്റെ പ്രാദേശിക സംസ്‌കൃതിയില്‍ നിന്നും ലോകമാകെയുള്ള സംഗീത പ്രേമികളിലേക്ക് നാട്ടുപാട്ടിന്റെ കൈവരിയിലൂടെ 'പാലോം പാലമായും', 'കൈതോലപായ വിരിച്ചും', 'വാനില്‍ ചോട്ടിലെ' മുതല്‍ അവസാന
പാട്ടെന്നവകാശപ്പെടുന്ന അപൂര്‍ണമായ 'വന്മരത്തിന്റെ മോളില്...' വരെ അസംഖ്യം പാട്ടുകള്‍.

ഗോത്ര സംസ്‌കൃതിയുടെ ഈണവും താളവുമൊക്കെതന്നെയാണ് ജിതേഷ് കക്കിടിപ്പുറത്തിന്റെ പാട്ടുകളുടെ ആത്മബലം. ദ്രവീഡിയന്‍
ഗോത്രസംസ്‌കൃതിയുടെ ഊര്‍ജ്ജ പ്രാവഹങ്ങളാണവയത്രയും. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ചില പാട്ടുകള്‍ കണ്ടെടുക്കുകയും അതിനുമപ്പുറമുള്ള പല പാട്ടുകളും വിസ്മൃതിയിലാവുകയും ചെയ്തു.

ഒരുകാലത്ത് കുട്ടികളുടെ തിയേറ്ററായിരുന്നു അദ്ദേഹത്തിന്റെ അരങ്ങും അണിയറയും. കൂടാതെ സ്‌കൂള്‍ യുവജനോത്സവങ്ങള്‍ക്ക് കഥാ പ്രസംഗം, ഒപ്പന, നാടന്‍ പാട്ട്, സംഘനൃത്തം എന്നിവ പരിശീലിപ്പിക്കുയുമെല്ലാമായിരുന്നു തൊഴില്‍. പിന്നീട് ഒരു റിയാലിറ്റി ഷോയില്‍ കുട്ടികള്‍ കൈതോല' പാടിയപ്പോള്‍ അന്ന് വിധി കര്‍ത്താക്കളായിരുന്ന ചിത്രയും വേണുഗോപാലും ഒരേ സ്വരത്തില്‍ അജ്ഞാത കര്‍തൃകമെങ്കിലും പേരറിയാത്തൊരു
പ്രതിഭാശാലിയായിരിക്കണം ഇതിന്റെ കര്‍ത്താവെന്ന് അഭിപ്രായപ്പെട്ടു. പിന്നീടാണ് ചാനലില്‍ വരികയും പാട്ട് പോപ്പുലറാവുകയും ചെയ്തത്. അതുകൊണ്ടു തന്നെ പാട്ടുകളെ ഇപ്പോള്‍ നോക്കിക്കാണുന്നത് മൂന്നു തലത്തിലാണ്. പോപ്പുലറാവുന്നതിന് മുന്‍പ് കല്ല്യാണ വീടുകളിലും മറ്റുമായി പാടിനടന്ന പാട്ടുകള്‍. അന്ന് നാടന്‍ പാട്ടായി അംഗീകരിക്കുകയേ ചെയ്തിരുന്നില്ല. പിന്നെ ചാനലില്‍ വന്നതോടെ നാടന്‍ പാട്ടായി പരക്കെ സ്വീകാര്യത കിട്ടി. എന്നാലിപ്പോഴാവട്ടെ
സാവിത്രിരാജീവനെ പോലെയുള്ള കവയത്രികള്‍ 'പാട്ടുകള്‍ കവിത്വമുള്ളതാണതെന്നും' മറ്റും ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ചുരുക്കി പറഞ്ഞാല്‍ നാടകാന്തം കവിത്വമെന്നുള്ളത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ അര്‍ത്ഥവത്തെന്ന് സാരം.

വൈകല്യത്തെ അതിജീവിച്ച കുട്ടി

കുഞ്ഞുനാളില്‍ കാലിന് വൈകല്യമുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു ജിതേഷ് എന്ന് പ്രിയപ്പെട്ടവര്‍. അവരുടെ ഓര്‍മ്മകളിലിപ്പോഴും വള്ളിട്രൗസറിട്ടു നടക്കുന്ന ചെറിയ പയ്യനാണ്. പരിചരണങ്ങളില്ലാതെ സ്വന്തം ഇച്ഛാശക്തികൊണ്ട്
ഇതിനെ മറികടന്നുവെന്നു വേണം പറയാന്‍.

പന്ത് സിനിമയിലെ പാട്ട് എഴുതിയതും ആലപിച്ചതും ജിതേഷ് തന്നെ. പല പ്രോജക്ടുകളും പാതി വഴിയില്‍ ഉപേക്ഷിച്ചാണ് ജിതേഷ് പോയത്. അക്കൂട്ടത്തില്‍ കഥാപ്രസംഗം മുതല്‍ സിനിമ വരെ പലതുമുണ്ടായിരുന്നു.
കൊണ്ടാടപ്പെട്ട 'പാലോം പാലോം' എന്ന പാട്ടില്‍ അവസാനത്തെ ഹമ്മിങ്ങ് ബിസ്മില്ലാഖാന്റെ ഷെഹനായിയോട് കിടപിടിക്കുന്ന കുറുങ്കുഴലിന്റെ സാധ്യത പ്രയോജനപ്പെടുത്തിയതായിരുന്നു. ഗോത്രസംഗീതോപകരമായ കുറുങ്കുഴലിന്റെ സാധ്യത ഇത്രമേല്‍ പ്രയോജനപ്പെടുത്തിയ മറ്റൊരു സംഗീതസംവിധായകനില്ല.


നാട്ടുപാട്ടിന്റെ ജൈവികത

ആത്മാവിഷ്‌കാരത്തിന്റെ സമന്വതയോടൊപ്പം നാട്ടുപാട്ടിന്റെ ജൈവികതയും കെട്ടുപിണഞ്ഞതായിരുന്നു ജിതേഷിന്റെ പാട്ടുകള്‍. 'മഴക്കാറുപോലത്തെ മോറ്', 'കാറമുള്ളോണ്ട് കാത് കുത്തണ', 'കെറുവിക്കല്ലേ..', ഇങ്ങനെ ധാരാളം പദാവലികള്‍. ഗോത്ര സംസ്‌കൃതിയുടെ ആഴപ്പെരുപ്പം അടയാളപ്പെടുത്താന്‍
ഇതിലധികം എന്തുവേണം? കൂടാതെ ജിതേഷിന്റെ അച്ഛന്‍ കെട്ടിയാട്ടങ്ങള്‍ക്ക് മരം കൊട്ടിപ്പാടിയിരുന്ന ഒരു കലാകാരനായിരുന്നു. അന്തരിച്ച സഹോദരനും
പാട്ടുകാരനായിരുന്നു. മറ്റൊരു ജേഷ്ഠ സഹോദരന്‍ ഉണ്ണി ഗഗരി വടക്കേ ഇന്ത്യയില്‍ വലിയ ഉസ്താദുമാരില്‍ നിന്നെല്ലാം ഹിന്ദുസ്ഥാനി സംഗീതം പഠിച്ചയാളാണ്. ചെറിയേട്ടനെന്നു വിളിക്കുന്ന അദ്ദേഹവുമായുള്ള സമ്പര്‍ക്കം
ജിതേഷിന്റെ സംഗീതത്തിന്റെ അടിസ്ഥാന ധാരണകള്‍ക്ക് ആധാരമായിരിക്കാം.

പ്രതിഭയുടെ പകര്‍ന്നാട്ടങ്ങള്‍

സംസ്ഥാന കേരളോത്സവത്തില്‍ അകമ്പടി വാദ്യോപകരണങ്ങളില്ലാതെ പോലും കഥാപ്രസംഗത്തിന് ഹാട്രിക്. എഴുതി ചിട്ടപ്പെടുത്തിയ ലളിത ഗാനങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ കലോത്സവത്തില്‍ വരെ ഒന്നാം സ്ഥാനം. കലാഭവന്‍ മണിക്കേറെ പ്രിയം തന്റെ പാട്ടുകളില്‍ കൈതോലയെന്ന് ജിതേഷ്. ജിതേഷിന്റെ നാളിതുവരേയുള്ള എല്ലാ പാട്ടുകളും അദ്ദേഹത്തിന്റെ തന്നെ വരികളാണ്. എന്നാല്‍ ശേഖരിക്കപ്പെടാതെ പോയ പല പാട്ടുകളും അടുത്ത
സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നിരിക്കണം.

അറംപറ്റിയ പാട്ട്

അമ്മയായിരുന്നു ജിതേഷിനെന്നും പ്രചോദനവും പ്രോത്സാഹനവും. അമ്മയ്ക്കു സമര്‍പ്പിച്ച ഒരു പാട്ടുതന്നെ അക്കൂട്ടത്തിലുണ്ട് 'എന്ത് കെടപ്പാണ്
കെടക്ക്ണത് എന്നമ്മ..' അതുകൊണ്ട് തന്നെയാകണം മിക്ക പാട്ടുകളിലും അമ്മ സങ്കല്‍പങ്ങള്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. എന്നാല്‍ അദ്ദേഹം പ്രശസ്തിയിലേക്ക് എത്തിയതൊന്നും കാണാന്‍ അമ്മയ്‌ക്കോ സഹോദരനോ ഭാഗ്യമുണ്ടായില്ല.


ഒരുകാലത്ത് കേരളോത്സവങ്ങളില്‍ വളരെ കൊണ്ടാടപ്പെട്ട പാട്ടാണ് 'പഴയൊരു തംബുരു കൈകളിലേന്തും'. ശിവരഞ്ജിനി രാഗത്തിന്റെ ഭാവസാന്ദ്രതയില്‍ ചിട്ടപ്പെടുത്തിയ പാട്ടിന്റെ ചരണത്തിലേക്കെത്തുമ്പോള്‍

' ഇലകള്‍ പൊഴിഞ്ഞൊരു തരുവാണെന്‍ മനം
പൂക്കാത്ത പൂമരമായിരുന്നു.
ആമര ചോട്ടിലെന്‍ ദുഃഖ ഭാണ്ഡം
ഇറക്കി വെച്ചേ ഞാനിരിക്കും
അവിടെയെന്‍ പ്രാണന്‍ വെടിയും
അവിടെയെന്‍ സ്വപ്‌നം കരിയും'


ഇത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ അറംപറ്റിയ പാട്ടായി
അവശേഷിക്കുകയാണിന്ന്. അസാമാന്യ പ്രതിഭയുടെ പകര്‍ന്നാട്ടങ്ങളെ കുറിച്ചുള്ള ഈ സ്മരണകളത്രയും അവശേഷിക്കുമ്പോള്‍ കവി വാക്യങ്ങളാണോര്‍മ്മയില്‍ കേട്ട ഗാനങ്ങള്‍ അതിമധുരം കേള്‍ക്കാത്തവ അതിലും മധുരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com