ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിലേക്ക് മാറ്റും; കോയമ്പത്തൂരിൽ നിന്നും പ്രത്യേക ആംബുലൻസിൽ, വഴി നൽകണമെന്ന് കുടുംബത്തിന്റെ അഭ്യർത്ഥന 

പ്രത്യേക ഐസിയു ആംബുലൻസിലാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുവരുന്നത്
നരണിപ്പുഴ ഷാനവാസ്/ ഫയല്‍ ചിത്രം
നരണിപ്പുഴ ഷാനവാസ്/ ഫയല്‍ ചിത്രം

കോയമ്പത്തൂർ: അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കോയമ്പത്തൂരിൽ നിന്നും കൊച്ചിയിലേക്ക് മാറ്റുന്നു. പ്രത്യേക ഐസിയു ആംബുലൻസിലാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുവരുന്നത്. ഇന്ന് വൈകീട്ടോടെ ആംബുലൻസ് കോയമ്പത്തൂരിൽ നിന്നും പുറപ്പെടും. 

ജീവൻ നിലനിർത്താൻ അത്യാധുനിക സംവിധാനങ്ങളുള്ള പ്രത്യേക ആംബുലൻസിലാണ് കൊണ്ടുവരുന്നത്. ആംബുലൻസിന് അതിവേഗം കൊച്ചിയിൽ എത്തേണ്ടതിനാൽ വഴിയൊരുക്കി സഹായിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്. KL 09 AK 3990 നമ്പർ ആംബുലൻസിലാണ് സംവിധായകനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. വാളയാർ, വടക്കഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴി ആണ് ആംബുലൻസ് കൊച്ചിയിൽ എത്തുക.

ഇന്ന് രാവിലെ ഷാനവാസ് അന്തരിച്ചെന്ന് ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഫേസ്ബുക്ക് പേജിലെ അറിയിപ്പിനെ തിടർന്നാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ നടനും നിർമാതാവുമായ വിജയ് ബാബു പ്രചാരണം തെറ്റാണെന്ന് അറിയിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരിക്കുകയാണെന്നും ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ടെന്നും വിജയ് ബാബു അറിയിച്ചു. 

ഹൃദയാഘാതത്തെ തുടർന്നാണ് ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.  ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിർമ്മിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com