സൂപ്പര്‍താരം നയന്‍താര പോലും കറിവേപ്പില പോലെ ; ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം? ; തുറന്നടിച്ച് ഷീല

കാരവന്‍ വന്നപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനുകളിലെ കൂട്ടായ്മകള്‍ ഇല്ലാതായി. പരസ്പര സ്‌നേഹം കുറഞ്ഞു. സ്വാര്‍ഥത കൂടി
സൂപ്പര്‍താരം നയന്‍താര പോലും കറിവേപ്പില പോലെ ; ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം? ; തുറന്നടിച്ച് ഷീല

തിരുവനന്തപുരം : സാങ്കേതിക വിദ്യ വളര്‍ന്നതോടെ അഭിനയം എളുപ്പമായെന്നും, കഥയില്ലാതെയും പടമെടുക്കാമെന്ന അവസ്ഥയാണെന്നും നടി ഷീല. ബിഗ് ബജറ്റ് പടങ്ങള്‍ വന്നപ്പോള്‍ നായിക ഇല്ലാതായി. ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ? പഴയ കാലത്തേതുപോലെ നല്ല കഥാപാത്രങ്ങളെ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പര്‍താരം നയന്‍താര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ കാണും. പിന്നെ കാണില്ല. ഷീല തുറന്നടിച്ചു.

പണ്ടുകാലത്ത് നടിമാര്‍ വണ്ണം കൂട്ടാന്‍ വേണ്ടി തിന്നുകൂട്ടി. ഞങ്ങളുടെയൊക്കെ കാലത്ത് നായികമാര്‍ക്കു വണ്ണം വേണം. ശരീരപുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിനു പുറമെ ഇന്‍ജക്ഷനും എടുക്കും. ഇന്നു നടികള്‍ പട്ടിണി കിടന്നു വണ്ണം കുറയ്ക്കുകയാണ്. സങ്കടം തോന്നും. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം? ഇഷ്ടമുള്ളതു വയറു നിറയെ കഴിക്കാന്‍ യോഗമില്ല.

ഇന്ന് സിനിമയില്‍ എല്ലാം സ്വാഭാവികമാണ്. പഴയ സിനിമയിലെ ഡയലോഗുകളും അഭിനയവുമൊക്കെ പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് കൃത്രിമമായി തോന്നും. പക്ഷേ അന്നത്തെ പരിമിതികളും ഓര്‍ക്കണം. ഇന്നത്തെപ്പോലെ വസ്ത്രത്തില്‍ കുത്തിവയ്ക്കുന്ന മൈക്രോഫോണില്ല. ഞാനും നസീറും രഹസ്യം പറഞ്ഞാലും ഉറക്കെ പറയണം. അല്ലെങ്കില്‍ ഫാനിന്റെ ഉയരത്തില്‍ തൂക്കിയിട്ട മൈക്രോഫോണ്‍ പിടിച്ചെടുക്കില്ല. മാത്രമല്ല, അന്നത്തെ തിരക്കഥാകൃത്തുക്കളൊക്കെ നാടകത്തില്‍ നിന്നു വന്നവരാണ്. പക്ഷേ അന്നു ഞങ്ങള്‍ പറഞ്ഞത് ശുദ്ധ മലയാളമാണ്. ഇന്നു സംസാരിക്കുന്നത് മംഗ്ലിഷല്ലേയെന്നും ഷീല ചോദിച്ചു.

കാരവന്‍ വന്നപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനുകളിലെ കൂട്ടായ്മകള്‍ ഇല്ലാതായി. പരസ്പര സ്‌നേഹം കുറഞ്ഞു. സ്വാര്‍ഥത കൂടി. ഞങ്ങളുടെ കാലത്ത് ചൂടും വെയിലും സഹിച്ചു കല്ലിലും മുള്ളിലും ചെരിപ്പിടാതെ നടന്നാണ്  നാടന്‍ പെണ്ണായി അഭിനയിച്ചത്. കാലിനു നീരു വന്നിട്ടുണ്ട്. ഇന്നു ചെരിപ്പിട്ടു നടന്നാലും ഇട്ടിട്ടില്ലെന്നു തോന്നിപ്പിക്കാന്‍ സാങ്കേതിക വിദ്യ കൊണ്ടു കഴിയും. അഭിനയം മടുത്തപ്പോഴാണ് സംവിധായികയുടെ കുപ്പായമണിഞ്ഞത്. എളുപ്പമുള്ള പണിയല്ലെന്നറിഞ്ഞാണ് പിന്‍മാറിയത്. ഷീല അഭിനയിച്ചാല്‍ പോരേ എന്തിനാണ് പടം പിടിക്കുന്നത് എന്ന ഭാവമായിരുന്നു പലര്‍ക്കും. സംവിധാനം ചെയ്യുന്നത് താനല്ല, നടന്‍ മധുവാണെന്നും വരെ പലരും പ്രചരിപ്പിച്ചു.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ പഠിപ്പിക്കണമെന്നാണ് തന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കുട്ടികള്‍ ഏതു സ്‌കൂളില്‍ പഠിക്കുന്നു എന്നു വെളിപ്പെടുത്തണം. സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നവര്‍ക്ക് ജനപ്രതിനിധികളാകാന്‍ യോഗ്യതയില്ലെന്നും ഷീല അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com