'ഈ സിനിമകള്‍ കണ്ടപ്പോള്‍ എന്നെപ്പോലുള്ളവര്‍ വിരമിക്കേണ്ട സമയമായെന്നു തോന്നി'; പ്രിയദര്‍ശന്‍

കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ തുടങ്ങിയ സിനിമ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സാധിക്കാത്തത് എന്ന്
'ഈ സിനിമകള്‍ കണ്ടപ്പോള്‍ എന്നെപ്പോലുള്ളവര്‍ വിരമിക്കേണ്ട സമയമായെന്നു തോന്നി'; പ്രിയദര്‍ശന്‍

ലയാളത്തിലെ മാത്രമല്ല ബോളിവുഡിലേയും സൂപ്പര്‍ സംവിധായകനാണ് പ്രിയദര്‍ശന്‍. നിരവധി സൂപ്പര്‍ഹിറ്റുകളാണ് പ്രിയദര്‍ശന്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ മലയാളത്തില്‍ ഇപ്പോള്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ കണ്ടാല്‍ തനിക്ക് വിരമിക്കേണ്ട സമയമായതായി തോന്നാറുണ്ട് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ഇടയിലാണ് മലയാളത്തിന്റെ യുവനിരയെ പ്രിയദര്‍ശന്‍ പ്രശംസിച്ചത്. ഇന്നത്തെ സംവിധായകര്‍ പ്രതിഭകളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 

''ഇന്നത്തെ സംവിധായകര്‍ പ്രതിഭകളാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ തുടങ്ങിയ സിനിമ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സാധിക്കാത്തത് എന്ന്. മലയാള സിനിമയിലെ കഥയും അഭിനയവുമെല്ലാം വളരെ റിയലിസ്റ്റിക്കായി. എന്നെപ്പോലുള്ള ആളുകള്‍ വിരമിക്കേണ്ട സമയമായി എന്ന് പോലും തോന്നാറുണ്ട്. '' പ്രിയദര്‍ശന്‍ പറഞ്ഞു. 

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടികെട്ടില്‍ ഹിറ്റായ ചിത്രങ്ങളെല്ലാം ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ഇറങ്ങിയവയായിരുന്നു. എന്നാല്‍ ഇനി ഒരു ഹാസ്യ സിനിമ ചെയ്യാന്‍ തനിക്ക് ധൈര്യമില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. കുതിരവട്ടം പപ്പു, സുകുമാരി, തിലകന്‍ തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളുടെ അഭാവമാണ് തന്നെ അങ്ങനെ ചിന്തിപ്പിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പുതിയ തലമുറയില്‍ അങ്ങനെയുള്ള നടന്മാരുണ്ടോ എന്ന് സംശയമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ബോളിവുഡില്‍ നിലനില്‍ക്കുന്ന വിവേചനത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. ബോളിവുഡില്‍ തെക്കു വടക്കു വിവേചനമുണ്ടെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. തെന്നിന്ത്യയിലെ അതേ പശ്ചാത്തലത്തില്‍ തന്നെ കഥ പറിച്ചു നടുന്നതുകൊണ്ടാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രങ്ങള്‍ പരാജയപ്പെടുന്നത്. താന്‍ അതിനെ മാറ്റിയെടുത്തതോടെയാണ് തന്റെ സിനിമ വിജയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com