'എനിക്ക് ഏറ്റവും മികച്ച വര്‍ഷം, എന്റെ അമ്മ ഒരുപാട് പുതിയ പേരുകള്‍ പഠിച്ചു'; കുറിപ്പുമായി അനില്‍ രാധാകൃഷ്ണ മേനോന്‍

ബിനീഷ് ബാസ്റ്റിനോട് അനില്‍ രാധാകൃഷ്ണ മേനോന്‍ ജാതീയവും വംശീയവുമായ വിവേചനം കാണിച്ചുവെന്നതായിരുന്നു വിവാദം
'എനിക്ക് ഏറ്റവും മികച്ച വര്‍ഷം, എന്റെ അമ്മ ഒരുപാട് പുതിയ പേരുകള്‍ പഠിച്ചു'; കുറിപ്പുമായി അനില്‍ രാധാകൃഷ്ണ മേനോന്‍

ഴിഞ്ഞ വര്‍ഷം മലയാളികള്‍ ഏറ്റവും ചര്‍ച്ചചെയ്ത പേരുകളില്‍ ഒന്നാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. നടന്‍ ബിനീഷ് ബാസ്റ്റിനുമായി ബന്ധപ്പെട്ട വിവാദമാണ് അനിലിനെ വാര്‍ത്തകളില്‍ നിറച്ചത്. ഇപ്പോള്‍ തന്റെ കഴിഞ്ഞ വര്‍ഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് അദ്ദേഹം. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2019 എന്നാണ് അനില്‍ പറയുന്നത്. 

2019 എന്നെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു. എന്റെ അമ്മ ഒരുപാട് പുതിയ പേരുകള്‍ പഠിച്ചു. എല്ലാവര്‍ക്കും നന്ദിയുണ്ട്. സ്‌നേഹം മാത്രം' അനില്‍ കുറിച്ചു. ബിനീഷ് ബാസ്റ്റിനോട് അനില്‍ രാധാകൃഷ്ണ മേനോന്‍ ജാതീയവും വംശീയവുമായ വിവേചനം കാണിച്ചുവെന്നതായിരുന്നു വിവാദം. തുടര്‍ന്ന് അദ്ദേഹത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അനിലിന്റെ അമ്മയ്ക്ക് നേരെ പോലും സൈബര്‍ ആക്രമണമുണ്ടായി. തെറിവിളിയും ആക്ഷേപവുമായാണ് ചിലര്‍ അനിലിനും കുടുംബത്തിനും നേരെ ആക്രമണം നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അനിലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

പാലക്കാട് മെഡിക്കല്‍ കോളേജിലെ കൊളജ് ഡേയ്ക്കിടയിലാണ് വിവാദം അരങ്ങേറിയത്. ചടങ്ങില്‍ ബിനീഷിനെയാണ് അതിഥിയായി ക്ഷണിച്ചിരുന്നത്. കോളേജ് മാസിക പ്രകാശനം ചെയ്യാനാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ എത്തിയത്. എന്നാല്‍  തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് അനില്‍ പറഞ്ഞുവെന്ന് ബിനീഷിനെ കൊളജ് അധികൃതര്‍ അറിയിച്ചു. പരിപാടി നടക്കുന്നതിനിടെ അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് പ്രതിഷേധിച്ച ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായി.

വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതോടെ ക്ഷമാപണവുമായി അനില്‍ രംഗത്തെത്തിയിരുന്നു. ബിനീഷ് ആയതുകൊണ്ടല്ല, പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്നാണ് സംഘാടകരോട് പറഞ്ഞത് എന്നാണ് അദ്ദേഹം പറഞ്ഞത്. തുടക്കത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ അനിലിന് എതിരേ ഉയര്‍ന്നെങ്കിലും പിന്നീട് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് സിനിമയില്‍ നിന്നുള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com