സച്ചിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം; കണ്ണുകള്‍ ദാനം ചെയ്തു, ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം

ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചി സിനിമയിലെത്തിയത്
സച്ചിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം; കണ്ണുകള്‍ ദാനം ചെയ്തു, ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം

കൊച്ചി: അന്തരിച്ച പ്രശസ്ത ചലിച്ചിത്ര സംവിധായകന്‍ സച്ചിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടത്തും. 9.30മുതല്‍ 10.30വരെ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം നടത്തും. സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. 

അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സച്ചി വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്ക് തിങ്കളാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററിലേക്ക് മാറ്റി. തലച്ചോറിലേക്ക് രക്തമെത്തുന്നത് നിലച്ചതാണ് ഗുരുതരാവസ്ഥയിലാക്കിയത്. ഇന്നലെ രാത്രി 10.30ഓടെ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചി സിനിമയിലെത്തിയത്. സേതുവുമായി ചേര്‍ന്ന് എഴുതിയ ചോക്ലേറ്റ് ആയിരുന്നു ആദ്യ സിനിമ. റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ സേതുവിനൊപ്പം എഴുതി. 

ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ ആണ് ആദ്യം ഒറ്റയ്ക്ക് തിരക്കഥയെഴുതിയ ചിത്രം. ആദ്യം സംവിധാനം ചെയ്ത അനാര്‍ക്കലിയും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു. ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, ഷെര്‍ലക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണു മറ്റു തിരക്കഥകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com