'ഈ നിമിഷത്തിന്റെ നിർവൃതിയിൽ മംഗളം നേരുന്നു ഞാൻ'; ശ്രീകുമാരൻ തമ്പിയുടെ വരികൾ കോർത്ത് പിറന്നാൾ ആശംസയുമായി മധു

ശ്രീകുമാരൻ തമ്പി സാർ തനിക്ക് ​ഗുരുതുല്യനാണെന്നും മധു കുറിക്കുന്നുണ്ട്
'ഈ നിമിഷത്തിന്റെ നിർവൃതിയിൽ മംഗളം നേരുന്നു ഞാൻ'; ശ്രീകുമാരൻ തമ്പിയുടെ വരികൾ കോർത്ത് പിറന്നാൾ ആശംസയുമായി മധു

ലയാളത്തിന്റെ പ്രിയപ്പെട്ട ​ഗാനരചയീതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി എൺപതാം പിറന്നാൾ നിറവിലാണ്. അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് നിരവധി പ്രമുഖരാണ് രം​ഗത്തെത്തിയത്. ശ്രീകുമാരൻ തമ്പിക്ക് സംവിധായകൻ കെ മധു നൽകിയ  പിറന്നാൾ ആശംസയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രിയ എഴുത്തുകാരന്റെ ​ഗാനങ്ങളിലെ ആദ്യ വരി കൂട്ടിച്ചേർത്ത് ഒരുക്കിയ കുറിപ്പിലൂടെയാണ് പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്. ശ്രീകുമാരൻ തമ്പി സാർ തനിക്ക് ​ഗുരുതുല്യനാണെന്നും മധു കുറിക്കുന്നുണ്ട്.
 
മധുവിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം 

ശ്രീകുമാരൻ തമ്പി സാർ എനിക്ക് ഗുരു തുല്യനാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ തമ്പിസാറിനും പ്രിയപ്പെട്ടവരാണ്. ഒരാൾ എന്റെ അച്ഛൻ വൈപ്പിൽ കൃഷ്ണൻ നായർ. അച്ഛൻ ജീവിച്ചിരുന്ന കാലത്ത് തമ്പി സാർ എക്കാലവും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഇന്നും ആ ബഹുമാനം അദ്ദേഹം മനസിൽ സൂക്ഷിക്കുന്നു എന്നതിന് നേരിൽ തൊട്ടറിഞ്ഞ നിരവധി മുഹൂർത്തങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. മറ്റൊരാൾ എന്റെ ഗുരുനാഥൻ ശ്രീ.എം.കൃഷ്ണൻ നായർ സാറാണ്. തമ്പിസാർ ആദ്യമായി തിരക്കഥ എഴുതുന്നത് കൃഷ്ണൻ നായർ സാർ സംവിധാനം ചെയ്ത ചിത്രമേള എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. അതു കൊണ്ട്‌ തന്നെ കൃഷ്ണൻ നായർ സാർ തമ്പി സാറിനു ഗുരുസ്ഥാനീയൻ തന്നെയായിരുന്നു.. ഈ ബന്ധങ്ങൾ കൊണ്ട്‌ കൂടിയാവാം ഹരിപ്പാട്ടു നിന്നും മലയാള സിനിമയിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി എത്തിയ എന്നെ തമ്പി സാർ എന്നും ചേർത്ത് പിടിച്ചിട്ടേയുള്ളു.

ആ നെഞ്ചകത്തെ പാട്ടിന്റെ പാലാഴിയിൽ നിന്നും ഉയർന്നു വന്ന സിന്ദൂരപ്പൊട്ടു തൊട്ട, നീലക്കുട നിവർത്തിയ കാവ്യ ത്രിപുരസുന്ദരിമാർ എത്രയെത്ര...ആറാട്ടിന്‌ ആനകൾ എഴുന്നള്ളിയ ചെട്ടികുളങ്ങര ഭരണി നാളിൽ ഉത്സവം കണ്ടു മടങ്ങിയ നാളുകൾ, കാലം മാറി വരികയും കാറ്റിൻ ഗതി മാറുകയും ചെയ്തപ്പോൾ വെള്ളില കിങ്ങിണി താഴ്‌വരയിൽ നിന്നും നീലനിശീഥിനികളിൽ കുംഭമാസ നിലാവ് പോലെ ഇറങ്ങിവന്ന കാവ്യ നർത്തകിമാർ എത്രയെത്ര... അശോകപൂർണിമ വിടരും യാമങ്ങളിൽ ഗോവർധനഗിരി കയ്യിലേന്തിയ ദേവഗായകാ.. മനസ്സിൽ ഉണർന്ന ഉഷസന്ധ്യകളിലെ നക്ഷത്രരാജ്യത്തെ സ്വർഗ്ഗനന്ദിനി മാരെ... 

ഇഴനൊന്തു തകർന്നൊരു മണി വീണ കൊണ്ട് ദുഃഖത്തിന് പുലർകാല വന്ദനം നൽകിയ വിരുന്നുകാരായ നക്ഷത്ര കിന്നരന്മാരെ.. പഞ്ചമി ചന്ദ്രിക തൊട്ടു വിളിച്ചപ്പോൾ നാണിച്ചു നിന്ന താമരപ്പൂക്കളെ.. മണി മണിവർണ്ണനില്ലാത്ത സങ്കല്പ വൃന്ദാവനത്തിൽ പൊൻവെയിലിൻ മണിക്കച്ച അഴിച്ചുവച്ച പ്രിയതമേ പ്രഭാതമേ.. ചന്ദ്രബിംബം നെഞ്ചിലേറ്റിയ പുള്ളിമാനേ.. ദേവ നന്ദിനി തീരഭൂമിയിൽ അകലെ അകലെ നീലാകാശം തേടിപ്പോയ ആകാശദീപമേ... ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തമേ.. ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ.. വൈക്കത്തഷ്ടമി നാളിൽ ഉത്തരാസ്വയംവരം പാടുന്ന അശ്വതി നക്ഷത്രമേ.. എത്ര ചിരിച്ചാലും ചിരി തീരാത്ത തുള്ളിയോടും പുള്ളിമാനേ... 

പവിഴം കൊണ്ടൊരു കൊട്ടാരത്തിൽ വിരുന്നിനു പോയ ഈശ്വരന് നക്ഷത്ര മണ്ഡല നട തുറന്ന ജയിക്കാനായി ജനിച്ചവനേ.. ഓടിപ്പോയ വസന്തകാലത്ത് ചന്ദ്രക്കല മാനത്തു വിരിഞ്ഞ സാന്ധ്യ താരകകളേ... കസ്തൂരി മണക്കുന്ന തിരുവോണ പുലരികളിൽ പൂജാപുഷ്പങ്ങളെപ്പോൾ വാല്ക്കണ്ണെഴുതിയ ലജ്ജാവതികളെ; താരകേശ്വരിമാരെ... സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ സ്വരരാഗ മധുതൂവും ശാരദ രജനികളെ.. ആവണിപ്പൊൻപുലരികളിൽ കന്യകയായി മാറിയ വസന്തമേ.. ഉഷസ്സാംസ്വർണ്ണ താമരയെ തേടി തേടി അലഞ്ഞ ചിരിതൂകും നന്ദ്യാർവട്ട പൂക്കളെ.. 

പാലരുവിക്കരയിൽ മുത്തു കിലുക്കി സിന്ദൂരകിരണവുമായ് ജീവിതേശ്വരിക്കേകുവാൻ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സ്വർണ്ണ ഗോപുര നർത്തകി ശിൽപം തീർത്ത കുയിലിന്റെ മണി നാദമേ.. കാലത്തിൻറെ അജ്ഞാത കാമുകാ.. അമ്പിളി വിടരും പൊന്മാനത്ത് ഏഴിലം പാലപൂങ്കൊമ്പിലെ രാക്കുയിലിൻ രാഗസദസ്സിലെ രാഗമാലികാ മാധുരി.. നിൻ മന്ദഹാസം ചന്ദ്രികയാക്കിയ ഹൃദയവാഹിനി ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായി.. ഇലഞ്ഞി പൂമണം ഒഴുകിവരുന്ന ഒരു ദേവൻ വാഴുന്ന മലയാള ഭാഷതൻ കാവ്യ മരുഭൂമിയിൽ വന്ന മാധവമേ.. പുഷ്പതല്പത്തിൽ പുഷ്പാഭരണവും തിരുഭാഭരണവും ചാർത്തി സ്വാതിതിരുനാളിൻ കാമിനി മാരോടോത്ത് ഗോപീചന്ദന കുറി അണിയിച്ച്‌ ഈ നിമിഷത്തിന്റെ നിർവൃതിയിൽ അങ്ങേയ്ക്ക് മംഗളം നേരുന്നു ഞാൻ.

പ്രിയ തമ്പി സാറിന് ജന്മദിന ആശംസകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com