ഗായകന്‍ സീറോ ബാബു അന്തരിച്ചു

ഗായകന്‍ സീറോ ബാബു അന്തരിച്ചു

കുടുംബിനി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സിനിമയ്ക്കായി പാടുന്നത്

കൊച്ചി: പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു അന്തരിച്ചു. 80 വയസായിരുന്നു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്. 

 കുടുംബിനി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സിനിമയ്ക്കായി പാടുന്നത്. അഭയദേവാണ് ആ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പിജെ ആന്റണിയുടെ  'ദൈവവും മനുഷ്യനും' എന്ന നാടകത്തിലെ ഗാനം 'ഓപ്പണ്‍ സീറോ വന്നു കഴിഞ്ഞാല്‍ വാങ്ങും ഞാനൊരു മോട്ടോര്‍ കാര്‍ 'എന്ന ഗാനമാണ് കെജെ ബാബു എന്ന ഗായകനെ സീറോ ബാബു എന്നാക്കിയത്.

പോര്‍ട്ടര്‍ കുഞ്ഞാലിയില്‍ ശ്രീമൂലനഗരം വിജയന്റെ വരികള്‍ക്കു ബാബുരാജ് സംഗീതം പകര്‍ന്ന ഗാനം, വണ്ടിക്കാരന്‍ ബീരാന്‍കാക്ക...ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലെ മുണ്ടോന്‍ പാടത്തു കൊയ്ത്തിനു വന്നപ്പോ... ബാബുവിന്റെ ശബ്ദം ആസ്വാദകരിലെത്തി. സുബൈദ, അവള്‍, ഇത്തിക്കരപ്പക്കി തുടങ്ങിയ ചിത്രങ്ങളിലും ബാബു പാടിയിട്ടുണ്ട്. വിസ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പാടി അഭിനയിച്ച, സംഗതി കുഴഞ്ഞല്ലോ, തലയൊക്കെ കറങ്ങണൂ പടച്ചോനേ എന്ന ഗാനവും ബാബുവിന്റെ ശബ്ദം രേഖപ്പെടുത്തി. സത്യന്‍ അന്തിക്കാടിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണം, ഫാസില്‍ ചിത്രമായ മറക്കില്ലൊരിക്കലും എന്നീ സിനിമകളുടെ സംഗീതസംവിധായകനും സീറോ ബാബുവായിരുന്നു. ചില സിനിമകളില്‍ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു. 

അഞ്ചു സുന്ദരികള്‍, മാടത്തെരുവി കൊലക്കേസ്, തോമാസ്ലീഹ, സിദ്ധിക്ക്‌ലാല്‍ സംവിധാനം ചെയ്ത കാബൂളിവാലയില്‍ പിറന്നൊരീ മണ്ണും എന്ന ഗാനം ആലപിക്കുന്ന ഗായകന്‍, രണ്ടാം ഭാവത്തിലെ ഗസല്‍ഗായകന്‍. വിദേശത്തടക്കം നിരവധി വേദികളില്‍ എല്ലാത്തരം ഗാനങ്ങളും പാടി.2005ല്‍ കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരവും ബാബുവിനു ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com