യുവനടീനടന്മാര്‍ മയക്കുമരുന്ന് മാഫിയയുടെ കയ്യില്‍; വീഡിയോകളും ചിത്രങ്ങളും അടക്കം തെളിവുകള്‍ ; 15 പേരുടെ വിവരങ്ങള്‍ കൈമാറിയെന്ന് ലങ്കേഷ് 

ഒരു നടി ലഹരിമരുന്ന് ഉപയോഗിച്ചശേഷം പാര്‍ട്ടിയില്‍ അപമര്യാദയായി പെരുമാറുന്നതിന്റെ വിഡിയോയും നല്‍കിയിട്ടുണ്ട്
ലങ്കേഷ്, അനിഖ
ലങ്കേഷ്, അനിഖ

ബംഗലൂരു :  ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള കന്നഡ സിനിമാപ്രവര്‍ത്തകരായ  പതിനഞ്ചോളം പേരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറിയെന്ന് സിനിമാ സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ്. സിനിമാ നടീ നടന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് കൈമാറിയത്. നിരവധി വീഡിയോകളും ചിത്രങ്ങളും അടക്കമുള്ള തെളിവുകള്‍ കൈമാറിയതായി ലങ്കേഷ് പറഞ്ഞു. 

ഏതാനും ചില യുവനടീനടന്മാര്‍ മയക്കുമരുന്ന് സംഘത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുകയാണ്. ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളതായി തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും പൊലീസിന് കൈമാറി. താന്‍ നല്‍കിയ തെളിവുകള്‍ കണ്ട് അന്വേഷണസംഘം ഞെട്ടിത്തരിച്ചുപോയെന്നും ഇന്ദ്രജിത്ത് ലങ്കേഷ് പറഞ്ഞു. 

ഇന്ദ്രജിത്ത് ലങ്കേഷിനെ തിങ്കളാഴ്ച സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍ക്കോട്ടിക്‌സ് വിഭാഗം അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സിനിമാ പ്രവര്‍ത്തകരും ലഹരിമരുന്നു ഡീലര്‍മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. എല്ലാം വിഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. താന്‍ നല്‍കിയ തെളിവുകളില്‍ അന്വേഷണസംഘം തൃപ്തരാണ്. ലഹരിസംഘവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അന്വേഷണസംഘം കണ്ടെത്തി പുറത്തുവിടുമെന്നാണ് കരുതുന്നതെന്നും ലങ്കേഷ് പറഞ്ഞു.

ചില നടന്മാരുടെ വിഡിയോയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഒരു നടി ലഹരിമരുന്ന് ഉപയോഗിച്ചശേഷം പാര്‍ട്ടിയില്‍ അപമര്യാദയായി പെരുമാറുന്നതിന്റെ വിഡിയോയും നല്‍കിയിട്ടുണ്ട്. ചില നടിമാര്‍ ഹണിട്രാപ്പും വേശ്യാവൃത്തിയും നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ലങ്കേഷ് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. ലങ്കേഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നു ജോയിന്റ കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ സീരിയല്‍ നടി ഡി അനിഖയും കൂട്ടാളികളായ എം.അനൂപ്, ആര്‍.രവീന്ദ്രന്‍ എന്നിവരുമാണ് കഴിഞ്ഞദിവസം നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ വലയിലായത്. നിരവധി വിഐപികളും സിനിമാ പ്രവര്‍ത്തകരും ലഹരിക്കണ്ണിയില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എക്സ്റ്റസി എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണ് കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ആദ്യം പിടിച്ചെടുത്തത്. 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസില്‍നിന്നും കണ്ടെടുത്തു. ദൊഡാഗുബ്ബിയിലുള്ള അനിഖയുടെ വീട്ടില്‍നിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു.

അനിഖയ്‌ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപും മലയാളികളാണെന്നാണ് അറിയുന്നത്. രവീന്ദ്രനായിരുന്നു പ്രധാന വിതരണക്കാരന്‍. കന്നഡയിലെ അഭിനേതാക്കള്‍, സംഗീതജ്ഞര്‍, വിഐപികളുടെ മക്കള്‍ എന്നിവരടക്കം രണ്ടായിരത്തിലധികം നമ്പറുകള്‍ ഇയാളുടെ ഫോണിലുണ്ട്. കോളജ് വിദ്യാര്‍ഥികള്‍ക്കും ഇയാള്‍ ലഹരി വിതരണം ചെയ്യാറുണ്ടായിരുന്നു

ബംഗളൂരുവില്‍ ചെറിയ സീരിയല്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അനിഖ, പിന്നീട് അഭിനയം നിര്‍ത്തി ലഹരിമരുന്ന് വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. രാജ്യാന്തര കുറിയര്‍ സര്‍വീസ് വഴിയാണ് അനിഖയും കൂട്ടരും വിദേശത്തുനിന്ന് ലഹരിമരുന്ന് ശേഖരിച്ചിരുന്നത്. പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്ന്, പ്രധാനമായും ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍നിന്നാണു സംഘം മയക്കുമരുന്ന് ഇറക്കുമതി ചെയ്തിരുന്നത്. ബിറ്റ്‌കോയിന്‍ വഴിയാണ് പണമടച്ചിരുന്നതെന്നും പൊലീസ് വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com