'തമ്പുരാക്കന്മാർക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി', നൃത്തം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചു; സംഗീത നാടക അക്കാദമിക്കെതിരെ ആർഎൽവി രാമകൃഷ്ണൻ 

'തമ്പുരാക്കന്മാർക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി', നൃത്തം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചു; സംഗീത നാടക അക്കാദമിക്കെതിരെ ആർഎൽവി രാമകൃഷ്ണൻ 

സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർക്കെതിരെയാണ് ആരോപണം

ൺലൈൻ നൃത്ത പരിപാടി അവതരിപ്പിക്കാൻ അവസരം നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി കേരള സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ആർഎൽവി രാമകൃഷ്ണൻ.  തനിക്ക് അവസരം നൽകിയാൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകുമെന്നും സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്നും അറിയിച്ചെന്ന് രാമകൃഷ്ണൻ പറയുന്നു. അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർക്കെതിരെയാണ് ആരോപണം. 

സംഗീത നാടക അക്കാദമിയുടെ വേദി സർക്കാരിന്റെ വേദിയാണെന്നും ആ വേദി ഏത് സാധാരണക്കാരനും വേണ്ടിയുള്ളതാവണമെന്നും രാമകൃഷ്ണൻ പറയുന്നു. "ഇതു പോലുള്ള ഫ്യൂഡൽ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കന്മാർക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളിൽ നാണക്കേടുണ്ടാക്കുന്നത് സർക്കാറിനാണ്", ഫേസ്ബുക്കിൽ രാമകൃഷ്ണൻ കുറിച്ചു. 

കുറിപ്പിന്റെ പൂർണരൂപം

ശരിക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. കേവലമായ ഒരു ഓൺലൈൻ നൃത്ത പരിപാടിക്കായി അപേക്ഷ സമർപ്പിച്ച എനിക്ക് കേൾക്കേണ്ടി വന്ന വാക്കുകൾ കർണ്ണ ഭേദമായിരുന്നു. ആ വാക്കുകൾ ഇങ്ങനെ "കേരള സംഗീത നാടക അക്കാദമിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളായി മികച്ചതാണ്. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും. ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. എനിക്ക് അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്നുള്ളതായിരുന്നു സെക്രട്ടറി പറഞ്ഞതായി ചെയർ പേഴ്സൺ എന്നെ അറിയിച്ചത്. "ഈ ഒരു കാര്യം എന്നിലെ കലാകാരനെ ഏറെ വേദനിപ്പിച്ചു. 35 വർഷത്തിലധികമായി ഞാൻ ചിലങ്ക കെട്ടാൻ തുടങ്ങിയിട്ട്. കൂലിപണിക്കാരായ അച്ഛനും അമ്മയ്ക്കും ഒരു ചിലങ്ക വാങ്ങിത്തരാൻ കഴിവില്ലാത്തതിനാൽ മറ്റുള്ളവരുടെ ചിലങ്ക കടം വാങ്ങിയാണ് ആദ്യ കാലങ്ങളിൽ ഞാൻ ചിലങ്ക കെട്ടിയത്. പിന്നെ കൂലിപണിയെടുത്ത് ഒരു ചിലങ്ക വാങ്ങിയതു മുതൽ കഷ്ട്ടപ്പെട്ട് നൃത്തത്തിൽ ഉന്നത ബിരുദങ്ങൾ നേടിയതും ഡോക്ടറേറ്റ് നേടിയതും ഈ കലയിൽ ഉറച്ചുനിൽക്കണമെന്ന നിശ്ചയദാർഢ്യം ഉള്ളതു കൊണ്ടാണ്. എന്റെ ചിലങ്കകൾ എന്റെ ഹൃദയ താളം കൂടിയാണ്. അതുകൊണ്ട് തന്നെ ആ ഹൃദയം താളം നിലച്ചാലെ എന്റെ ചിലങ്കകളുടെ ശബ്ദം ഇല്ലാതാവുകയുള്ളൂ. സംഗീത നാടക അക്കാദമിയുടെ വേദി മാത്രമല്ല മോഹിനിയാട്ടം അവതരിപ്പിക്കാൻ പറ്റുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. എന്നാൽ ആ വേദി ഏത് സാധാരണക്കാരനും വേണ്ടിയുള്ളതാവണം. അത് സർക്കാരിന്റെ വേദിയാണ്. ഇതു പോലുള്ള ഫ്യൂഡൽ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കന്മാർക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളിൽ നാണക്കേടുണ്ടാക്കുന്നത് സർക്കാറിനാണ്. സർക്കാർ എല്ലാം വിശ്വസിച്ചാണ് ഇവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നത്. ഇവരുടെ ബോധമില്ലായ്മയ്ക്ക് ഉത്തരവാദികളാകുന്നത് സർക്കാർ കൂടിയാണ്. വരുന്ന ഭരണത്തിലെങ്കിലും സംഗീതം നൃത്തം, നാടകം തുടങ്ങിയ കലകൾ വേദികളിൽ അവതരിപ്പിച്ച് , കലാകാരന്മാരുടെ ഹൃദയ വേദന മനസ്സിലാക്കുന്നവരെയാക്കണം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കേണ്ടത്. ഇത് എഴുതുമ്പോൾ വള്ളത്തോൾ 1940 ൽ ഷൊർണ്ണൂരിൽ പ്രസംഗിച്ച വരികൾ മാതൃഭൂമി പത്രത്തിൽ വന്നത് സൂക്ഷിച് വച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്. "നൃത്തം എന്നു പറയുമ്പോൾ നൃത്തം ചെയ്യുന്ന സ്ത്രീയുടെ ശരീരത്തിലേക്കല്ല നോട്ടമെത്തേണ്ടത് മറിച്ച് അവർ ചെയ്യുന്ന അമൂല്യമായ ആ കലാരൂപത്തിലേക്കായിരിക്കണം'' ഈ മഹത് വചനം ഇത്തരം സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നവർ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com