മണി ഹേയ്സ്റ്റിലെ പാക്ക് ഹാക്കർ ഈ ഇന്ത്യക്കാരനാണ്, അടുത്ത സ്വപ്നം ബോളിവുഡ് എന്ന് അജയ്; വിശേഷങ്ങളറിയാം 

നിർമാണ തൊഴിലാളിയായി ജോലിചെയ്തിരുന്ന താരം പിന്നെ ഒരു ഫാക്ടറിയിൽ ജോലി കണ്ടെത്തി. ജോലിക്കൊപ്പം സ്പാനിഷ് ഭാഷ പഠിക്കാനും അഭിനയത്തിന്റെ ക്ലാസുകൾക്കും അജയ് സമയം കണ്ടെത്തി
മണി ഹേയ്സ്റ്റിലെ പാക്ക് ഹാക്കർ ഈ ഇന്ത്യക്കാരനാണ്, അടുത്ത സ്വപ്നം ബോളിവുഡ് എന്ന് അജയ്; വിശേഷങ്ങളറിയാം 

സ്പാനിഷ് വെബ്സീരീസ് 'ലാ ര കാസ ഡി പാപ്പൽ' അഥവാ മണി ഹേയ്സ്റ്റിന്റെ നാലാം സീസൺ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുകയാണ്.  ഏപ്രിൽ മൂന്നിന് തുടങ്ങിയ പുതിയ സീസൺ ലോക്ക്ഡൗൺ കാലത്ത് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. പ്രൊഫെസറും കൂട്ടരും കൈ നിറയെ ആരാധകരെ നേടിയപ്പോൾ ഈ ഇന്ത്യക്കാരനും അവർക്കൊപ്പമുണ്ട്. പഞ്ചാബിലെ പട്യാല സ്വദേശി അജയ് ജേത്തി. 

സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച സന്ദേശങ്ങളിൽ നിന്നാണ് ആ​ഗോള തലത്തിൽ താൻ അഭിനയിച്ച ഷോ നേടിയെടുക്കുന്ന പ്രശസ്തിയെക്കുറിച്ച് അജയ് അറിഞ്ഞത്. ഏപ്രില്‍ നാല് മുതല്‍ തന്റെ ജീവിതം ആകെ മാറിമറിഞ്ഞെന്നും ഒരുപാട് ആളുകള്‍ അന്വേഷിച്ച് തുടങ്ങിയെന്നും താരം പറയുന്നു. നിരവധി ആരാധകരെ നേടിയെങ്കിലും അഭിനയത്തിന് എതിര് നിന്നിരുന്ന അച്ഛന്‍ വിളിച്ച് അഭിനന്ദിച്ചതാണ് അജയിക്ക് ഏറ്റവും സ്‌പെഷ്യല്‍.

"ഞാന്‍ കരുതിയിരുന്നത് ഇത് സ്‌പെയിനില്‍ മാത്രമുള്ളതാണ് എന്നാണ്. ലോകമെമ്പാടും സീരീസ് പ്രശസ്തമായെന്ന് എനിക്കറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഷോയെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നത് കണ്ടു. എന്റെ കഥാപാത്രമായ ഷാക്കിറിനായി ഹാഷ്ടാഗോക്കെ ഉണ്ടാക്കി. അപ്പോഴാണ് ഇത് മറ്റൊരു തലത്തില്‍ ഹിറ്റായ കാര്യം ഞാന്‍ മനസ്സിലാക്കിയത്", പിടിഐ അഭിമുഖത്തില്‍ അജയ് പറഞ്ഞു. 

ഇതിനോടകം ഇരുപതോളം സ്പാനിഷ് സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുള്ള അജയ് ചില പഞ്ചാബി സിനിമകളിലും തലകാണിച്ചിട്ടുണ്ട്. പക്ഷെ ആദ്യമായാണ് ഇത്ര വലിയ വിജയത്തിന്റെ ഭാഗമാകുന്നത്.

പഠന കാലഘട്ടം മുതൽ അഭിനയം മനസ്സിലിട്ട് നടന്ന അജയ് 2005ലാണ് അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി സ്പെയിനിൽ എത്തിയത്. തുടക്കത്തിൽ നിർമാണ തൊഴിലാളിയായി ജോലിചെയ്തിരുന്ന താരം പിന്നെ ഒരു ഫാക്ടറിയിൽ ജോലി കണ്ടെത്തി. ജോലിക്കൊപ്പം സ്പാനിഷ് ഭാഷ പഠിക്കാനും അഭിനയത്തിന്റെ ക്ലാസുകൾക്കും അജയ് സമയം കണ്ടെത്തി.  ജോലിക്കിടയില്‍ തന്നെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനും അഡിഷനില്‍ പങ്കെടുക്കാനും പോയിരുന്നു. 

'അലക്രാണ' എന്ന ചെറിയൊരു സീരീസില്‍ അഭിനയിച്ചതാണ് തുടക്കം. ഒരു മാനേജറെ നിയോഗിച്ച് അയാള്‍ വഴി കുറച്ചധികം സിനിമകളിള്‍ അവസരം നേടിയെടുത്തു. അങ്ങനെ മണി ഹെയിസ്റ്റിന്റെ നിര്‍മ്മാതാവ് ഒരുക്കിയ സ്പാനിഷ് സിനിമയായ അലക്‌സ് പിനയില്‍ ഭാഗമായി. പിന്നീടാണ് മണി ഹെയിസ്റ്റ് എന്ന ബി​ഗ് ഹിറ്റിലേക്കുള്ള വരവ്. സ്പാനിഷ് സിനിമകളിൽ അഭിനയം തുടരുമെങ്കിലും ഒരു ബോളിവുഡ് ചിത്രത്തിന്റെ ഭാ​ഗമാകണം എന്നതാണ് തന്റെ ആ​ഗ്രഹമെന്ന് അജയ് പറയുന്നു. ഒരു നടൻ എന്ന നിലയിൽ ഹിന്ദി സിനിമയിൽ അഭിനയിക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് അജയ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com