300 രൂപയ്ക്ക് കിട്ടുന്ന ആറടി മണ്ണിൽ ടെന്റ്, കോമൺ ബാത്ത്റൂം, പ്രണവിന്റെ ഹംപി യാത്ര; കുറിപ്പ്

ഹംപി യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി പ്രണവിനെ കണ്ടുമുട്ടിയതിനെ കുറിച്ചാണ് ആൽവിൻ പറയുന്നത്
300 രൂപയ്ക്ക് കിട്ടുന്ന ആറടി മണ്ണിൽ ടെന്റ്, കോമൺ ബാത്ത്റൂം, പ്രണവിന്റെ ഹംപി യാത്ര; കുറിപ്പ്

യാത്രകളോടും സാഹസികതയോടുമാണ് നടൻ പ്രണവ് മോഹൻലാലിന്റെ സ്നേഹം മലയാളികൾക്ക് പരിചിതമാണ്. ഇതിനോടകം നിരവധി പേരാണ് താരപുത്രന്റെ യാത്രാ പ്രേമത്തെക്കുറിച്ചും സംപ്ലിസിറ്റിയെക്കുറിച്ചും പറഞ്ഞിട്ടുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആൽവിൻ ആന്റണി എന്ന യുവാവിന്റെ കുറിപ്പാണ്. ഹംപി യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി പ്രണവിനെ കണ്ടുമുട്ടിയതിനെ കുറിച്ചാണ് ആൽവിൻ പറയുന്നത്. 300 രൂപ ദിവസവാടകയ്ക്ക് ടെന്റിലാണ് പ്രണവ് താമസിച്ചിരുന്നത് എന്നാണ് കുറിപ്പിൽ പറയുന്നത്. രണ്ട് ദിവസം കൊണ്ട് സിംപിൾ ജീവിതം എങ്ങനെയായിരിക്കണമെന്ന് പഠിച്ചെന്നും ആൽവിൻ കൂട്ടിച്ചേർത്തു. പ്രണവിനൊപ്പമുള്ള സെൽഫിയോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 

കുറിപ്പ് വായിക്കാം

ദേ ഈ ഫോട്ടോയിൽ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വർഷങ്ങൾക് മുൻപേ എഴുതണം എന്ന് കരുതിയത് ഇപ്പോൾ കുറിക്കുന്നു…കർണാടകയിൽ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഓരോ സെമസ്റ്റർ എക്സാം കഴിയുമ്പോഴും ഒരു ഹംപി യാത്ര പതിവാക്കി…കാറിലാണ് യാത്ര പതിവുള്ളത്… 

ചെന്നാൽ സാധാരണ ഗോവന്‍ കോർണറിൽ (ഒരു കഫെ )ആണ് താമസം..ബാത്ത്റൂം അറ്റാച്ച്ഡ് റൂം.. 1000 രൂപ ഒരു ദിവസം.. അതിനു താഴെ 800 രൂപയുടെ മുറി, പക്ഷേ കോമൺ ബാത്ത്റൂം… അതിനും താഴെ ആണെങ്കിൽ 300 രൂപക്ക് കഫെയുടെ സൈഡിൽ 6 അടി മണ്ണ് തരും.. അവിടെ ഒരു ടെന്റ് കെട്ടി, അതിൽ കിടന്നുറങ്ങാം അവർക്ക്. ബാത്ത്റൂം കോമൺ തന്നെ… 1000 രൂപയുടെ എന്റെ മുറിയുടെ സൈഡിൽ ഇതുപോലെ ഒരുത്തൻ ടെന്റ് അടിച്ചു കിടപ്പുണ്ട്… 

ഉള്ളിൽ ചെറിയൊരു ജാട ഇട്ടു ഞാൻ റൂമിലേക്കു കയറും. ഇടയ്ക്ക് ഫുഡ്‌ വാങ്ങാൻ പുറത്തിറങ്ങുമ്പോ ഞാൻ മനസ്സിൽ, കരുതും പാവം പയ്യൻ എന്ന്. അങ്ങനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യൻ കോമൺ ബാത്ത്റൂമിൽ നിന്ന് ഫ്രഷ് ആയി നേരെ ടെന്റിലോട്ടു കേറി..ഈശ്വരാ ഇത് പ്രണവ് മോഹൻലാൽ ആണോ….ഓടി ചെന്ന് ചോദിച്ചു പ്രണവ് അല്ലേ… 

പുള്ളി ഇറങ്ങി വന്നു.. ‘അതെ ബ്രൊ പ്രണവ് ആണ്’… പിന്നെ ഞാൻ എന്തൊക്കെയോ ചോദിച്ചു.. എന്നെ പറ്റി പറയാതെ ഞാൻ ഇങ്ങേരെ കണ്ട സന്തോഷത്തിൽ റൂമിലോട്ടു കേറി പുള്ളി എന്റെ പിന്നാലെ ഓടി വന്നു ചോദിച്ചു.. ‘ബ്രൊ എന്താ പേര് ഞാൻ ചോദിക്കാൻ മറന്നു’ എന്ന്, ഒരുമിച്ചു ഒരു ചായയും കുടിച്ച് അന്നത്തെ ദിവസം തുടങ്ങി.. രണ്ടു ദിവസം സത്യം പറഞ്ഞാൽ സിംപിൾ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ഞങൾ നോക്കി പഠിച്ചു.. ഒരു തുള്ളി മദ്യമോ കഞ്ചാവോ മറ്റെന്തെങ്കിലും ലഹരിയോ അയാൾ ഉപയോഗിക്കുന്നത് ഞാൻ കണ്ടില്ല… 

ഹംപിയിലെ മലകളിൽ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റിൽ ചെറിയ വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനും, കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടു ദിവസം കൊണ്ട് ഞാൻ പഠിച്ചു… തിരിച്ചു പോരാൻ കാറിൽ കയറുമ്പോൾ ഞാൻ ചോദിച്ചു. വീട്ടിലേക്ക് എങ്ങിനെ പോവും? ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു, ‘കുഴപ്പമില്ല ബ്രൊ ഇവിടന്നു ബസ് ഉണ്ട്, സിറ്റിയിലോട്ടു പിന്നെ ട്രെയിൻ കിട്ടീട്ടില്ല.. എങ്ങനേലും പോവും എന്ന്…

എനിക്കുറപ്പായിരുന്നു, അയാള് ടിക്കറ്റ് കിട്ടിയില്ലെങ്കിലും ലോക്കൽ കംപാർട്മെന്റിൽ കയറി ചെന്നൈയിൽ എത്തും എന്ന്…ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാൻ പിരിഞ്ഞു.. . കഫേയിലെ ഹിന്ദിക്കാരി ഓണർ ആന്റി എന്നോട് പറഞ്ഞത് ഞാൻ ഓർത്തു…‘ആല്‍വിൻ അതാണ് കേരള സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ..ഇയാൾ ഇടക്ക് ഇവടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, അഭിഷേക് ബച്ചനെ പോലെ ഉള്ളവർ പ്രണവിനെ ഒന്ന് കാണണം ” ഡൈ ഹാർഡ് മമ്മൂട്ടി ഫാൻ ആയ ഞാൻ ഇത് പോലെ ഒരു മകനെ വളർത്തിയതിൽ മോഹൻലാലിന് മനസിൽ കയ്യടിച്ചു…

(അഭിഷേക് ബച്ചൻ മോശകാരൻ എന്നല്ല പോസ്റ്റിന്റെ അർഥം കേട്ടോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com