'അയാള്‍ എന്റെ സുഹൃത്തായിരുന്നു'; ആസിഡ് ആക്രമണം നടത്തിയ ആളുടെ പേര് വെളിപ്പെടുത്തി രംഗോലി

തന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു അയാള്‍ എന്നാണ് രംഗോലി പറയുന്നത്
'അയാള്‍ എന്റെ സുഹൃത്തായിരുന്നു'; ആസിഡ് ആക്രമണം നടത്തിയ ആളുടെ പേര് വെളിപ്പെടുത്തി രംഗോലി

സിഡ് ആക്രമണത്തിന്റെ ഇരയാണ് കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി. പഠിക്കുന്ന സമയത്ത് ആസിഡ് ആക്രമണത്തിന് ഇരയായ രംഗോലി നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയാട്ടുണ്ട്. ഇപ്പോള്‍ ആദ്യമായി തന്നെ ആക്രമിച്ച ആളുടെ പേര് തുറന്നു പറഞ്ഞിരിക്കുകയാണ് രംഗോലി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ആസിഡ് അതിക്രമത്തെക്കുറിച്ച് നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരാണ് അക്രമി എന്ന് തുറന്ന് പറഞ്ഞിരുന്നില്ല.

അവിനാശ് ശര്‍മ എന്ന ആളാണ് രംഗോലിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. തന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു അയാള്‍ എന്നാണ് രംഗോലി പറയുന്നത്. കഴിഞ്ഞ ദിവസം ദീപിക പദുക്കോണിന്റെ ജെഎന്‍യു സന്ദര്‍ശനത്തെ വിമര്‍ശിച്ച് രംഗോലി ട്വീറ്റ് ചെയ്തിരുന്നു. അതിനിടെ എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന രംഗോലി തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ആളുടെ പേരു പറയാന്‍ ധൈര്യം കാണിക്കാത്തത് എന്താണ് എന്ന ചോദ്യം ഉയര്‍ന്നു. തുടര്‍ന്നാണ് വെളിപ്പെടുത്തല്‍.

'അയാളുടെ പേര് അവിനാശ് ശര്‍മ്മ എന്നാണ്. എന്റെ സഹപാഠിയായിരുന്നു, എന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. ഒരിക്കല്‍ അയാള്‍ എന്നോട് പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ എനിക്ക് അയാളോട് പ്രണയമുണ്ടായിരുന്നില്ല. ഞാന്‍ അയാളോട് അകല്‍ച്ച കാണിക്കാന്‍ തുടങ്ങി. എന്നെ അയാള്‍ വിവാഹം കഴിക്കുമെന്ന് പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ഒരു എയര്‍ ഫോഴ്‌സ് ഓഫീസറുമായി എന്റെ വിവാഹം മാതാപിതാക്കള്‍ ഉറപ്പിക്കുന്നത്.

എന്നാല്‍ അവിനാശ് അയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. പ്രതികരിച്ചപ്പോള്‍ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. എന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞു. എന്നാല്‍ അതെ സംബന്ധിച്ച് ഞാന്‍ മാതാപിതാക്കളോട് ഒന്നും പറഞ്ഞില്ല പകരം പോലീസില്‍ പരാതി പറഞ്ഞു. അതായിരുന്നു ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഞാന്‍ നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നെ ആരോ തിരക്കി വന്നിട്ടുണ്ടെന്നന്നും പുറത്ത് കാത്തു നില്‍ക്കുന്നുവെന്നും എന്റെ സുഹൃത്തുക്കള്‍ വന്ന് പറഞ്ഞു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍, ഒരു വലിയ ജാര്‍ നിറയെ ആസിഡുമായി അയാള്‍ നില്‍ക്കുന്നു.. ഒരു സെക്കന്റിനുള്ളില്‍ എല്ലാം സംഭവിച്ചു' രംഗോലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com