മദ്യലഹരിയിലുണ്ടായ ഒരു കയ്യബദ്ധം, ചിരിപ്പിച്ചും അമ്പരപ്പിച്ചും 'കാനായിലെ മദ്യപാനികള്‍'

ഹൈറേഞ്ചിലെ ഒരു പള്ളിയും അവിടെ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവവുമാണ് കാനായിലെ മദ്യപാനികള്‍ പറയുന്നത്
മദ്യലഹരിയിലുണ്ടായ ഒരു കയ്യബദ്ധം, ചിരിപ്പിച്ചും അമ്പരപ്പിച്ചും 'കാനായിലെ മദ്യപാനികള്‍'

വെള്ളം വീഞ്ഞാക്കി മാറ്റിയ അത്ഭുത പ്രവര്‍ത്തിക്ക് സാക്ഷിയായ ഇടം, കാനാ അടയാളപ്പെടുത്തുന്നത് കര്‍ത്താവിന്റെ ആദ്യ അത്ഭുതപ്രവര്‍ത്തിയുടെ പേരിലാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തുന്നത് മറ്റൊരു കാനായാണ്. കാനായിലെ മദ്യപാനികള്‍. ഒരു കൂട്ടം യുവാക്കള്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമാണ് മികച്ച കയ്യടി നേടി മുന്നേറുന്നത്.

പേരുപോലെ തന്നെ വ്യത്യസ്തമാണ് ഷോര്‍ട്ട് ഫിലിമും. ഹൈറേഞ്ചിലെ ഒരു പള്ളിയും അവിടെ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവവുമാണ് കാനായിലെ മദ്യപാനികള്‍ പറയുന്നത്. വെളുപ്പാന്‍ കാലത്ത് പള്ളിയിലേക്കു വരുന്ന കപ്പിയാരുടെ കണ്ണിലുടക്കുന്ന കാഴ്ചയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ചെറിയ ട്വിസ്റ്റുകളിലൂടെ മുന്നോട്ടുപോകുന്ന കൊച്ചുചിത്രം അവസാനിക്കുമ്പോള്‍ കണ്ടിരിക്കുന്നവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയും. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയായ അഖില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മദ്യപാനികളായവരുടെ കഥയല്ല ചിത്രം പറയുന്നത്. വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന രണ്ട് പേര്‍ക്ക് സംഭവിക്കുന്ന അബദ്ധമാണ്. കാനായിലെ മദ്യപാനികള്‍ എന്ന് പേരിടാനുണ്ടായ കാരണം ഇതാണെന്നാണ് സംവിധായകന്‍ അഖില്‍ ജോസഫ് പറയുന്നത്. കര്‍ത്താവ് വെള്ളത്തില്‍ നിന്ന് വീഞ്ഞുണ്ടാക്കിയതുപോലെ മുന്‍ നിശ്ചയിച്ചതു പ്രകാരമല്ലാതെയുണ്ടായ സംഭവമായതിനാലാണ് ഈ പേരു നല്‍കിയത്. ഏലപ്പാറ, പീരുമേട് മേഖലയിലായിരുന്നു ഷൂട്ടിങ്.

എന്‍ജിനീയറിങ് പഠനകാലത്ത് ലഭിച്ച സൗഹൃദത്തിന്റെ ബലത്തിലാണ് കാനായിലെ മദ്യപാനികള്‍ പിറവിയെടുക്കുന്നത്. അമല്‍ജ്യോതി എന്‍ജിനീയറിങ് കൊളെജ് വിദ്യാര്‍ത്ഥിയായിരുന്ന സമയത്തു തുടങ്ങിയ സിനിമപ്രേമികളുടെ ഗ്രൂപ്പിലൂടെയാണ് അഖില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജസ്റ്റിന്‍ മാത്യുവിനെ പരിചയപ്പെടുന്നത്. മലയാള സിനിമയിൽ സജീവമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അജ്മല്‍ സാബു.

ആന്ധ്രവിദേശിൽ  വികെസി ഫുട് വെയർ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്യുകയാണ് അഖില്‍. സിനിമ സ്വപ്‌നങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഉടൻ സിനിമയിലേക്ക് ഇല്ലെന്നാണ് ഈ 25കാരൻ പറയുന്നത്.   എങ്കിലും സിനിമയെ തന്നെയാണ് അഖില്‍ ജീവിതമായി കാണുന്നത്. മൂന്ന് ലക്ഷത്തോളം പേരാണ് ഇതിനോടകം ഷോര്‍ട്ട് ഫിലിം കണ്ടത്. ഭാവിയിലെ ലിജോ ജോസ് പെല്ലിശ്ശേരിയും ദിലീഷ് പോത്തനുമൊക്കെയാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നാണ് പ്രേക്ഷക പ്രതികരണം. എന്നാല്‍ എബ്രിഡ് ഷൈനെപ്പോലെ റിയലിസ്റ്റിക് പടങ്ങള്‍ ചെയ്യാനാണ് താല്‍പ്പര്യം എന്നാണ് അഖില്‍ പറയുന്നത്.

അഖിലിന്റെ സഹപാഠി അന്‍വിന്‍ ജോണ്‍സനാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രശാന്ത് മുരളി , പ്രമോദ് വെളിയനാട്, ജയദാസ് പുന്നപ്ര തുടങ്ങിവരാണ് പ്രധാന റോളുകള്‍ അവതരിപ്പിച്ചത്. ഏലപ്പാറ, പീരുമേട് മേഖലയിലാണ് ഫിലിം ഷൂട്ട് ചെയ്തത്. പ്രശാന്ത് ബോസ്, ഹരിഷ് തിലക്, ഡിക്‌സണ്‍ തമ്മച്ചന്‍ എന്നിവരാണ് നിര്‍മാണം. ജോയല്‍ ജോണ്‍നാണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. സൗണ്ട് ഡിസൈന്‍- ജിതിന്‍ ജോസഫ്, വരികള്‍- ടിറ്റോ പി തങ്കച്ചന്‍, ശബ്ദ മിശ്രണം- നിര്‍മല്‍ ദേവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com