'ആയിരത്തോളം ഡോക്ടര്‍മാര്‍ വീരമൃത്യു വരിച്ചു, അവരുടെ ത്യാഗത്തോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു'; ഡോക്ടേഴ്‌സ് ഡേയില്‍ മോഹന്‍ലാല്‍; വിഡിയോ

ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലനായത്
'ആയിരത്തോളം ഡോക്ടര്‍മാര്‍ വീരമൃത്യു വരിച്ചു, അവരുടെ ത്യാഗത്തോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു'; ഡോക്ടേഴ്‌സ് ഡേയില്‍ മോഹന്‍ലാല്‍; വിഡിയോ

ഡോക്ടേഴ്‌സ് ഡേ ദിനത്തില്‍ കോവിഡിന് എതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലനായത്. ആയിരത്തോളം ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടും അവര്‍ പോര്‍മുഖത്തുനിന്ന് ഒളിച്ചോടാതെ വര്‍ധിച്ച വീര്യത്തോടെ പോരാട്ടം തുടരുകയാണ്. നമ്മള്‍ ഓരോരുത്തരും ഡോക്ടര്‍മാരുടെ ത്യാഗത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താതെയും അവര്‍ക്ക് ഭയമില്ലാതെ പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം ഒരുക്കി നല്‍കുമെന്ന് നമ്മള്‍ ഓരോരുത്തരും പ്രതിജ്ഞ ചെയ്യണമെന്നും താരം പറയുന്നു. 

മോഹന്‍ലാലിന്റെ വാക്കുകള്‍

ഇന്നു ലോകം പ്രത്യേക പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ. സകലചരാചരങ്ങളേയും ബാധിക്കുന്ന ഒരു മഹാവിപത്തായി അത് മാറിയിരിക്കുന്നു. നമ്മള്‍ അതിനെതിരെ പോരാടുന്നു. നമ്മുടെ ഈ പോരാട്ടത്തില്‍ മുന്‍നിരപോരാളികള്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇതില്‍ ഡോക്ടര്‍മാരുടെ ത്യാഗോജ്ജ്വല പങ്ക് ഒരിക്കലും വിസ്മരിക്കാന്‍ പറ്റില്ല. ആയിരത്തോളം ഡോക്ടര്‍മാര്‍ ഈ മഹാമാരിയോട് പോരാടി വീരമൃത്യു വരിച്ചു കഴിഞ്ഞു. എന്നിട്ടും പോര്‍മുഖത്തുനിന്ന് ഒളിച്ചോടാതെ വര്‍ധിച്ച വീര്യത്തോടെ പോരാട്ടം തുടരുന്നു. നമ്മള്‍ ഓരോരുത്തരും ഡോക്ടര്‍മാരുടെ ത്യാഗത്തോട് കടപ്പെട്ടിരിക്കുന്നു. മാസങ്ങളോളം തങ്ങളേയും കുടുംബത്തേയും ഓര്‍ക്കാതെ രോഗാണുവിനെ തോല്‍പ്പിച്ചും രോഗ വ്യാപനം തടഞ്ഞും നടത്തുന്ന അവരുടെ പ്രവര്‍ത്തനം ഒരിക്കലും വിസ്മരിച്ചുകൂടാ. നമ്മള്‍ ഓരോരുത്തര്‍ക്കും ഒരു പ്രതിജ്ഞ എടുക്കാം.ആരോഗ്യ മേഖല പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താതെയും അവര്‍ക്ക് ഭയമില്ലാതെ പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം ഒരുക്കി അവരെ ചേര്‍ത്തു നിര്‍ത്താം സ്‌നേഹിക്കാം. ഡോക്ടേഴ്‌സ് ഡേ ആയി ആചരിക്കുന്ന ഈ ദിനത്തില്‍ വേദനിക്കുന്നവരുടെ കൈത്താങ്ങായി അവര്‍ക്കൊരു ആശ്വാസമായി പ്രവര്‍ത്തിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍ നേരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com