‘ആടുജീവിത’ത്തിലെ ഒമാൻ നടൻ നിരീക്ഷണത്തിൽ; പൃഥ്വിരാജടക്കമുള്ളവർ സുരക്ഷിതർ

‘ആടുജീവിത’ത്തിലെ ഒമാൻ നടൻ നിരീക്ഷണത്തിൽ; പൃഥ്വിരാജടക്കമുള്ളവർ സുരക്ഷിതർ
‘ആടുജീവിത’ത്തിലെ ഒമാൻ നടൻ നിരീക്ഷണത്തിൽ; പൃഥ്വിരാജടക്കമുള്ളവർ സുരക്ഷിതർ

കോവിഡ് 19 രോഗത്തിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായി ‘ആടുജീവിത’ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്റീനിൽ. അതേസമയം ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. അദ്ദേഹം ഉൾപ്പെടാത്ത സീനുകളുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം സുരക്ഷിതരാണെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

കോവിഡ് ഭീതിയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിൽ വിദേശത്തു നിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ വയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഡോ. താലിബിനെയും നിരീക്ഷണത്തിലാക്കിയത്. താലിബിന്റെ പരിഭാഷ സഹായി, യുഎഇയിൽ നിന്നുള്ള മറ്റൊരു നടൻ എന്നിവരും നിരീക്ഷണത്തിലാണ്.

കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ട ഒമാനിൽ നിന്ന് വരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് ഡോ. താലിബിനെ ജോർദാൻ അധികൃതർ ചാവുകടലിന് അടുത്തുള്ള ഹോട്ടലിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ജോർദാനിൽ ഇതുവരെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടില്ല. 30ഓളം പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വിനോദ സഞ്ചാരികളും നിരീക്ഷണത്തിലാണ്. 

മുൻകരുതൽ നടപടിയെന്ന രീതിയിൽ മാർച്ച്​ 31 വരെ ജോർദാനിൽ ആരോഗ്യ സേവനം ഒഴികെയുള്ള എല്ലാ മേഖലകളുടെയും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.

ജോർദാനിൽ മുൻകരുതൽ നടപടിയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണെന്നും ‘ആടുജീവിതം’ എന്ന സിനിമയുടെ ഭാഗമായി എത്തിയതാണ് താനെന്നും ഡോ. താലിബ് രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.  സിനിമയുടെ ചിത്രീകരണം വാദി റും എന്ന മരുഭൂമി മേഖലയിൽ പുരോഗമിക്കുന്നുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് ആദ്യ ആഴ്ചയാണ് ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിൽ തുടങ്ങിയത്. ‘ആടുജീവിത’വുമായി ബന്ധപ്പെട്ട ആളുകൾ മാത്രമാണ് സ്ഥലത്തുള്ളതെന്നും അണിയറ പ്രവർത്തകർ വ്യക്​തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com