വിസർജ്യവും പ്രശ്നം; ഈച്ച കൊറോണ പരത്തുമെന്ന് അമിതാഭ് ബച്ചൻ; താരത്തിൻ്റെ പ്രചാരണം വിവാദത്തിൽ 

ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ച് താരം പങ്കുവച്ച ട്വിറ്റ വിഡിയോയിലാണ് ഇത്തരത്തിലൊരു പരാമർശം
വിസർജ്യവും പ്രശ്നം; ഈച്ച കൊറോണ പരത്തുമെന്ന് അമിതാഭ് ബച്ചൻ; താരത്തിൻ്റെ പ്രചാരണം വിവാദത്തിൽ 

കൊറോണ വൈറസ് ഈച്ചകളിലൂടെ പടരുമെന്ന നടൻ അമിതാഭ് ബച്ചന്റെ പ്രചാരണം വിവാദത്തിൽ. ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ച് താരം പങ്കുവച്ച വിഡിയോയിലാണ് ഇത്തരത്തിലൊരു പരാമർശം. മുൻപ് കയ്യടിക്കുന്നതും ശംഖു മുഴക്കുന്നതും വൈറസിനെ ദുർബലപ്പെടുത്തുമെന്ന താരത്തിന്റെ പരാമർശവും വിവാദമായിരുന്നു. 

‘ദ് ലാൻസെറ്റ് നടത്തിയ പഠനത്തിൽ കൊറോണ വൈറസ് ശ്രവ സാംപിളുകളെക്കാൾ കൂടുതൽ കാലം മനുഷ്യ വിസർജ്യത്തിൽ ജീവിക്കുമെന്നാണ് പറയുന്നത്. ശൗചാലയങ്ങൾ ശീലമാക്കൂ. ഇന്ത്യ, നമ്മൾ ഒന്നിച്ച് ഇതിനെതിരെ പോരാടും’, എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയിലാണ് താരം ഇത്തരത്തിലൊരു പരാമർശം നടത്തിയത്. 

‘വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഇന്ന് നിങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം കൊറോണ വൈറസുമായി പോരാടുകയാണ്, ഈ പോരാട്ടത്തില്‍ നിങ്ങളും ഒരു പ്രധാന പങ്കുവഹിക്കണം. മനുഷ്യ വിസര്‍ജ്ജനത്തില്‍ കൊറോണ വൈറസ് ആഴ്ചകളോളം നിലനില്‍ക്കുമെന്ന് അടുത്തിടെ ചൈനയിലെ വിദഗ്ധര്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. ആരെങ്കിലും കൊറോണ വൈറസിൽ നിന്നും രക്ഷനേടി വരുകയാണെങ്കിലും, കൊറോണ, വൈറസിന് മനുഷ്യ വിസർജ്യത്തിൽ ജീവിക്കാൻ കഴിയും. ഒരു ഈച്ച ഈ വിസർജ്യത്തിൽ ഇരുന്നതിനു ശേഷം മനുഷ്യരുടെ ഭക്ഷണത്തിൽ ഇരുന്നാൽ അതിലൂടെ കൊറോണ പടരാൻ സാധ്യതയുണ്ട്.’ വിഡിയോയിലെ ബച്ചന്റെ ഈ വാക്കുകളാണ് വിവാദമായത്.  

ഈച്ചകളിലൂടെ വൈറസ് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  ”ഞാന്‍ ട്വീറ്റ് കണ്ടിട്ടില്ല, പക്ഷേ ഇത് ഒരു പകര്‍ച്ചവ്യാധിയാണ്, ഈച്ചകളിലൂടെ പടരില്ല”, എന്നാണ് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ട്വീറ്റിന് മറുപടി നൽകിയത്. ഇത് രണ്ടാമത്തെ തവണയാണ് കൊറോണ വിഷയത്തിൽ ബച്ചന് അബദ്ധം സംഭവിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com