സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും, 119 സിനിമകള്‍ മത്സര രംഗത്ത്

മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പോയ വർഷത്തെ മികച്ച സിനിമകളേയും അഭിനേതാക്കളേയും സാങ്കേതിക പ്രവർത്തകരേയും തെരഞ്ഞെടുക്കുന്നത്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും, 119 സിനിമകള്‍ മത്സര രംഗത്ത്


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന്  പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് മന്ത്രി എ കെ ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുക. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പോയ വർഷത്തെ മികച്ച സിനിമകളേയും അഭിനേതാക്കളേയും സാങ്കേതിക പ്രവർത്തകരേയും തെരഞ്ഞെടുക്കുന്നത്.

കോവിഡിനെ തുടർന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാർഡിന് പരിഗണച്ചവയിൽ ഏറെയും. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ വലിയ ബജറ്റിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം പ്രധാന ശ്രദ്ധാകേന്ദ്രമാണ്. 119 സിനിമകളാണ് മത്സര രം​ഗത്തുള്ളത്. ഇതിൽ ഭൂരിഭാ​ഗവും പ്രേക്ഷകർ കണ്ടിട്ടില്ല. 

മോഹൻലാൽ, മമ്മൂട്ടി, സൂരാജ് വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, നിവിൻ പോളി തുടങ്ങിയവരിൽ ആരാകും മികച്ച നടൻ എന്ന്  ഉറ്റു നോക്കുകയാണ് ചലച്ചിത്ര ലോകം. മികച്ച നടിയാകാൻ മഞ്ജു വാരിയർ, പാ‍ർവതി, രജീഷ വിജയൻ, അന്ന ബെൻ, തുടങ്ങിവരാണ് മത്സര രം​ഗത്തുള്ളത്. കടുത്ത മത്സരമാണ് മികച്ച ചിത്രനുവേണ്ടിയും. ലൂസിഫർ, മാമാങ്കം തുടങ്ങിയ ചെലവേറിയ ചിത്രങ്ങൾക്കൊപ്പം തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, അമ്പിളി, ഫൈനൽസ്, അതിരൻ, വികൃതി ,തുടങ്ങി യുവ സംവിധായകരുടെ ചിത്രങ്ങളുടെ നീണ്ട നിര തന്നെ മത്സരിക്കുന്നു.

മികച്ച നവാഗത സംവിധായകനെ കണ്ടെത്തുക ഇത്തവണ ജൂറിക്കു വെല്ലുവിളിയാകും. ലൂസിഫറിലൂടെ പ്രിഥ്വിരാജും ഈ പുരസ്കാരത്തിന് മൽസരിക്കുന്നു. മികച്ച സംവിധായകനെ കണ്ടെത്തുക എന്നതും വെല്ലിവിളിയാണ്.  ഗ്രാമവൃക്ഷത്തിലെ കുയിൽ(കെ.പി.കുമാരൻ), പതിനെട്ടാം പടി (ശങ്കർ രാമകൃഷ്ണൻ), ഡ്രൈവിങ് ലൈസൻസ്(ജീൻ പോൾ ലാൽ) ജലസമാധി(വേണു നായർ)പൊറിഞ്ചു മറിയം ജോസ്(ജോഷി)എവിടെ(കെ.കെ.രാജീവ്)ഫോർട്ടി വൺ(ലാൽ ജോസ്)കോടതി സമക്ഷം ബാലൻ വക്കീൽ(ബി ഉണ്ണികൃഷ്ണൻ) ഹെലൻ(മാത്തുക്കുട്ടി സേവ്യർ) സത്യം പറഞ്ഞാൽ വിശ്വസിക്കുമോ(ജി.പ്രജിത്) അഭിമാനിനി(എം.ജി.ശശി) കള്ളനോട്ടം(രാഹുൽ റിജി നായർ ബിരിയാണി (സജിൻ ബാബു) ജല്ലിക്കട്ട് (ലിജോ ജോസ് പെല്ലിശേരി) വൈറസ് ( ആഷിക്ക് അബു ), കോളാമ്പി (ടി.കെ.രാജീവ്കുമാർ ) വെയിൽമരങ്ങൾ (ഡോ.ബിജു) പ്രതി പൂവൻകോഴി  (റോഷൻ ആൻഡ്രൂസ് ),ഹാസ്യം(  ജയരാജ് ) മൂത്തോൻ (ഗീതു മോഹൻദാസ് )മനോജ് കാന(കെഞ്ചീര) എന്നീ പരിചയ സമ്പന്നരായ സംവിധായകരും മത്സര രംഗത്തുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com