'ഒരു ഫ്‌ലാറ്റില്‍ ഒരു അവാര്‍ഡ് മതി; നിവിന്‍ എനിക്ക് വേണ്ടി മാറിത്തന്നതാണ്'; സുരാജ് വെഞ്ഞാറമൂട്

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേണ്ടി നിവന്‍ പോളി തനിക്ക് വഴിമാറി തന്നതാണെന്ന് സുരാജ് വെഞ്ഞാറമൂട്.
'ഒരു ഫ്‌ലാറ്റില്‍ ഒരു അവാര്‍ഡ് മതി; നിവിന്‍ എനിക്ക് വേണ്ടി മാറിത്തന്നതാണ്'; സുരാജ് വെഞ്ഞാറമൂട്

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേണ്ടി നിവന്‍ പോളി തനിക്ക് വഴിമാറി തന്നതാണെന്ന് സുരാജ് വെഞ്ഞാറമൂട്. അവാര്‍ഡ് നിര്‍ണയത്തിന്റെ അവസാന ഘട്ടത്തില്‍ സുരാജ് വെഞ്ഞാറമൂടും നിവിന്‍ പോളിയും തമ്മിലായിരുന്നു മത്സരം. മൂത്തോനിലെ അഭിനയത്തിന് നിവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. 

'ഞാന്‍ ആണെന്ന് അറിഞ്ഞതുകൊണ്ടാണ് നിവിന്‍ മാറിത്തന്നത്. ഞങ്ങള്‍ രണ്ടാളും ഒരു ഫ്‌ലാറ്റിലാണ്. സ്‌കൈലൈന്‍ അപാര്‍ട്‌മെന്റില്‍. ഒരു ഫ്‌ലാറ്റിലേയ്ക്ക് ഒരവാര്‍ഡ് മതി. ആള്‍ക്കും കിട്ടിയല്ലോ.'-സുരാജ് പറയുന്നു.'മാനസികമായി നമ്മളൊക്കെ ഒരുപാട് ബുദ്ധിമുട്ടിയ സമയമാണ് ഈ കോവിഡ് കാലം. എന്നിരുന്നാലും ഇതൊക്കെ മാറും എന്നൊരു മുന്‍വിധിയോടെയാണ് ഇപ്പോള്‍ ഷൂട്ടിങ് വരെ തുടങ്ങിയിരിക്കുന്നത്. ഇതിനു മുമ്പ് എനിക്ക് സംസ്ഥാന, ദേശീയ പുരസ്‌കാരം കിട്ടുമ്പോളും സിനിമാ സെറ്റില്‍ തന്നെയായിരുന്നു. ഈ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ ഷോട്ട് എടുത്തുകൊണ്ട് ഇരിക്കുകയായിരുന്നു. സംവിധായകനായ ഡിജോയാണ് അവാര്‍ഡ് വാര്‍ത്ത സെറ്റില്‍ അറിയിക്കുന്നത്.'

'സത്യത്തില്‍ ഈ ജൂറി അംഗങ്ങളുടെ ഭാഗ്യം ഒന്നു നോക്കണേ. നമ്മളൊക്കെ സിനിമകള്‍ ചെറിയ മൊബൈലിലും ടിവിയിലുമൊക്കെ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് അവര്‍ വിശാലമായ തിയറ്ററില്‍ ഇരുന്നാണ് ഈ സിനിമകളൊക്കെയും കണ്ടു തീര്‍ത്തത്. തിയറ്ററില്‍ ഇരുന്ന് എന്ന് സിനിമ കാണാന്‍ കഴിയും എന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്.'- സുരാജ് പറഞ്ഞു. 

'അന്ന് ദേശീയ അവാര്‍ഡ് ലഭിച്ച സമയത്ത്, ഇവിടെ എനിക്ക് ഹാസ്യതാരത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. എന്റെ അമ്മ ഏറ്റവും കൂടുതല്‍ പ്രാര്‍ഥിച്ചത് ഹാസ്യതാരത്തിനുള്ള സംസ്ഥാനപുരസ്‌കാരം ലഭിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് തന്നെ ഇന്ന് രാവിലെ തന്നെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു, ദയവ് ചെയ്ത് കോമഡിയൊന്നും പറയരുതെന്ന്. ഇത്തവണ കോമഡി അവാര്‍ഡ് ഇല്ലെന്നും അതിന്റെ അവസാനത്തെ അവാര്‍ഡ് ഞാന്‍ വാങ്ങി നിര്‍ത്തിയെന്നും പറഞ്ഞു.'സുരാജ് പറയുന്നു.

'ഇനി അങ്ങോട്ട് വരാനിരിക്കുന്ന സിനിമകളില്‍ അധികവും കോമഡി നിറഞ്ഞ കഥാപാത്രങ്ങളാണ്. ഏത് വേഷം വന്നാലും ഞാന്‍ ചെയ്യും. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഹ്യൂമര്‍ കഥാപാത്രമാണ്.'സുരാജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com