ഭീമായി ജൂനിയര്‍ എന്‍ടിആറിന്റെ പോരാട്ടം; അമ്പരപ്പിക്കാന്‍ വീണ്ടും രാജമൗലി; ആര്‍ആര്‍ആര്‍ ടീസര്‍

സ്വാതന്ത്ര്യ സമര പോരാളിയായ കൊമാരന്‍ ഭീം എന്ന കഥാപാത്രമായാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത്
ഭീമായി ജൂനിയര്‍ എന്‍ടിആറിന്റെ പോരാട്ടം; അമ്പരപ്പിക്കാന്‍ വീണ്ടും രാജമൗലി; ആര്‍ആര്‍ആര്‍ ടീസര്‍

ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന രൗദ്രം രണം രുദിരന്‍(ആര്‍ആര്‍ആര്‍) എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ കഥാപാത്രത്തെക്കുറിച്ചാണ് ടീസര്‍. ഇതിഹാസ സ്വാതന്ത്ര്യ സമര പോരാളിയായ കൊമാരന്‍ ഭീം എന്ന കഥാപാത്രമായാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത്. 

ആരാധകരെ ആവേശത്തിലാക്കുന്നതാണ് ടീസര്‍. കാട്ടിലെ ഭീമിന്റെ പോരാട്ടങ്ങളാണ് വിഡിയോയില്‍ കാണുന്നത്. ഞങ്ങളുടെ രാമരാജുവിനേക്കാള്‍ മികച്ച രീതിയില്‍ ആര്‍ക്കാണ് ഭീമിന്റെ ശൗര്യം കാണിക്കാനാവുക. ഞങ്ങളുടെ ഭീമിനെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു എന്ന അടിക്കുറിപ്പില്‍ രാജമൗലിയാണ് വിഡിയോ പുറത്തുവിട്ടത്. 

ജൂനിയര്‍ എന്‍ടിആറിന്റെ 37ാം പിറന്നാളിന് മെയ് 20 ന് ടീസര്‍ റിലീസ് ചെയ്യാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് നീണ്ടുപോയത്. ആദിവാസികളുടെ അവകാശത്തിനായി പോരാട്ടം നടത്തിയ വ്യക്തിയാണ് ഭീം. ഗൊറില്ല പോരാട്ടത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തെ ബ്രിട്ടൂഷുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. 

സൂപ്പര്‍താരം രാം ചരണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അല്ലൂരി സിതാരാമ രാജു ആയാണ് റാം ചരണ്‍ എത്തുന്നത്. ഒരു കാലഘട്ടത്തില്‍ രണ്ട് പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ട്രൈബല്‍ നേതാക്കളാണ് ഇവര്‍. 300 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com