'നിങ്ങൾ തമിഴരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നത്', ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് അധിക്ഷേപം; തുറന്നു പറഞ്ഞ് വെട്രിമാരൻ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th September 2020 10:17 AM  |  

Last Updated: 05th September 2020 10:27 AM  |   A+A-   |  

vetrimaran

 

ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് ഡൽഹി വിമാനത്താവളത്തിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് സൂപ്പർഹിറ്റ് സംവിധായകൻ വെട്രിമാരൻ. തന്റെ മാതൃഭാഷ ഹിന്ദിയാണ് എന്ന് പറഞ്ഞതിന് തമിഴരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നത് എന്നായിരുന്നു എയർപ്പോർട്ട് ഉദ്യോഗസ്ഥന്റെ പ്രതികരണം. ഡൽഹി വിമാനത്താവളത്തിൽ വച്ച് 2011 ലുണ്ടായ സംഭവത്തെക്കുറിച്ച് ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് വെട്രിമാരൻ പറഞ്ഞത്. 

കാനഡയിലെ മോന്‍റ്റീല്‍ ചലചിത്ര മേളയിലെ ആടുകളം പ്രദർശനം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. ഹിന്ദിയിൽ സംസാരിച്ച ഉദ്യോഗസ്ഥനോട് ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോൾ രാജ്യത്തിന്റെ മാതൃഭാഷ അറിയാതിരിക്കുന്നത് എങ്ങനെ എന്നായി ഉദ്യോഗസ്ഥന്റെ ചോദ്യം. തന്റെ മാതൃഭാഷ തമിഴ് ആണെന്നും മറ്റുള്ളവരുമായി സംവദിക്കേണ്ടി വരുമ്പോൾ ഇംഗ്ലീഷ് ആണ് ഉപയോഗിക്കാറുള്ളതെന്നുമുള്ള വെട്രിമാരന്റെ മറുപടിയാണ് അയാളെ പ്രകോപിപ്പിച്ചത്. 

നിങ്ങൾ തമിഴന്മാരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നതെന്നാണ് എന്റെ മറുപടി കേട്ട ഉദ്യോ​ഗസ്ഥൻ ദേഷ്യപ്പെട്ടത്. എന്റെ മാതൃഭാഷ സംസാരിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ എങ്ങനെ തകർക്കും? എന്റെ മാതൃഭാഷ രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ തടസ്സമാകും- എന്നാണ് വെട്രിമാരൻ ചോദിക്കുന്നത്. ദേശീയ അവാർഡ് നേടിയിട്ടുള്ള വ്യക്തിയാണ് വെട്രിമാരനെന്ന് നിർമ്മാതാവ് കതിരേശനും സംഗീത സംവിധായകൻ ജി വി പ്രകാശും ഉദ്യോഗസ്ഥനെ അറിയിച്ചിട്ടും മുക്കാൽ മണിക്കൂറിലേറെ സമയം വിമാനത്താവളത്തിൽ കാത്ത് നിൽക്കേണ്ടി വന്നുവെന്നും വെട്രിമാരൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സമാന അനുഭവം പങ്കുവെച്ച് ഡി.എം.കെ ലോക്സഭ എം.പി കനിമൊഴി രം​ഗത്തെത്തിയിരുന്നു. ഹിന്ദി അറിയില്ലെന്ന് പറഞ്ഞ് ചെന്നെെ വിമാനത്താവളത്തിൽ വച്ചാണ് കനിമൊഴിക്ക് ദുരനുഭവമുണ്ടായത്.