പരിശോധനയ്ക്കെടുത്ത മൂത്രത്തിൽ വെള്ളം ചേർത്ത് രാ​ഗിണി ദ്വിവേദി; കയ്യോടെ പിടിച്ച് ഡോക്ടർമാർ

ആശുപത്രിയിലെ ഡോക്ടർമാർ താരത്തിന്റെ മായം ചേർക്കൽ കയ്യോടെ പിടികൂടി അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിച്ചു
പരിശോധനയ്ക്കെടുത്ത മൂത്രത്തിൽ വെള്ളം ചേർത്ത് രാ​ഗിണി ദ്വിവേദി; കയ്യോടെ പിടിച്ച് ഡോക്ടർമാർ

ബാം​ഗളൂർ; ബാം​ഗളൂർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി രാ​ഗിണി ദ്വിവേദി മൂത്ര സാമ്പിളിൽ ചേർത്തതായി റിപ്പോർട്ടുകൾ. മയക്കമരുന്ന് ഉപയോ​ഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്കായി നൽകിയ മൂത്രത്തിലാണ് നടി വെള്ളം ചേർത്തത്. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാർ താരത്തിന്റെ മായം ചേർക്കൽ കയ്യോടെ പിടികൂടി അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിച്ചു. 

വ്യാഴാഴ്ചയാണ് മല്ലേശ്വരത്തെ കെ.സി ജനറൽ ആശുപത്രിയിൽ പരിശോധന നടത്തുന്നതിനായി രാ​ഗിണിയെ കൊണ്ടുപോയത്. കഴിഞ്ഞ ദിവസങ്ങളില്‍ താരം മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് മൂത്രം പരിശോധിക്കുന്നത്. മൂത്രത്തില്‍ വെള്ളം ചേര്‍ത്തതായി കണ്ടെത്തിയതോടെ വീണ്ടും സാമ്പിള്‍ നല്‍കാന്‍ താരത്തോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പരിശോധനയ്ക്ക് നല്‍കിയതെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് താരത്തിന്റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി. 

മയക്കമരുന്ന് കേസിൽ ആദ്യമായി അറസ്റ്റിലാവുന്ന പ്രമുഖ നടിയാണ് രാ​ഗിണി ദ്വിവേദി. കൂടാതെ നിക്കി ​ഗൽറാണിയുടെ സഹോദരി സഞ്ജന ​ഗൽറാണിയും അറസ്റ്റിലായിട്ടുണ്ട്. ഇവരും അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. സഞ്ജന രക്തപരിശോധനയ്ക്ക് സമ്മതിക്കാതിരുന്നത് അന്വേഷണ ഉദ്യോ​ഗസ്ഥരെ സമ്മർദ്ദത്തിലാക്കിയിരുന്നു. താൻ നിരപരാധിയാണെന്നും തന്നെ എന്തിനാണ് ബലിയാടാക്കുന്നത് എന്നുമായിരുന്നു താരത്തിന്റെ ചോദ്യം. കൂടാതെ പൊലീസിൽ വിശ്വാസമില്ലെന്നും പരിശോധനയ്ക്ക് സമ്മതം നൽകാതിരിക്കാനുള്ള ഭരണഘടന അവകാശം തനിക്കുണ്ടെന്നും വ്യക്തമാക്കി. സഞ്ജന പോലീസുകാരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് അവർ പിന്നീട് അനുമതി നൽകിയത്. ശാസ്ത്രീയതെളിവെടുപ്പിന്റെ ഭാഗമായാണ് പരിശോധനയെന്ന് പോലീസ് ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തി. 

രാ​ഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് സിനിമാലോകത്തേക്ക് അന്വേഷണം നീളുന്നത്. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സിസിബി പറഞ്ഞു. രാഗിണിക്ക് മയക്കു മരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടില്‍ പാര്‍ട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com