വടക്കന്‍ വീരഗാഥ പുതിയ സാങ്കേതിക വിദ്യയില്‍ വീണ്ടും തിയറ്ററിലേക്ക്?

ചന്ദനരൂപ സുഗന്ധം, ഇന്ദുലേഖ കണ്‍തുറന്നു എന്നീ ഗാനമാണ് ദൃശ്യമികവോടെ പുറത്തുവന്നത്
വടക്കന്‍ വീരഗാഥ പുതിയ സാങ്കേതിക വിദ്യയില്‍ വീണ്ടും തിയറ്ററിലേക്ക്?

ലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ഒരു വടക്കന്‍ വീരഗാഥ. ഇന്നും ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം സിനിമപ്രേമികള്‍ ചര്‍ച്ചയാക്കാറുണ്ട്. റിലീസ് ചെയ്ത് 31 വര്ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ പുത്തന്‍ രൂപത്തില്‍ ചിത്രത്തെ വീണ്ടും പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്വാളിറ്റി ഉയര്‍ത്തിയ വടക്കന്‍ വീരഗാഥയാവും സിനിമ പ്രേമികളുടെ മുന്നിലെത്തുക. അതിന്റെ മുന്നോടിയായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങളാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ചന്ദനരൂപ സുഗന്ധം, ഇന്ദുലേഖ കണ്‍തുറന്നു എന്നീ ഗാനമാണ് ദൃശ്യമികവോടെ പുറത്തുവന്നത്. ഇതിനോടകം അഞ്ച് ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞു. 4കെ അള്‍ട്രാ എച്ച്ഡി ക്വാളിറ്റിയിലാണ് പുതിയ വിഡിയോകള്‍. വടക്കന്‍ വീരഗാഥ നിര്‍മിച്ച ശ്രീലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പിവി ഗംഗാധരന്റെ മൂന്ന് പെണ്‍മക്കളാണ് ഈ ഉദ്യമത്തിന് പിന്നില്‍. ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരുടെ നിര്‍മാണ കമ്പനിയായ എസ്‌ക്യൂബാണ് യൂട്യൂബിലൂടെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിഡിയോ തീയെറ്ററില്‍ റിലീസ് ചെയ്യിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ചിത്രത്തിന്റെ 8 കെ വേര്‍ഷനാവും പുറത്തിറക്കുക. കോവിഡ് പ്രതിസന്ധി മാറി ജീവിതം സാധാരണ നിലയിലാകുന്ന മുറയ്ക്ക് ഇതേക്കുറിച്ച് തീരുമാനിക്കുമെന്നാണ് ഇവര്‍ പറയുന്നത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ 1989 ലാണ് പുറത്തിറങ്ങിയത്. ദേശിയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ചിത്രത്തെ തേടിയെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com