'മറ്റുള്ളവരുടെ പാത്രവും കക്കൂസും കഴുകാൻ ഞാൻ ഇല്ല', ബി​ഗ് ബോസിൽ പങ്കെടുക്കില്ലെന്ന് ലക്ഷ്മി മേനോൻ; വിഡിയോ

അതിന് പിന്നാലെ എന്നാല്‍ നടിയുടെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു
'മറ്റുള്ളവരുടെ പാത്രവും കക്കൂസും കഴുകാൻ ഞാൻ ഇല്ല', ബി​ഗ് ബോസിൽ പങ്കെടുക്കില്ലെന്ന് ലക്ഷ്മി മേനോൻ; വിഡിയോ

മിഴ് ബി​ഗ് ബോസിലെ നാലാം സീസണിലേക്കുള്ള മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുകയാണ്. നടി ലക്ഷ്മി മേനോന്റെ പേരും ഷോയിലേക്ക് ഉയർന്നു കേട്ടിരുന്നു. ഇപ്പോൾ ഇതാ ബി​ഗ് ബോസിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. മറ്റുള്ളവരുടെ പാത്രവും ബാത്ത്റൂമും കഴുകാനും ക്യാമറയ്ക്ക് മുൻപിൽ തല്ലുപിടിക്കാനും താൻ ഇല്ലെന്നാണ് ലക്ഷ്മി കുറിച്ചത്. 

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് ഷോയിൽ പങ്കെടുക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയത്. 'ബിഗ് ബോസ് ഷോയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. ഇപ്പോഴും എല്ലോഴും മറ്റുള്ളവരുടെ പാത്രമോ ടോയ്‌ലറ്റോ ഞാന്‍ കഴുകാന്‍ പോകുന്നില്ല. ഒരു ഷോയുടെ പേരില്‍ കാമറയ്ക്ക് മുന്നില്‍ തല്ലുകൂടാനും എനിക്കാവില്ല. ഇനി ആരും ഈ വൃത്തികെട്ട ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് പറയില്ലെന്ന് പ്രതീക്ഷിക്കുന്നു.'- ലക്ഷ്മി കുറിച്ചു. 

അതിന് പിന്നാലെ എന്നാല്‍ നടിയുടെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി മോശമാക്കി കാണിച്ചു എന്നാരോപിച്ചായിരുന്നു ചീത്തവിളി. വിമർശന സന്ദേശങ്ങൾ കനത്തതോടെ രൂക്ഷഭാഷയിൽ പ്രതികരിച്ച് താരം രം​ഗത്തെത്തി. 

ഞാന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ല. ഈ ഷോ ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാൽ എനിക്ക് ഇഷ്ടമല്ല. അതിന് ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടില്‍ ഞാൻ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലെറ്റുമൊക്കെ, ഞാൻ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നിൽ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല.’ വിഡിയോയിലൂടെ താരം പറഞ്ഞു. 

തമിഴ് ബിഗ്‌ബോസിന്റെ നാലാം സീസണില്‍ ഫൈനലിലേക്ക് ലക്ഷ്മിയും തെരഞ്ഞെടുക്കപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. മലയാളിയായ ലക്ഷ്മി മേനോൻ തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയാവുന്നത്. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com