പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം പതിപ്പിൽ അവതാരകൻ നടൻ മോഹൻലാലാണ്. ബിഗ് ബോസിലെ വാരാന്ത്യ എപ്പിസോഡുകളിൽ മത്സരാർത്ഥികളെ കാണാന്‍ പതിവായി മോഹൻലാൽ എത്താറുണ്ട്. എന്നാൽ ഇക്കുറി വീക്കെൻഡ് എപ്പിസോഡിലെത്തിയ താരത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. മോഹൻലാലിന്റെ കൈയിൽ കണ്ടെത്തിയ പുതിയ ടാറ്റുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
ബറോസ് എന്നാണ് താരം തന്റെ കയ്യിലെ ടാറ്റുവിൽ എഴുതിയിരിക്കുന്നത്.ടാറ്റൂവിനെക്കുറിച്ച് ബിഗ്ബോസ് താരങ്ങൾ മോഹൻലാലിനോട് ചോദിച്ചപ്പോൾ മറുപടി ചിരിയിൽ അദ്ദേഹം ഒതുക്കി.
മോഹൻലാൽ സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. ആദ്യ ഷെഡ്യൂളിൽ മോഹൻലാൽ ഉൾപ്പെടാത്ത രംഗങ്ങളാണ് ഷൂട്ട് ചെയ്തത്.
സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ